കോട്ടയം: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ) കോട്ടയം സോണിന്റെ ആഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന പുഷ്പമേള നാളെ സമാപിക്കും. കുട്ടികളുടെ കിഡ്സ് ഫാഷൻ ഷോ, ചിത്രരചനാ മത്സരം, കരോൾ ഗാന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും പ്രചോദിത ചിത്രാംഗനയിലെ വനിതകളുടെ തത്സമയ ചിത്രരചനാ പ്രദർശനവും പുഷ്പമേളയോട് അനുബന്ധിച്ച് നടന്നു. കരോൾ സംഘങ്ങൾ അവതരിപ്പിച്ച കരോൾ ഗാനമത്സരത്തിൽ ഒന്നാം സ്ഥാനത്തിന് (20,000 രൂപ) കുറവിലങ്ങാട് ഹോളി ഫാമിലി ചർച്ച് ക്വയർ (ഗ്രൂപ്പ് അർഹരായി. രണ്ടാം സ്ഥാനം (10,000 രൂപ) മരിയൻ വോയ്സ് കുറവിലങ്ങാടും, മൂന്നാം സ്ഥാനം (5,000 രൂപ) അഞ്ചേരി (ക്രിസ്റ്റോസ് മാർത്തോമ യുവജന സഖ്യവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം 31ന് വൈകുന്നേരം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. കെ.ത്രി.എ കോട്ടയം സോൺ സെക്രട്ടറി വി.ജി ബിനു അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. ജോസഫ് സെബാസ്റ്റ്യൻ, ജോസഫ് ചാവറ, ഷിബു കെ.ഏബ്രഹാം, പി. ബി സജി തുടങ്ങിയവർ പങ്കെടുക്കും.