slji

പാലാ: നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് തൽസ്ഥാനം രാജിവച്ചു. സി.പി.എം. പ്രതിനിധിയാണ്. ഇടതുമുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി.

കേരളാ കോൺഗ്രസ് (എം) നാണ് അടുത്ത രണ്ട് വർഷം വൈസ് ചെയർപേഴ്‌സൺ സ്ഥാനം. മുൻ ചെയർപേഴ്‌സൺമാരായ ലീന സണ്ണി, ബിജി ജോജോ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്നത്. ആദ്യ ഊഴം ലീന സണ്ണിക്ക് ലഭിച്ചേക്കും. അവസാന വർഷം ബിജി ജോജോയ്ക്കും ലഭിക്കും.

സി.പി.എം. പ്രതിനിധിയാണെങ്കിലും നഗരസഭാ സി.പി.എം. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ബിനു പുളിക്കക്കണ്ടവുമായി കടുത്ത അഭിപ്രായ ഭിന്നത പുലർത്തിവരുന്ന സിജി പ്രസാദിന് ഭരണപക്ഷത്തുനിന്നുതന്നെ പല കാര്യങ്ങളിലും എതിർപ്പ് നേരിട്ടിരുന്നു. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ ഭരണപക്ഷ പ്രതിനിധിയായി സിജി പ്രസാദ് മാത്രമേയുള്ളൂ. ബാക്കിയെല്ലാവരും യു.ഡി.എഫ്. പ്രതിനിധികളാണ്.

പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കാൻ കഴിയാത്ത വൈസ് ചെയർപേഴ്‌സൺ എന്ന ചരിത്രവും സിജി പ്രസാദിനുണ്ട്. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലെ മറ്റ് അംഗങ്ങളുമായി സ്വരച്ചേർച്ച ഇല്ലാതായതും ഇക്കാര്യത്തിലുള്ള നിയമപരമായ അറിവില്ലായ്മയുമാണ് അന്ന് വിനയായത്. സിജി പ്രസാദ് കൊണ്ടുവന്ന ബജറ്റ് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ പോലും പാസാക്കാനായില്ല. ഇതോടെ പ്രശ്‌നം നിയമക്കുരുക്കിലായി. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗീകരിക്കാതെ വന്നതോടെ കഴിഞ്ഞ വർഷം ചെയർപേഴ്‌സൺ ജോസിൻ ബിനോയാണ് ബജറ്റ് അവതരിപ്പിച്ചത്.

സി.പി.എമ്മിൽ ഒരു വിഭാഗം സിജി പ്രസാദിനെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗം ശക്തമായ എതിർപ്പും ഉയർത്തുന്നുണ്ട്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തുനിന്നും മാറിയ സിജി പ്രസാദ് കൗൺസിലർ സ്ഥാനത്തിനൊപ്പം അംഗൻവാടി അദ്ധ്യാപികയായും പ്രവർത്തിക്കും. ഈ അംഗൻവാടി സി.പി.എം. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ വാർഡിലാണ് എന്നതും ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഉടനെയൊന്നും അവസാനിക്കില്ലെന്ന് വ്യക്തം.


ഫേട്ടോ
സിജി പ്രസാദ്‌