പാലാ: ജൽജീവൻ മിഷൻ, ജലനിധി പദ്ധതികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കും..
കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജലത്തിന്റെ പ്രാധാന്യവും അമൂല്യതയും വ്യക്തമാക്കുന്ന മൂന്നു മിനിറ്റിൽ കുറയാത്തതും പത്തു മിനിറ്റിൽ കവിയാത്തതുമായ വീഡിയോകളാണ് മൽസരത്തിൽ പരിഗണിക്കുന്നത്. എച്ച്.ഡി. ക്വാളിറ്റിയിൽ ശബ്ദവും വെളിച്ചവും കൃത്യമായ അനുപാതത്തിൽ മിശ്രണം ചെയ്ത വീഡിയോകൾ തയാറാക്കാൻ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും പങ്കാളികളാകാം. സ്‌കൂളിന്റെ പേര്, ജലശ്രീ ക്ലബിന്റെ പേര്, ഷോർട്ട് ഫിലിമിന്റെ അണിയറ ശില്പികളുടെ പേരുകൾ എന്നിവ വീഡിയോയുടെ ആമുഖത്തിൽ ചേർക്കണം. വിജയികൾക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം എന്ന ക്രമത്തിൽ ക്യാഷ് പ്രൈസും മെമന്റോയും സമ്മാനിക്കും. മത്സരത്തിന് സമർപ്പിക്കുന്ന ഗുണനിലവാരമുള്ള വീഡിയോകൾ ജലനിധിയുടെ യുട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ തങ്ങളുടെ വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്തശേഷം jctkymshortfilm@gmail.com എന്ന മെയിലിൽ ഷെയർ ചെയ്യണം. ജനുവരി 10 വരെ മൽസര എൻട്രികൾ സ്വീകരിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക. 828112038, 9961668240.