
കോട്ടയം: നവ കേരള സദസ് യാത്രയിലുടനീളം പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ച പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്സൺ, സംസ്ഥാന വനിതാ ചെയർപേഴ്സൺ ടി.എ തങ്കം, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, കൗൺസിലർമാരായ എം.പി സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, ഡോ.പി.ആർ സോന, സാബു മാത്യു, മോളികുട്ടി സെബാസ്റ്റ്യൻ, ജൂലിയസ് ചാക്കോ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ടി.പ്രകാശ്, സെക്രട്ടറിയായി സി.കാളിദാസ് എന്നിവരെ തിരഞ്ഞെടുത്തു.