
കോട്ടയം: കോട്ടയത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന കെ.ജി .ജയൻ (ജയവിജയ) തൊണ്ണൂറിന്റെ പടികൾ കയറിയതാണ് സാംസ്കാരിക കോട്ടയത്തെ പ്രധാന വിശേഷം.
കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തേണ്ടിയിരുന്ന ജയന്റെ 90-ാം പിറന്നാൾ കുടുംബാംഗങ്ങൾ മാത്രമായി നടത്തിയത് പോരായിരുന്നുവെന്നാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ച ആ സംഗീതജ്ഞന്റെ കഴിവ് അറിയാവുന്ന സംഗീതപ്രേമികൾ പറയുന്നത്.
നാഗമ്പടം മഹാദേവ ക്ഷേത്രം തന്ത്രിയായിരുന്ന ഗോപാലൻ ശാന്തിയുടെ ഇരട്ട മക്കളായ ജയന്റെയും വിജയന്റെയും സംഗീതവാസന മനസിലാക്കി പിതാവാണ് കുട്ടിക്കാലത്ത് സംഗീത ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ബാലമുരളി കൃഷ്ണയുടെയും വരെ ശിഷ്യരായി വളർന്നു. സിനിമാ ഗാന രംഗത്തും ഭക്തി ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിലും ശ്രദ്ധേയരായി. ഒറ്റ കമ്പി നാഥംപോലെ സംഗീത ലോകത്ത് വിരാജിച്ച ജയവിജയൻമാരിൽ വിജയൻ അന്തരിച്ചതിന്റെ ദുഃഖം ജയൻ മറന്നത് അയ്യപ്പഗാനങ്ങളിലൂടെയും തരംഗിണി കാസറ്റുകളിലൂടെയുമായിരുന്നു.
കോട്ടയത്ത് പല കോളേജുകളിലും ആധുനിക സംവിധാനങ്ങളോടെയുള്ള തീയറ്റർ തുറന്ന വർഷമായിരുന്നു. ഫിലിം സൊസൈറ്റികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി സംവിധായകൻ അരവിന്ദന്റെ നേതൃത്വത്തിൽ രൂപീകരിച്ച കോട്ടയം ഫിലിം സൊസൈറ്റിയായിരുന്നു. ദൃശ്യ ജനശക്തി, മാസ് തുടങ്ങി പല ഫിലിം സൊസൈറ്റികളും പിന്നീട് ജന്മമെടുത്തെങ്കിലും നില നിന്നില്ല. ആത്മ, ചിത്രദർശന ഫിലിം സൊസൈറ്റികൾക്ക് പുറമേ സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റി വീണ്ടും സജീവമായിട്ടുണ്ട്. കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുതിയൊരു ഫിലിം സൊസൈറ്റി കൂടി ജനുവരി ആദ്യം ആരംഭിക്കുകയാണ്. പബ്ലിക് ലൈബ്രറി ചിത്ര താര മിനി തീയറ്റർ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയാണ്. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ എട്ട് പ്രശസ്ത മലയാള സിനിമകളുടെ ഫെസ്റ്റിവലും നടക്കും. വനിതകൾക്കു മാത്രമായുള്ള മഴവില്ല് ഫിലിം സൊസൈറ്റിയും ചലച്ചിത്ര മേള ജനുവരി ആദ്യം നടത്തുന്നു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിലെ പ്രശസ്ത ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രാദേശിക ചലച്ചിത്രമേളയും വിരുന്നൊരുക്കുന്നതോടെ കോട്ടയത്ത് നിരവധി ചലച്ചിത്രമേളകൾക്ക് അരങ്ങ് ഉണരും. നല്ല ചിത്രങ്ങൾ കാണാൻ ചലച്ചിത്ര പ്രേമികൾക്കും അവസരം ഒരുങ്ങും.
അന്താരാഷ്ട്ര സമ്മേളനമായ ജി20 കുമരകത്ത് മികച്ച രീതിയിൽ നടത്തിയതിന് പിറകേ ഉത്തരവാദിത്വ ടൂറിസം രംഗത്ത് നിരവധി അംഗീകാരങ്ങളും കുമരകത്തെ തേടി വന്ന വർഷമായിരുന്നു.