വൈക്കം: മഹാദേവ ക്ഷേത്രത്തിലെ മാർഗഴികലശം നാളെ ആരംഭിക്കും. തന്ത്രിമാരായ ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ടി ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. പരശുരാമാനാൽ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളിൽ പ്രാധാന്യമേറിയ മാർഗഴികലശം മാർഗഴി മാസത്തിലാണ് നടത്തുക. തിരുവിതാംകൂർ മഹാരാജാവിന്റ ജന്മനക്ഷത്രം ആദിയിലോ അന്ത്യത്തിലോ വരത്തക്ക വിധമാണ് കലശം നടത്തിവരുന്നത്. മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ ബ്രഹ്മകലശവും വലിയ ചെമ്പ് അണ്ഡാവിൽ ജല ദ്രോണിയും പൂജിച്ച് നിത്യേന നൂറ്റിയൊന്ന് കലശം അഭിഷേകം ചെയ്ത് പത്തു ദിവസം കൊണ്ട് പൂർത്തിയാക്കുന്നതാണ് മാർഗഴി കലശം. തിരുവിതാംകൂർ മഹാരാജാവിന്റ കല്പനയാൽ നടത്തിതിയിരുന്നത് കൊണ്ട് കല്പിച്ചു കലശം എന്നും അറിയപ്പെടുന്നു. 10 നാണ് സമാപനം.സമാപന നാളിൽ രാവിലെയും വൈകിട്ടും ആന പുറത്തെഴുന്നള്ളിപ്പും ഉണ്ടാവും. മാർഗഴി കലശത്തോടനുബന്ധിച്ച് 11ന് രുദ്ര പൂജയും 12ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉദയാസ്തമനപൂജയും നടത്തും.