rice

കോട്ടയം: സംഭരിച്ച നെല്ലിന്റെ മുഴുവൻ വിലയും സമയബന്ധിതമായി കൊടുത്തു തീർക്കുമെന്ന് പറഞ്ഞെങ്കിലും ഇനിയും പണം ലഭിക്കാതെ കർഷകർ. തിരുവാർപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കർഷകർക്കാണ് പണം ലഭിക്കാത്തത്. മറ്റ് ബാങ്കുകളിൽ നിന്ന് പണം ലഭിക്കുന്നുണ്ടെങ്കിൽ എസ്.ബി.ഐയിൽ പി.ആർ.എസ് രസീത് സമർപ്പിക്കുന്നവർക്കാണ് പണം വൈകുന്നത്.

വിരിപ്പുകൃഷിയുടെ നെല്ല് സംഭരണം അന്തിമഘട്ടത്തിലേയ്ക്ക് എത്തുമ്പോഴാണ് നവംബറിൽ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്. സംഭരണം 80 ശതമാനം പൂർത്തിയായതായി ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ പറയുന്നു. 14886 ടൺ നെല്ലാണ് വിരിപ്പുകൃഷിയിൽ നിന്നു സംഭരിച്ചത്. 4978 കർഷകരിൽ നിന്നുമാണ് ഇത്രയും നെല്ല് സംഭരിച്ചത്. സംഭരിച്ചതിൽ 14183 ടണ്ണിന്റെ പേയ്‌മെന്റ് ഓർഡർ നൽകി. 4702 കർഷകർക്കായി 40.86 കോടി രൂപയുടെ ഓർഡറാണ് നൽകിയിരിക്കുന്നത്. കാലതാമസമില്ലാതെ തുക കർഷകർക്കു ലഭിക്കുന്നുണ്ടെന്നാണ് സപ്ലൈകോ അധികൃതർ അവകാശവാദമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.

കാലാവസ്ഥ ചതിച്ചു

കാലാവസ്ഥ വ്യതിയാനം വിളവിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. 20 ശതമാനത്തിന്റെ വരവ് വിലവ് കുറവുണ്ട്. കൊയ്ത്തും പതിവിലും വൈകി. വൈകി വിതച്ചതോ, ആദ്യ വിത മഴയിൽ നഷ്ടപ്പെട്ടതോ ആയ പാടശേഖരങ്ങളിലെ കൊയ്ത്താണ് അവശേഷിച്ചിരിക്കുന്നത്. കൊയ്ത്ത് പൂർത്തിയാക്കി പാടശേഖരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന നെല്ലും ഇനിയും മില്ലുകളിലേയ്ക്ക് എത്താനുണ്ട്. മഴ മാറി നിൽക്കുന്നതിനാൽ ഇപ്പോൾ കൊയ്ത്ത് സുഗമമായി നടക്കുന്നുണ്ട്. ഇത്തവണ സംഭരണ തുടക്കത്തിൽ, മില്ലുകളുടെ അപര്യാപ്തത തടസമായിരുന്നു. പലയിടങ്ങളിലും ഇതു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ, ഈർപ്പത്തിന്റെ പേരിൽ തിരുവാർപ്പിൽ ഉൾപ്പെടെ സംഭരണം വൈകുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. തുടർച്ചയായി പെയ്ത തുലാമഴയും കർഷകരെ തെല്ലൊന്നുമല്ല വലച്ചത്. എന്നാൽ, വലിയ തടസങ്ങൾ സംഭരണ രംഗത്തുണ്ടായില്ല.

'' കൊയ്ത്ത് കഴിഞ്ഞ് നവംബർ 30ന് പി.ആർ.എസ് എഴുതിയതാണ്. എന്നാൽ പണം ലഭിക്കുന്നില്ല. എസ്.ബി.ഐയുടെ കുറച്ചു പേർക്കേ പണം വന്നിട്ടുള്ളൂ. കഴിഞ്ഞ ദിവസം എ.ഡി.എമ്മിനെ കണ്ട് പരാതി പറഞ്ഞപ്പോൾ ഹെൽപ്പ് ലെസ് എന്നാണ് മറുപടി പറഞ്ഞത്''

എ.ജി.ചന്ദ്രൻ, കർഷകൻ,​ തിരുവാർപ്പ്