കുമരകം : വേനലാണ്.... പടിഞ്ഞാറൻ മേഖലയെ സംബന്ധിച്ച് ദുരിതകാലമെന്നും പറയാം. കുടിവെള്ളത്തിനായി അത്രയേറെ അലയുന്ന ദിനങ്ങൾ. വേനൽ തുടങ്ങുംമുമ്പേ കുമരകത്തെ ഉൾപ്പെടെ ശുദ്ധജലക്ഷാമം രൂക്ഷമാണ്.കുമരകത്തിന്റെ കിഴക്കൻ മേഖലകളിലാണ് പ്രതിസന്ധിയേറെ. 5, 7 വാർഡുകളിലെ മൂലയിൽ, പാറേക്കാട്, കാക്കരയം, പന്നിക്കോട്, മുപ്പതിൽ ഭാഗങ്ങളിലെ ജനങ്ങളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കാട്ടുത്തറ ടാങ്കിൽ നിന്നാണ് ഈ ഭാഗങ്ങളിൽ കുടിവെള്ളമെത്തുന്നത്. പൈപ്പ് തുറന്നാൽ നൂൽ വണ്ണത്തിലാണ് വെള്ളമെത്തുന്നത്. ഈ അവസ്ഥ തുടങ്ങിയിട്ട് രണ്ട് മാസക്കാലത്തോളമായി. വാട്ടർ അതോറിട്ടി മെയിന്റനൻസ് ജീവനക്കാർ എത്തി നന്നാക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. കോട്ടയം കുമരകം റോഡിൽ ചെങ്ങളം വായനശാല ഭാഗത്ത് പ്രധാന പമ്പിംഗ് ലൈൻ പൊട്ടി വെള്ളം ഒഴുകി പാഴായി പോകാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും വാട്ടർ അതോറിട്ടി, കെ എസ് ഇ ബി , പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തത് മൂലം പ്രതിസന്ധി തുടരുകയാണ്. വെള്ളൂപ്പറമ്പിൽ നിന്നും പമ്പ് ചെയ്ത് ചെങ്ങളം കുന്നുംപുറത്തെ ഓവർഹെഡ് ടാങ്കിൽ ശുദ്ധീകരിച്ച് കുമരകത്ത് സ്ഥാപിച്ച പത്ത് ലക്ഷം ലിറ്ററിന്റെ 2 ഓവർ ഹെഡ് ടാങ്കുകളിൽ സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിലുളള ലക്ഷകണക്കിന് ലിറ്റർ ജലമാണ് സർക്കാർ വകുപ്പുകളുടെ മത്സരം മൂലം ചെങ്ങളം ഭാഗത്ത് പൈപ്പ് പൊട്ടി പാഴാകുന്നത്.

ഈ വെള്ളം എങ്ങനെ ഉപയോഗിക്കും?

വിളവെടുപ്പു കഴിഞ്ഞ പാറേക്കാട്, കൊല്ലകേരി, ഇടവട്ടം എന്നീ പാടങ്ങളിൽ നിന്നും വൈക്കോൽ അഴുകിയ വെള്ളം തോട്ടിലേയ്ക്ക് പമ്പ് ചെയ്തു കളയുന്നതിനാൽ തോടുകളിലെ ജലം ഉപയോഗിക്കാൻ കഴിയില്ല. അടിയന്തിരമായി ശുദ്ധജല വിതരണത്തിലെ തകരാറുകൾ പരിഹരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.