
കോട്ടയം: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി വടവാതൂരും. പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ കൊച്ചിയിൽ പോകാൻ കഴിയാത്തവർക്കായി കോട്ടയംകാരുടെ പാപ്പാഞ്ഞിയും. വിജയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കോട്ടയം കാർണിവലിലാണ് 40 അടി ഉയരമുള്ള പാപ്പാഞ്ഞി മീനന്തറയാറിന്റെ തീരത്ത് പുതുവർഷത്തെ വരവേൽക്കാൻ ആകാശംമുട്ടെ ഉയർന്നുനിൽക്കുന്നത്.
മീനന്തറയാറിന്റെ തീരത്ത് വടവാതൂർ മോസ്കോ ബണ്ട് റോഡിൽ തണലോരത്തിലാണ് കാർണിവൽ മെഗാ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ആർട്ടിസ്റ്റ് ബിജു ആണ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. പഞ്ചായത്തിലെ ഒരു പറ്റം യുവാക്കളും പാപ്പാഞ്ഞി നിർമ്മാണത്തിന് പിന്നിലുണ്ട്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് വെൽഡ് ചെയ്താണ് നിർമ്മാണം. ഒന്നേകാൽ ലക്ഷത്തോളം രൂപ ചിലവഴിച്ചു. മുൻവർഷങ്ങളിൽ 20, 30 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് നിർമ്മിച്ചിരുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. പാപ്പാഞ്ഞിയെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഇവന്റിനോട് അനുബന്ധിച്ച് വൈകിട്ട് എട്ടിന് ഡി.ജെ, ഗാനമേള, കരിമരുന്ന് പ്രയോഗം എന്നിവയും ഉണ്ടാകും. പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും പ്രത്യേകം നിർമ്മിച്ച വേദിയിൽ അരങ്ങേറും. സായാഹ്ന വഴിയോര വിശ്രമകേന്ദ്രമായ തണലോരത്ത് കുടുംബശ്രീ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി നേതൃത്വം നൽകുന്നു.