
തൃക്കൊടിത്താനം: വീടിന് സമീപത്തിരുന്ന് കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. തൃക്കൊടിത്താനം മണികണ്ഠവയൽ വിഷ്ണു (19), മണികണ്ഠവയൽ പൂവത്തിങ്കൽ വിഷ്ണു (21), മണികണ്ഠവയൽ കാനുപറമ്പിൽ അൻസാജ് (21), മണികണ്ഠവയൽ പുതുപ്പറമ്പിൽ വിനീത് (21), മണികണ്ഠവയൽ കൊട്ടാരപ്പറമ്പ് സന്ദീപ് (25) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠവയൽ സാംസ്‌കാരിക നിലയം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ വീടിന് സമീപത്തെ പറമ്പിൽ ഇരുന്ന് ഇവർ കഞ്ചാവ് വലിച്ചിരുന്നത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വിരോധമാണ് ആക്രമണകാരണം. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ മൈസൂരിൽ നിന്നും പിടികൂടി. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, സി.പി.ഒമാരായ അരുൺ, അനീഷ്, സെൽവരാജ്, നിയാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരിൽ നാലു പേരെ കോടതി റിമാൻഡ് ചെയ്യുകയും, വിഷ്ണുവിനെ (19) ബോസ്റ്റൺ സ്‌കൂളിലേക്ക് അയക്കുകയും ചെയ്തു.