
കോട്ടയം: പുതുവർഷം പിറക്കുമ്പോൾ ജില്ലയുടെ വികസന സ്വപ്നങ്ങളും ആകാശത്തോളമുണ്ട്. ചെറുവള്ളിയിൽ വിമാനമുയരാനുള്ള സാഹചര്യം ഒരുങ്ങുന്നതിനൊപ്പം കൊച്ചി മെട്രോ വൈക്കത്തേയ്ക്ക് എത്തുമോയെന്നതും പ്രതീക്ഷകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ പുതുവർഷത്തിന്റെ തുടക്കം മുതലേ രാഷ്ട്രീയ പോരിന് ജില്ലവേദിയാകും. കോട്ടയം,പത്തനംതിട്ട, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങൾ ഉള്ളതിനാൽ രാഷ്ട്രീയ വാശിയേറുന്ന ദിനങ്ങളാകും പുതുവർഷത്തിൽ കടന്നുവരിക.
വിമാനത്താവളത്തിനായി സർവേ പൂർത്തിയാക്കി സ്ഥലമേറ്റെടുപ്പ് എന്ന പ്രധാന കടമ്പയിലേയ്ക്ക് കടക്കുന്ന വർഷമാകും ഇത്. സ്ഥലമേറ്റെടുപ്പ് ഈ വർഷം തന്നെ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വിമാനത്താവളവുമായി ബന്ധപ്പെട്ട ഓരോ ചുവടുകളും ജില്ലയുടെ സാമ്പത്തിക വളർച്ചയുടെ നിർണായക ഘട്ടങ്ങളായി മാറുമെന്ന് ഉറപ്പ്.
കൊച്ചി മെട്രോയുടെ കോട്ടയം കണ്ര്രകിവിറ്റിയും 2024ലും തുടരുന്ന മോഹമാണ്. ആലുവ പേട്ട പാതയിൽ കുതിച്ചു പായുന്ന മെട്രോ വൈക്കം വരെ എത്തിയാൽ, വളരുക കോട്ടയമാകും. ദിനേന രാവിലെയും സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകളിലും ട്രെയിനുകളിലും ദുരിത യാത്ര നടത്തുന്ന ആയിരങ്ങൾക്കു ഗുണകരമാകും പദ്ധതി. വർഷങ്ങളായി ഉയരുന്ന ആവശ്യത്തിന് പുതുവർഷത്തിൽ അധികൃതർ ചെവി കൊടുക്കുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്.
വിനോദ വികസനം
കൊച്ചിയിൽ വൻ വിജയമായ വാട്ടർ മെട്രോയ്ക്കും കോട്ടയത്തിന് അനന്തസാദ്ധ്യതയാണ്. പടിഞ്ഞാറൻ മേഖലയിലെ വിനോദ സഞ്ചാര മേഖലകളെ കോർത്തിണക്കിയുള്ള വാട്ടർ മെട്രോ സ്വപ്നം കാണുന്നവർ നിരവധി. ഉൾനാടൻ ജലഗതാഗത മേഖലയെ കോർത്തിണക്കിയുള്ള വിനോദ സഞ്ചാര പദ്ധതികളും പടിഞ്ഞാൻ നിവാസികൾ മോഹിക്കുന്നു. മന്ത്രി വി.എൻ. വാസവന് തുറമുഖ വകുപ്പ് ലഭിച്ചതോടെ ആ രീതിയിലുള്ള വികസന പദ്ധതികളും പുതുവർഷം പ്രതീക്ഷിക്കാം. കോട്ടയം പോർട്ടിന്റെ രൂപ, ഭാവങ്ങളിലും മാറ്റമുണ്ടായേക്കാം.
മറ്റ് പ്രതീക്ഷകൾ
മാർച്ചോടെ റെയിൽവേ സ്റ്റേഷന് രണ്ടാം കവാടം
ചെന്നൈ -കോട്ടയം വന്ദേഭാരത് സ്ഥിരപ്പെടും
കോട്ടയം നഗരസഭയിലെ 52 വാർഡുകളിൽ സിറ്റി ഗ്യാസ് പദ്ധതി
കുമരകം ഉൾപ്പെടെ നൈറ്റ് ലൈഫ് വന്നാൽ ടൂറിസം വികസനം
റബറിന്റെ താങ്ങുവില വർദ്ധനവ്, റബർ അധിഷ്ഠിത വ്യവസായ പാർക്ക്
സഹകരണ വകുപ്പിന്റെ കിടങ്ങൂരിലെ നെല്ലുസംഭരണ കേന്ദ്രം