
ചങ്ങനാശേരി: മന്നത്ത് പത്മനാഭന്റെ 147-ാം ജയന്തി ആഘോഷം ഇന്നും നാളെയും പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും.
ഇന്ന് രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനം. 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സൊസൈറ്റിയുടെ പ്രവർത്തനം വിശദീകരിക്കും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങൾ അവതരിപ്പിക്കും. സംഘടനാവിഭാഗം മേധാവി വി.വി.ശശിധരൻനായർ നന്ദി പറയും.
മൂന്നിന് ബാംഗ്ലൂർ ബ്രദേഴ്‌സിന്റെ സംഗീതസദസ്. വൈകിട്ട് 6.30ന് രചന നാരായണൻ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി ഒൻപതു മുതൽ കഥകളി.
നാളെ രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.30ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45ന് ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സാഹിത്യ അക്കാഡമി വിശിഷ്ടാംഗം സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വാഗതവും, ട്രഷറർ അഡ്വ. എൻ.വി.അയ്യപ്പൻപിള്ള നന്ദിയും പറയും.