
കോട്ടയം: പടക്കം പൊട്ടിച്ചും പാപ്പാഞ്ഞിയെ കത്തിച്ചും പാട്ടും മേളവുമൊക്കെയായി ജില്ലയിൽ പുതുവർഷം ആഘോഷിച്ചു. 1500 പൊലീസുകാരുടെ അകമ്പടിയിലായിരുന്നു സുരക്ഷ ഒരുക്കിയത്.
അവധി ദിനമായതിനാൽ ഇന്നലെ രാവിലെ മുതൽ ജില്ലയ്ക്ക് ആഘോഷമൂഡായിരുന്നു. ഹോട്ടലുകളിലും പടക്കകടകളിലും തുണിക്കടകളിലുമെല്ലാം തിരക്ക്. ഉച്ചയ്ക്ക് ശേഷം സാധനം സ്റ്റോക്ക് ചെയ്യാനുള്ളവരുടെ നീണ്ട നിരയായിരുന്നു ബിവറേജസ് ഷോപ്പുകളിൽ. ഉച്ചമുതൽ മദ്യശാലകളിലും തിരക്കായിരുന്നു.
പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും പുതുവർഷത്തെ സന്തോഷത്തോടെ വരവേറ്റു. അർദ്ധരാത്രി വടവാതൂർ ബണ്ടിൽ പാപ്പാഞ്ഞിയെ കത്തിച്ചു.
കുമരകം, ഇല്ലിക്കൽക്കല്ല്, വാഗണൺ തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷങ്ങളുണ്ടായിരുന്നു. റിസോർട്ടുകളും ടൂറിസം സംരഭകരും വിനോദ സഞ്ചാരികൾക്കായി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
ശക്തമായ സുരക്ഷ
ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിൽ മുക്കിലും മൂലയിലും പൊലീസ് റോന്ത് ചുറ്റി. ഇടവഴികളിലും പൊലീസ് ബൈക്കുകളിലുണ്ടായിരുന്നു. ഡിവൈ.എസ്.പിമാരുടെ കീഴിലായിരുന്നു പൊലീസിന്റെ സുരക്ഷാ സംവിധാനം.മഫ്തിയിലും പൊലീസുണ്ടായിരുന്നു. ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനകളുണ്ടായിരുന്നു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയതിനാൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി.