അയർക്കുന്നം: പൊടിയും കുഴിയും നിറഞ്ഞൊരു റോഡ്. അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ മെത്രാഞ്ചേരി റോഡിന്റെ നേർചിത്രം പിന്നെ വ്യക്തമാണ്. യാത്രക്കാരുടെ ദുരിതം എത്രയെന്ന് ആർക്കും ഊഹിക്കാം. അമയന്നൂർ കവല, അയർക്കുന്നം എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. പ്രമുഖ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രദാന പാതയാണ് തകർന്നുതരിപ്പണമായത്.
വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡാണിത്. റോഡിന്റെ പലഭാഗത്തും വലുതും ചെറുതുമായ കുഴികൾ രൂപപ്പെട്ടു. ടാറിംഗ് ഇളകി മണ്ണും ചരലും നിറഞ്ഞു. മഴയിൽ റോഡിൽ വെള്ളക്കെട്ടും ചെളിയും നിറയും. വേനൽക്കാലമായതിനാൽ, പൊടിശല്യം രൂക്ഷമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി ഉയരുന്നത് കാൽനടയാത്രക്കാർക്കും റോഡിനോട് ചേർന്ന സ്ഥിതി ചെയ്യുന്ന വീടുകൾക്കുമാണ് ദുരിതം സൃഷ്ടിക്കുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. വഴിവിളക്കുകൾ തെളിയാത്തതിനാൽ രാത്രികാലങ്ങളിൽ റോഡ് പരിചയമില്ലാതെ എത്തുന്നവർ അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു.
പലതും നാശത്തിന്റെ വക്കിൽ
പഞ്ചായത്തിലെ നിരവധി ഇടറോഡുകൾ നാശത്തിന്റെ വക്കിലാണ്. പല ഇടറോഡുകളിലും കല്ലും വലിയ ഉരുളൻ കല്ലുകളും നിറഞ്ഞ നിലയിലാണ്. റോഡിലെ കുഴികൾ അടച്ചും അറ്റകുറ്റപ്പണികൾ നടത്തിയും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.