വൈക്കം: കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കരുത്ത് നൽകി കറ പുരളാത്ത രാഷ്ട്രീയ ദൗത്യവും സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിച്ച സി.കെ വിശ്വനാഥന്റെ സേവനമഹത്വം പുതിയ തലമുറ പാഠവും പാഠശാലയുമാക്കണമെന്ന് സി.പി.ഐ നേതാവും മുൻ എം.പി യുമായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി നടത്തിയ സി.കെ വിശ്വനാഥൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കരുത്തുറ്റതാക്കാൻ സി.കെ വിശ്വനാഥൻ നടത്തിയ ത്യാഗോജ്ജലമായ സേവനദൗത്യം മറക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവ ഗായികയും സ്വാതന്ത്രസമരസേനാനിയും പാർട്ടി നേതാവുമായ മേദിനിക്ക് സി.കെ വിശ്വനാഥൻ അവാർഡ് സമ്മേളനത്തിൽ സമ്മാനിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.എൻ രമേശൻ, സംഗീതസംവിധായകൻ എം.ജയചന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ സെക്രട്ടറി ബിനോയ് വിശ്വം, സി.കെ ശശിധരൻ, സി.കെ ആശ എം.എൽ.എ, ആർ.സുശീലൻ, എം.ഡി ബാബുരാജ്, സാബു.പി.മണലോടി, പി.ജി തൃഗുണസെൻ, പി.സുഗതൻ, നന്ദു ജോസഫ്, ബി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.