കോട്ടയം: അക്ഷരമുറ്റം പൂക്കൾ കൊണ്ടലങ്കരിച്ച് പത്തു നാൾ നീണ്ടു നിന്ന കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ കോട്ടയം സോണിന്റെ കെ.ത്രി.എ 2023 കോട്ടയം ഫ്ലവർ ഷോ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കോട്ടയം നാഗമ്പടം മൈതാനത്തെ വെയിസ്റ്റ് മാനേജ്‌മെന്റ്, ഡ്രൈനേജ് സിസ്റ്റം, സെക്യൂരിറ്റി സംവിധാനം എന്നിവയിലെ പരിമിതികൾ നികത്തി നാഗമ്പടം മൈതാനത്തെ പോപ്പ് മൈതാനത്തിന്റെ വിശുദ്ധിയിൽ കൂടുതൽ മനോഹരമാക്കാൻ സംസ്ഥാന ഗവണ്മെന്റിന്റെ എല്ലാ പിന്തുണയും കോട്ടയം മുൻസിപ്പാലിറ്റിക്ക് ലഭ്യമാക്കാൻ പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.ത്രി.എ കോട്ടയം സോൺ സെക്രട്ടറി വി.ജി ബിനു അദ്ധ്യക്ഷതവഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കെ.ത്രി.എ സ്റ്റേറ്റ് ട്രഷറർ ലാൽജി വർഗീസ്, കെ.ത്രി.എ ചീഫ് പേട്രൻ ജോസഫ് ചാവറ, കെ.ത്രി.എ സ്റ്റേറ്റ് പ്രസിഡന്റ് ഷിബു കെ.എബ്രഹാം, കെ.ത്രി.എ ഫ്ലവർഷോ കൺവീനർ പി.ബി സജി തുടങ്ങിയവർ പങ്കെടുത്തു.
ജനപ്രിയ മേള
ചെടികളും തൈകളും ഉൾപ്പെടെ ലക്ഷക്കണക്കിന് പൂക്കൾ കൊണ്ടലങ്കരിച്ച പൂന്തോട്ടം ഏറെ ആകർഷകമായി. ഈർക്കിലിയിൽ നിർമ്മിച്ച ഭീമാകാരമായ രൂപങ്ങൾ, കൊത്തുപണികളാൽ അലംകൃതമായ വേരു ശിൽപ്പങ്ങൾ, പച്ചക്കറി കൊണ്ടുള്ള വലിയ രൂപങ്ങൾ എന്നിവയോടൊപ്പം 80ൽ അധികം വ്യാപാര സ്റ്റാളുകളും നാവിൽ കൊതിയൂറും വിഭവങ്ങളൊരുക്കി കുടുംബശ്രീയും പുഷ്പമേളയെ കൂടുതൽ ജനപ്രിയമാക്കി. കുട്ടികളുടെ കിഡ്‌സ് ഫാഷൻ ഷോ , ചിത്രരചനാ മത്സരം, കരോൾ ഗാന മത്സരം, വനിതകളുടെ തത്സമയ ചിത്ര രചനാപ്രദർശനവും നടന്നു.