
ഡിസംബർ 10 ലോകം മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും അന്തസ്, സ്വാതന്ത്ര്യം, നീതി എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത് മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് നെൽസൺ മണ്ടേലയും മനുഷ്യാവകാശങ്ങൾ സർക്കാർ നൽകുന്ന പ്രത്യേകാവകാശമല്ല അവ ഓരോ മനുഷ്യനും അവന്റെ മനുഷ്യത്വത്താൽ അവകാശപ്പെട്ടതാണെന്ന് മദർ തെരേസയും ഓർമ്മിപ്പിച്ചിട്ടുള്ളതാണ്.
1948ൽ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം അംഗീകരിച്ചതിന് ശേഷം മനുഷ്യാവകാശങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ചെയ്തു. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, അടിമത്തത്തിൽ നിന്നും പീഡനങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യം, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം, ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശം എന്നിവയാണ് പ്രധാന മനുഷ്യാവകാശങ്ങൾ.
1993 ഒക്ടോബർ 12നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) സ്ഥാപിതമായത്. മനുഷ്യാവകാശ സംരക്ഷണ നിയമം ഭേദഗതി ചെയ്ത 1993ലെ പ്രൊട്ടക്ഷൻ ഒഫ് ഹ്യൂമൻ റൈറ്റ്സ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.
ഭരണഘടന ഉറപ്പുനൽകുന്നതോ അന്താരാഷ്ട്ര ഉടമ്പടികളിൽ ഉൾക്കൊള്ളിച്ചതോ ഇന്ത്യയിലെ കോടതികൾ നടപ്പാക്കുന്നതോ ആയ വ്യക്തിയുടെ ജീവിതം,സ്വാതന്ത്ര്യം,സമത്വം, അന്തസ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളെയാണ് 'മനുഷ്യാവകാശങ്ങൾ' എന്നതിൽ നിർവചിക്കുന്നത്.
ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ സത്ത ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളിലുമായി ഇന്ത്യൻ ഭരണഘടന മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നു. 1946ലാണ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക മനുഷ്യാവകാശ കമ്മിഷൻ ആരംഭിക്കുന്നത്. എലീനോ റൂ സെൽറ്റ് അദ്ധ്യക്ഷയായ സമിതിയാണ് അംഗരാഷ്ട്രങ്ങളുടെയും പൊതുസഭയുടെയും അഭിപ്രായം പരിഗണിച്ച് മനുഷ്യാവകാശ പ്രഖ്യാപനത്തിന് രൂപം കൊടുത്തത്.
1948 ഡിസംബർ 10ന് ഐക്യരാഷ്ട്രസഭ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. ഈ ദിനം ലോകം മനുഷ്യാവകാശദിനമായി ആചരിക്കുന്നു.
ലോകത്തിലെ എല്ലാ മനുഷ്യർക്കും ജാതി, വർഗം, ഭാഷ, പൗരത്വം, വിശ്വാസം, സംസ്കാരം സ്ത്രീ -പുരുഷഭേദമന്യേ വിവേചനമില്ലാതെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാന രേഖയാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം.
ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ തുടക്കമായിട്ടാണല്ലോ മാഗ്നകാർട്ടയെ കാണുന്നത്. 1215ൽ ഒപ്പുവച്ച ഈ പൗരാവകാശ രേഖയാണ് ആധുനിക കാലത്തെ മനുഷ്യാവകാശ നിയമങ്ങളുടെ തുടക്കം. രാഷ്ട്രത്തിന്റെ നിയമപരമായ വിധി അല്ലാതെ സ്വാതന്ത്ര്യത്തിന് ഭംഗം വരുത്തിക്കൂടായെന്ന മാഗ്നാകാർട്ടയിലെ 39-ാം അനുച്ഛേദമാണ് യഥാർത്ഥത്തിൽ വ്യക്തിസ്വാതന്ത്ര്യം എന്ന ആശയത്തിലൂടെ ഇംഗ്ലീഷ് ജനതയും 1766ലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ അമേരിക്കയും ബോദ്ധ്യപ്പെടുത്തിയത്.
മനുഷ്യാവകാശ സംരക്ഷണം ഓരോ രാഷ്ട്രത്തിന്റെയും ചുമതലയാണെന്ന് ഇവ വ്യക്തമാക്കുന്നു.
സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവ മുദ്രാവാക്യവും 1789ൽ ഫ്രാൻസിലെ ജനപ്രതിനിധി സഭ പാസ്സാക്കിയ നിയമവും മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തിലേക്കുള്ള നാഴികക്കല്ലുകളായി. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, വസ്ത്രം, ഭക്ഷണം എന്നിവയോടു കൂടി ജീവിക്കാനുള്ള അവകാശം, വാർദ്ധക്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെ അവശതകളിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനു മുന്നിലുള്ള സംരക്ഷണം, കുറ്റവാളിയെന്ന് തെളിയിക്കുന്നതുവരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം തുടങ്ങിയ അവകാശം എല്ലാം മനുഷ്യാവകാശങ്ങളിലുണ്ട്. ഇതെല്ലാം സംരക്ഷിക്കാൻ രാഷ്ട്രങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ഇവ ലംഘിച്ചാൽ നിയമപരമായി തടയാനും സംരക്ഷണം ഉറപ്പാക്കാനുമാണ് നമ്മുടെ രാജ്യത്ത് മനുഷ്യാവകാശ കമ്മിഷനുകൾ.
വിവേചനങ്ങളും ചൂഷണങ്ങളും നീതിനിഷേധങ്ങളും ഇന്നും പൂർണമായി തുടച്ചു നീക്കാനായിട്ടില്ല. ഇന്റർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ നിലവിൽ വന്നതോടെ മാറ്റങ്ങൾ വന്നുതുടങ്ങി. മനുഷ്യന് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഏതാണ്ട് നിയമം മൂലം ഉറപ്പുവരുത്താനായിട്ടുണ്ട്.
സംരക്ഷിക്കാൻ മനുഷ്യർ ബാദ്ധ്യസ്ഥരാണ്
1966 ഡിസംബർ 16ന് യു.എൻ. അംഗീകരിച്ച രണ്ട് സുപ്രധാന ഉടമ്പടികൾ നിലവിൽ വന്നു. സിവിൽ രാഷ്ട്രീയ അവകാശ ഉടമ്പടിയും, അന്തർദേശീയ സാമ്പത്തിക സാമൂഹിക ഉടമ്പടിയും. കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾ എങ്ങനെ വളരുന്നു എന്നതനുസരിച്ചിരിക്കും ഓരോ രാഷ്ട്രത്തെയും പുരോഗതി എന്ന് വിവക്ഷിക്കുന്നു. 18 വയസ്സിനു താഴെയുള്ള മനുഷ്യ വംശത്തിലെ എല്ലാവരും കുട്ടി എന്ന നിർവചനത്തിൽ ഉൾപ്പെടുന്നു. സിവിൽ രാഷ്ട്രീയ അവകാശ ഉടമ്പടി (ഇന്റർനാഷണൽ കവനന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് - 1966). യു.എൻ അംഗീകരിച്ച ഈ ആദ്യ ഉടമ്പടിയിൽ ഓരോ പൗരനും ഉപാധിരഹിതമായ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നു. സ്വയം നിർണയാവകാശം, ചിന്ത, മനസ്സാക്ഷി, മതസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, നിയമത്തിനു മുന്നിൽ സമത്വവും തുല്യതയും തുടങ്ങി 20ൽപ്പരം അവകാശങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉടമ്പടി അംഗീകരിച്ച രാഷ്ട്രങ്ങൾ സിവിൽ രാഷ്ട്രീയ അധികാരങ്ങൾ എല്ലാ പൗരന്മാർക്കും നിരുപാധികം ഉറപ്പാക്കണം.
അന്തർദേശീയ മനുഷ്യാവകാശ കമ്മിറ്റി ഈ ഉടമ്പടിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്. മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത് തടയാനും അംഗരാഷ്ട്രങ്ങൾ നിബന്ധനകൾ പാലിക്കുന്നത് ഉറപ്പുവരുത്താനും മനുഷ്യാവകാശ കമ്മിറ്റി ഇടപെടുന്നു.
1993ൽ ഡൽഹി ആസ്ഥാനമായി തുടങ്ങിയ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷൻ ജസ്റ്റിസ് രംഗനാഥ മിശ്രയാണ്. കമ്മിഷന്റെ അദ്ധ്യക്ഷ സ്ഥാനത്തെത്തണമെങ്കിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ സമിതിയാണ് കമ്മിഷൻ. സ്ഥാനം എറ്റെടുക്കുന്നത് മുതൽ അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നതു വരെയോ തുടരാം. 2019ലെ ഭേദഗതി നിയമത്തിലൂടെ അത് മാറ്റി. സുപ്രീംകോടതിയിലെ ഏത് ജഡ്ജിക്കും പദവി അലങ്കരിക്കാം. കാലാവധി അഞ്ചുവർഷം എന്നത് മൂന്നുവർഷമായി ചുരുക്കുകയും ചെയ്തു. സുപ്രീംകോടതി മുൻ ജഡ്ജിയായ അരുൺകുമാർ മിശ്രയാണ് നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അധികാരങ്ങളോട്കൂടി സംസ്ഥാനങ്ങളിലും കമ്മിഷനുകൾ രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്.
1998 ഡിസംബർ 11ന് തിരുവനന്തപുരം ആസ്ഥാനമായി ആരംഭിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷൻ ജസ്റ്റിസ് പരീത് പിള്ളയാണ്. നിലവിൽ ജസ്റ്റിസ് ആന്റണി ഡൊമനികാണ് ചെയർപേഴ്സൺ. പൗരന് ഒരു രൂപ പോലും ചെലവില്ലാതെ അപേക്ഷ സമർപ്പിച്ചാൽ കമ്മിഷൻ നീതി ഉറപ്പാക്കും. ആയിരങ്ങൾ കമ്മിഷനിൽ എത്തി നീതി കൈവരിക്കുന്നു.
ഹ്യൂമൻ റൈറ്റ്സ് വാച്ച്
മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന, ദുരുപയോഗങ്ങൾ തടയുന്നതിനുള്ള നയങ്ങൾക്കുവേണ്ടി വാദിക്കുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ്. സോവിയറ്റ് യൂണിയന്റെ ഹെൽസിങ്കി ഉടമ്പടികൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി 1978ൽ ഹെൽസിങ്കി വാച്ച് എന്ന പേരിൽ സ്ഥാപിതമായ ഗ്രൂപ്പ് പിന്നീട് വികസിച്ചു.
മനുഷ്യാവകാശ സംരക്ഷണ നിയമത്തിലൂടെ എല്ലാ ജീവിതങ്ങളും ഭൂമിയിൽ എക്കാലവും സുരഭില വസന്തങ്ങൾ പൊഴിക്കട്ടെ എന്ന് പ്രത്യാശിക്കാം.
(സെക്രട്ടേറിയറ്റ് നിയമ വകുപ്പിലെ സെക്ഷൻ ഓഫീസറാണ് ലേഖകൻ)