
മനസ് നിർഭയമാക്കി, ശിരസുയർത്തി, ജ്ഞാനം സ്വതന്ത്രമാക്കി, ലോകം സങ്കുചിതമായ മതിലുകളാൽ വിഭജിക്കപ്പെടാതെ, സത്യത്തിൽ വാക്ക് ഉറപ്പിച്ച്, അക്ഷീണമായ യത്നം പൂർണതയിലേക്ക് ചിറകു വിടർത്തി, എന്നും വികസ്വരമാകുന്ന ചിന്തയുടെയും കർമ്മത്തിന്റെയും പാതയിലൂടെ മനസിനെ നയിച്ച്, സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് പിതാവേ, എന്റെ രാജ്യം ഉണരേണമേ....
രബീന്ദ്രനാഥ ടാഗോർ, ഗീതാഞ്ജലി
വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിദ്യാഭ്യാസ, കലാപഠന ഗവേഷണ കേന്ദ്രമാണ് വിശ്വഭാരതി സർവകലാശാല. 1130 ഏക്കറിൽ പരന്നു കിടക്കുന്ന തപോവനതുല്യമായ ഉന്നത പഠന കേന്ദ്രം. വിശ്വഭാരതി സർവകലാശാലയുടെ ദർശനം തന്നെയാണ് സാഹിത്യ നോബൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഗീതാഞ്ജലിയിൽ ടാഗോർ പ്രാർത്ഥനാരൂപത്തിൽ കുറിച്ചിട്ട മേൽപറഞ്ഞ വരികൾ.
യത്ര വിശ്വം ഭവതി ഏക നീഡം (ലോകം ഒരു കിളിക്കൂടായി ഭവിക്കട്ടെ ) എന്നാണ് വിശ്വഭാരതിക്ക് ടാഗോർ നൽകിയ മുദ്രാവചനം. ഭാരതത്തിൽ വിശ്വസമന്വയം എന്ന അർത്ഥത്തിൽ വിശ്വഭാരതി എന്ന പേരും.
ടാഗോറിന്റെ പിതാവ് മഹർഷി ദേബേന്ദ്രനാഥ ടാഗോർ 1867-ൽ ബംഗാളിലെ ബിർഭും ജില്ലയിലെ ഭുബന്ദഗ എന്ന സ്ഥലം വാങ്ങി അവിടെ നിർമ്മിച്ച വസതിയുടെ പേരാണ് ശാന്തിനികേതൻ. അതൊരു ആശ്രമമായി വികസിച്ചു. അതാണ് ഇന്നത്തെ ശാന്തിനികേതൻ.
അവിടെ 1921ഡിസംബർ 23-നാണ് രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സ്ഥാപിച്ചത്. അതിനായി സ്വന്തം ബംഗ്ലാവും കുറേ ഭൂമിയും സംഭാവന നൽകി. സ്വാതന്ത്ര്യാനന്തരം 1951-ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര സർവകലാശാലയുടെ പദവി നൽകി. ഇപ്പോൾ ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യൻ പ്രധാനമന്ത്രിയാണ് ചാൻസലർ. ആദ്യ വൈസ്ചാൻസലർ രബീന്ദ്രനാഥ ടാഗോർ. ഒരു നൂറ്റാണ്ടിന്റെ മഹാപൈതൃകം പേറുന്ന വിശ്വഭാരതി ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമാണ്.
ഇന്നും പ്രവർത്തിക്കുന്ന ലോകത്തെ ഏക പൈതൃക സർവകലാശാല. ഹെറിറ്റേജ് പദവി ലഭിക്കുന്ന ഇന്ത്യയിലെ 41-ാമത്തെ കേന്ദ്രം; ബംഗാളിലെ മൂന്നാമത്തേതും. ഡാർജിലിങ് ഹിമാലയൻ റെയിൽവേയും സുന്ദർബൻ ദേശീയോദ്യാനവുമാണ് മറ്റു രണ്ടെണ്ണം.
പൈതൃകത്തിന്റെ
വിശുദ്ധഗേഹം
ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളിൽ അധിഷ്ഠിതമായി ആധുനിക വിദ്യാഭ്യാസം പ്രകൃതിയുടെ മടിത്തട്ടിൽ പകർന്ന് നൽകുകയാണ് വിശ്വഭാരതി. ക്ലാസ് മുറികൾക്കു പുറത്ത് വൃക്ഷങ്ങളുടെ തണലിലാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്. അതിവിശാലമായ കാമ്പസിൽ സമൃദ്ധമായ സസ്യ, പക്ഷിജാലങ്ങൾക്കിടയിൽ ഇളവെയിലും ഇളംകാറ്റുമേറ്റ് വിദ്യാർത്ഥികളും അദ്ധ്യാപകരും... കല, സാഹിത്യം, സംഗീതം, ശാസ്ത്രം, തത്വചിന്ത എന്നിവയിൽ മികവു പുലർത്തുന്ന ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് വിശ്വഭാരതി.
നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങൾ. അവയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുത്. കാമ്പസിലെവിടെയും ആധുനിക ഇന്ത്യൻ കലയുടെ മുദ്ര പേറുന്ന അവരുടെ സൃഷ്ടികളായ ശില്പങ്ങൾ. ധിഷണാശാലികളായിരുന്ന ടാഗോർ പരമ്പരയുടെ കൈയൊപ്പാണ് ശാന്തിനികേതൻ. ഓരോ അണുവിലും കാലം ചാർത്തിയ മഹാപൈതൃകത്തിന്റെ പ്രൗഢമുദ്രകൾ. കാമ്പസിലെ ഓരോ മന്ദിരത്തിനും സവിശേഷതകൾ ഏറെയാണ്. ദേബേന്ദ്രനാഥ ടോഗോർ നിർമ്മിച്ച ശാന്തിനികേതൻ ആശ്രമ സമുച്ചയവും ഉപാസനാ ഗൃഹവുമാണ് ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങൾ. ഇവയെല്ലാം ഇപ്പോൾ സംരക്ഷിത പൈതൃക മന്ദിരങ്ങളാണ്.
ബ്ലാക്ക് ഹൗസ്,
കാലോ ബാരി
ശാന്തിനികേതനിലെ കലാവിദ്യാലയമായ കലാഭവൻ കാമ്പസിലെ ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ. നിർമ്മാണം 1936-ൽ. കാലോബാരി എന്ന് ബംഗാളിയിൽ അറിയപ്പെടുന്ന ബ്ലാക് ഹൗസ്. മണ്ണും താറും കുഴച്ചാണ് നിർമ്മാണം. മൊത്തം കറുപ്പ് ചായം. ശാന്തിനികേതനിലൂടെ വിഖ്യാതരായ നന്ദലാൽ ബോസ്, രാംകിങ്കർ ബൈജ്, കെ. ജി. സുബ്രഹ്മണ്യൻ, സുരേന്ദ്രനാഥ് കർ തുടങ്ങിയ കലാകാരന്മാരുടെ രൂപകൽപന.
കെട്ടിടത്തിന്റെ ചുവരുകൾക്കും തൂണുകൾക്കും അലങ്കാരമായി മോഹൻജദാരോ രൂപങ്ങളും ക്ലാസിക്കൽ, ഫോക്ക് കലാരൂപങ്ങളും. പൗരാണിക ചുവർ ശില്പങ്ങളുടെ പതിപ്പുകളാണ് ഏറെയും. നർത്തകരുടയും സംഗീതജ്ഞരുടെയും രൂപങ്ങളുണ്ട്. കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരത്തിലുള്ള ശിവ - പാർവതീ വിവാഹത്തിന്റെ ചുവർ ചിത്രവും ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ, അസീറിയൻ, പല്ലവ കലാരൂപങ്ങളുടെ പതിപ്പുകളുമുണ്ട്. കലാഭവനയിലെ വിദ്യാർത്ഥികൾ വർഷങ്ങളെടുത്താണ് ഇവ പൂർത്തിയാക്കിയത്.
1919-ൽ കലാഭവനയുടെ ഭാഗമായി തുടക്കം. സംഗീത, നൃത്ത, നാടക പഠന കേന്ദ്രം. 1933-ൽ സ്വതന്ത്ര സ്ഥാപനമായി. സുകുമാര കലകൾക്കൊപ്പം സംഗീതത്തിനും വലിയ പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ടാഗോർ വിഭാവനം ചെയ്തത്. രബീന്ദ്ര സംഗീതം എന്ന സംഗീതശാഖ തന്നെ ഉരുത്തിരിഞ്ഞു. ഇന്ത്യയിലെ എല്ലാ നൃത്ത, സംഗീത ശാഖകളും ഒരു കൂരയ്ക്കു കീഴിൽ. ബിരുദാനന്തര തലം വരെയുള്ള കോഴ്സുകൾ പഠിപ്പിക്കുന്നു; ഗവേഷണവും.
കാഞ്ച് മന്ദിർ എന്ന
ഉപാസനാ ഗൃഹം
ശാന്തിനികേതനിലെ ഏറ്റവും മനോഹരമായ കെട്ടിങ്ങളിലൊന്ന്. ദേബേന്ദ്രനാഥ ടാഗോർ 1863-ൽ നിർമ്മിച്ചത് പ്രാർത്ഥനാ മന്ദിരമാണ്. മന്ദിർ എന്ന് വിളിപ്പേര്. വിവിധ നിറങ്ങളിലുള്ള ബെൽജിയൻ ഗ്ലാസ് കൊണ്ടാണ് നിർമ്മാണം. കാഞ്ച് മന്ദിർ എന്ന് ബംഗാളിയിൽ (കാഞ്ച് എന്നാൽ ഗ്ലാസ് ). എല്ലാ ബുധനാഴ്ചയും പ്രാർത്ഥന. ദിവസവും സന്ധ്യയ്ക്ക് മെഴുതിരികൾ നിരയായി തെളിക്കുമ്പോൾ മന്ദിരം ദീപപ്രഭയിൽ മുങ്ങും. രണ്ടാം ലോക മഹായുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോൾ ടാഗോർ ശാന്തിനികേതനിലെ തന്റെ അവസാന പ്രഭാഷണം (ക്രൈസിസ് ഇൻ സിവിലിസേഷൻ) നടത്തിയത് ഇവിടെയാണ്.
ടാഗോറിന്റെ
ശ്യാമാലി
മഡ് ഹൗസ്. ടാഗോർ കുറേക്കാലം താമസിച്ച മന്ദിരം. ഗാന്ധിജി ശാന്തിനികേതനിൽ എത്തുമ്പോഴെല്ലാം ശ്യാമാലിയിലാണ് താമസിച്ചത്. ചുവരുകളിൽ റിലീഫ് ആർട്ട്വർക്ക്.
ശാന്തിനികേതൻ
ബാരി
ദേബേന്ദ്ര നാഥ ടാഗോർ ഭുപന്ദംഗ ഭൂമി വാങ്ങി ആദ്യം നിർമ്മിച്ച വീട്. അദ്ദേഹവും കുടുംബവും താമസിച്ചത് ഇവിടെ.
ചരിത്രം കിളിർത്ത
ഛാട്ടിം താല
ശാന്തിനികേതനിന്റെ ചരിത്രം തുടങ്ങുന്ന വിശുദ്ധ സ്ഥലം. ഒരു യാത്രയ്ക്കിടെ ഇവിടെ ഛാട്ടിം വൃക്ഷത്തിന്റെ തണലിൽ ധ്യാനത്തിൽ മുഴുകിയപ്പോഴാണ് ദേബേന്ദ്രനാഥ ടാഗോറിന്റെ മനസിൽ ശാന്തിനികേതനം എന്ന ആശ്രമം ഒരാശയമായി ഉദിച്ചത്. പിന്നീട് ഈ സ്ഥലം വാങ്ങി വീടുവച്ചു. ഛാട്ടി വൃക്ഷച്ചുവട്ടിൽ ദിവസവും ധ്യാനിച്ചു. അന്നത്തെ വൃക്ഷം ഉണങ്ങിപ്പോയി.വിശ്വഭാരതി സർവകലാശാലയുടെ വാർഷിക ബിരുദ ദാനച്ചടങ്ങ് ഇവിടെയാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിനൊപ്പം ഛാട്ടിം വൃക്ഷത്തിന്റെ ഏഴിലകളുള്ള ചില്ലയും സമ്മാനിക്കും. ഇപ്പോൾ സംരക്ഷിത പൈതൃക കേന്ദ്രം.
ഉത്തരായൺ
സമുച്ചയം
ശാന്തിനികേതനിൽ ടാഗോർ താമസിച്ചിരുന്ന പല വീടുകളിലൊന്ന്. ഉദയൻ, കൊണാർക്ക, ശ്യാമാലി, ഉദിച്ചി എന്നീ മന്ദിരങ്ങളിലെല്ലാം ടാഗോർ താമസിക്കുമായിരുന്നു. ഇവയെല്ലാം പൈതൃക മന്ദിരങ്ങളാണ്. മനോഹരമായ ഉദ്യാനം. രാംകിങ്കർ ബൈജിന്റെ ശിൽപ്പങ്ങൾ.
ടാഗോർ
ആശ്രമം
1863-ൽ ദേബേന്ദ്രനാഥ ടാഗോർ സ്ഥാപിച്ചത്. 1901-ൽ രബീന്ദ്രനാഥ ടാഗോർ ഇവിടം ഗുരുകുല വിദ്യാഭ്യാസം നൽകുന്ന ഓപ്പൺ എയർ സ്കൂൾ ആക്കി മാറ്റി. ഇപ്പോൾ ടാഗോർ മ്യൂസിയം. ടാഗോറിന്റെ കൃതികളും അവർഡുകളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്.
രബീന്ദ്ര ഭവൻ
മ്യൂസിയം
1961-ൽ നിർമ്മിച്ചത്. ടാഗോറിന്റെ കൃതികളുടെ കൈയെഴുത്തു പ്രതികളും കത്തുകളും രേഖകളും പെയിന്റിംഗുകളും സർട്ടിഫിക്കറ്റുകളും ഫോട്ടോകളും സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നോബൽ പുരസ്കാര മെഡലും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. 2004-ൽ മെഡൽ മോഷണം പോയി. ഒരു ബംഗ്ലാദേശിയും രണ്ട് യൂറോപ്യന്മാരുമാണ് മോഷണത്തിനു പിന്നിലെന്ന് കണ്ടെത്തിയെങ്കിലും മെഡൽ തിരിച്ചു കിട്ടിയില്ല. 2009-ൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. നഷ്ടപ്പെട്ട മെഡലിനു പകരം സ്വർണത്തിലും വെള്ളിയിലുമുള്ള രണ്ട് പതിപ്പുകൾ സ്വീഡിഷ് അക്കാഡമി വിശ്വഭാരതിക്കു നൽകി.
ഗാന്ധിജിയുടെ
ഗുരുദേവ്
ഗാന്ധിജിയെ ആദ്യം മഹാത്മാവ് എന്നു വിളിച്ചത് ടാഗോറാണ്. ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും സംബോധന ചെയ്തു. 1919 ഏപ്രിലിൽ ഗാന്ധിജി ശാന്തിനികേതനിൽ എത്തിയപ്പോഴായിരുന്നു അത്. 1915 ഫെബ്രുവരി 17നാണ് ഗാന്ധിജി ആദ്യം എത്തിയത്. അപ്പോൾ ടാഗോർ സ്ഥലത്തില്ലായിരുന്നു. ടാഗോറിനെ കാണാതെ അഞ്ചു ദിവസത്തിന് ശേഷം ഗാന്ധിജി മടങ്ങി. പരസ്പരം ആദരവ് പുലർത്തിയ മഹാപുരുഷന്മാരായിരുന്നു ഗാന്ധിജിയും ടാഗോറും.
പല വിഷയങ്ങളിലും കടുത്ത അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും. എട്ടു തവണ ഗാന്ധിജി ശാന്തിനികേതനിൽ ടാഗോറിനെ സന്ദർശിച്ചു. രണ്ടു തവണ കസ്തൂർബാ ഗാന്ധിയോടൊപ്പം. 1940-ൽ ടാഗോർ തന്റെ ആരോഗ്യനില മോശമായിരുന്നപ്പോൾ ഗാന്ധിജിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഗാന്ധിജി എത്തുകയും ചെയ്തു.
രണ്ടാമത്ത സന്ദർശനത്തിൽ ശാന്തിനികേതനിലെ ജോലിക്കാരെ ഒഴിവാക്കി അടുക്കള വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും ഗാന്ധിജി വിദ്യാർത്ഥികളെ കൂട്ടുപിടിച്ചു. ഒരാഴ്ച അവിടെ താമസിച്ചു.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനങ്ങളാണ് ടാഗോറിനെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. ടാഗോറിന്റെ സുഹൃത്തായ സി.എഫ് ആൻഡ്രൂസിൽ നിന്നാണ് ഗാന്ധിജിയെപ്പറ്റി അറിയുന്നത്. 1941-ൽ ടാഗോറിന്റെ മരണം വരെ തുടർന്ന ആത്മബന്ധമായി അതു വളർന്നു. ഇക്കാലത്ത് കത്തുകളിലൂടെ ഇരുവരും ആഴമുള്ള സംവാദങ്ങൾ നടത്തിയിരുന്നു.
ടാഗോറിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഗാന്ധിജി നിശിതമായി വിമർശിച്ചിരുന്നു. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെയും ചർക്കയ്ക്കു നൽകുന്ന അമിത പ്രധാന്യത്തെയും ടാഗോറും വിമർശിച്ചിരുന്നു.
നിരവധി കാര്യങ്ങളിൽ ശക്തമായ ഭിന്നതകളുണ്ടിരുന്നെങ്കിലും പുറംലോകത്ത് ഗാന്ധിജിയെ ഇന്ത്യയുടെ ആദ്ധ്യാത്മിക ദീപമായാണ് ടാഗോർ അവതരിപ്പിച്ചത്. ചൈനീസ് പട്ടാള ഭരണാധികാരിയായിരുന്ന ചിയാങ് കൈഷെക്കിന് എഴുതിയ ഒരു കത്തിൽ ബുദ്ധനും ക്രിസ്തുവും ഗാന്ധിജിയിൽ സമന്വയിക്കുന്നു എന്നാണ് ടാഗോർ എഴുതിയത്.