
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാന അദ്ധ്യായങ്ങളിലൊന്നാണ് പി.കെ.സി എന്ന് അറിയപ്പെടുന്ന പി.കെ ചന്ദ്രാനന്ദന്റെ സമര ജീവിതം. കേരളത്തെ മാറ്റിമറിച്ച നിരവധി ചരിത്ര സന്ദർഭങ്ങളുടെ സാക്ഷി. പ്രസ്ഥാനത്തെ സമരഭരിതമാക്കിയ, സമൂഹത്തിന്റെ രാഷ്ട്രീയ പരിണാമത്തിനു വേണ്ടി പൊരുതിയ, ജനതയുടെ മൗലികാവകാശങ്ങൾക്കു വേണ്ടി മുദ്രാവാക്യം മുഴക്കിയ സന്നദ്ധ കമ്മ്യൂണിസ്റ്റ്- അതായിരുന്നു പി.കെ.സി.
പുന്നപ്ര വയലാറിന്റെ സമരമുഖത്തു നിന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതം ആധുനിക കേരളത്തിന്റെ നിർമ്മിതിയിലൂടെയാണ് കടന്നുപോയത്. കൃത്യമായ രാഷ്ട്രീയ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും ജീവിത ലാളിത്യവും സമഭാവനയും സാഹോദര്യ കരുതലും ജീവിതത്തിലുടനീളം സൂക്ഷിച്ചിരുന്നു, പി.കെ. ചന്ദ്രാനന്ദൻ. പക്ഷേ ആ വലിയ രാഷ്ട്രീയ ജീവിതത്തിന്റെ പല അദ്ധ്യായങ്ങളും ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ആ സമര സന്ദർഭങ്ങളിൽ പലതും നമ്മൾ വായിച്ചെടുത്തിട്ടില്ല.
കേരളത്തിന്റെ രാഷ്ട്രീയചരിത്രം അത് ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള ശ്രമമാണ് പി.കെ.സിയുടെ മകളായ ഉഷ വെൺപാല, സമരപഥങ്ങളിലെ ചന്ദ്രകാന്തം എന്ന രചനയിലൂടെ നടത്തുന്നത്.
ആ പ്രക്ഷോഭ ജീവിതത്തിലേക്കുള്ള നിരവധി ജാലകങ്ങളാണ് ഈ പുസ്തകം തുറന്നിടുന്നത്. പി.കെ. സി എന്ന സഖാവിന്റെ നിരവധി ജീവിത സന്ദർഭങ്ങൾ പുന:സൃഷ്ടിക്കുന്നതാണ് ഒന്നാം ഭാഗം. സഹയാത്രികരുടെയും സഖാക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മകളാണ് അടുത്ത ഭാഗം. ഈ രണ്ടു ഭാഗങ്ങൾ ചേർത്തുവയ്ക്കുമ്പോൾ പതിറ്റാണ്ടുകളുടെ ദീർഘ സമര ജീവിതം ദൃശ്യപഥങ്ങളായി മുന്നിൽ തെളിയും. ഒരു വ്യക്തിയുടെ ജീവിതത്തിനപ്പുറം സങ്കീർണ്ണവും സമരഭരിതവുമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം ആവിഷ്കരിക്കുന്നത്.
ഇരുപത്തിരണ്ടാം വയസ്സിലാണ് പി.കെ.ചന്ദ്രാനന്ദൻ പുന്നപ്ര സമരത്തിൽ പങ്കാളിയാവുന്നത്. ഒരു ജനതയുടെ വിമോചനത്തിനു വേണ്ടിയുളള സ്വയം സമർപ്പണമായിരുന്നു അത്. ത്യാഗനിർഭരമായ ജീവിതത്തിന്റെ തുടക്കമായിരുന്നു ആ സമരം. ആ സമരതീഷ്ണത അവസാനം വരെ സൂക്ഷിച്ചു. ഉഷ വെൺപാല എഴുതുന്നു: വയലാർ- പുന്നപ്ര രക്തസാക്ഷികളുമായി അനിർവചനീയവും വിശദീകരിക്കാനാവാത്ത വിധം വൈകാരികവുമായ ഒരു അടുപ്പം എന്നും അച്ഛന് ഉണ്ടായിരുന്നു. ആകസ്മികമോ അതോ കാലം കാത്തുവച്ച അത്ഭുതമോ ആയി, നിയതി അച്ഛന്റെ അന്ത്യ നാളുകൾ പുന്നപ്രയിൽത്തന്നെയാക്കി. ഇരുപത്തിരണ്ടാം വയസ്സിൽ പുന്നപ്ര സമരത്തിൽ സർ സി.പിയുടെ പട്ടാളത്തോട് ഏറ്റുമുട്ടിയ അതേ ഭൂമികയിൽ, കേരള സംസ്ഥാന പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ ഏറ്റുവാങ്ങി ഒരു പിടി ചാരമായി മാറിയ പി.കെ.സി എന്ന കർമ്മധീരൻ!
സഹയാത്രികരുമായും സഖാക്കളുമായുമുള്ള ബന്ധങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പി കെ.സിയുടെ ജീവിത ചിത്രങ്ങൾ ഉഷ വരയ്ക്കുന്നത്. വിവിധ കാലത്തെ ചിത്രങ്ങൾ ചേർത്തുവയ്ക്കുമ്പോഴാണ് ആ വ്യക്തിത്വം നമ്മൾ കണ്ടെത്തുന്നത്. അത് എ.കെ.ജിയിൽ തുടങ്ങുന്നു. അടിയന്തരാവസ്ഥയിൽ പി.കെ.സിയെ അറസ്റ്റ് ചെയ്ത സന്ദർഭം ഉഷ ഓർക്കുന്നു: 'അടിയന്തരാവസ്ഥയിൽ അച്ഛനെ അറസ്റ്റ് ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ എ.കെ.ജി മാമനും സുശീല അമ്മായിയും എത്തി.
അടുത്തേക്കു വിളിച്ചപ്പോൾ വിഷാദവും അമ്പരപ്പുമായി നിന്ന എനിക്ക് അടുത്തേക്കു ചെല്ലാൻ നാണം തോന്നിയത് എന്റെ വസ്ത്രം പെറ്റിക്കോട്ട് ആയിരുന്നതുകൊണ്ട്. അമ്മായി എഴുന്നേറ്റുവന്ന് എന്നെ ചേർത്തുപിടിച്ച് എ.കെ.ജി മാമന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. 'നീ കരഞ്ഞോ?" ഇല്ലെന്ന് എന്റെ മറുപടി. എന്തുകൊണ്ട് എന്ന ചോദ്യത്തിന്, അച്ഛൻ പറഞ്ഞിരുന്നു, കരയരുതെന്ന എന്റെ ഉത്തരത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ എ.കെ.ജി മാമൻ എന്നെ ചേർത്തുപിടിച്ചത് എന്റെ എക്കാലത്തെയും ഹൃദയാർദ്ര സ്മരണയാണ്."ഇത്തരം നിരവധി സന്ദർഭങ്ങൾ ഈ പുസ്തകത്തിലുണ്ട്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.എ. ബേബി തുടങ്ങി നിരവധി പേരുടെ സ്മരണകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പിണറായി വിജയൻ എഴുതുന്നു: ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയായിരിക്കണം എന്നതിന്റെ ദൃഷ്ടാന്തമാണ് പി.കെ.സി എന്ന് ഒറ്റ വാചകത്തിൽ പറയാം. പി.കെ.സിക്കു സമാനനായി പി.കെ.സി മാത്രമേ ഉണ്ടായിരുന്നുള്ളൂ!
ദീർഘകാലം സഹയാത്രികനായിരുന്ന എസ്. രാമചന്ദ്രൻ പിള്ള ഇങ്ങനെയാണ് ഓർത്തത്- പാർട്ടി താല്പര്യങ്ങൾക്ക് ഉപരി വ്യക്തിപരമായ ഒരു താൽപര്യവും പി.കെ.സിക്ക് ഉണ്ടായിരുന്നില്ല. നിർബന്ധബുദ്ധിയോടെ പാർട്ടി അച്ചടക്കം പാലിച്ചു. അച്ചടക്ക ലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി.
പുസ്തകം വായിച്ചു തീരുമ്പോൾ പി.കെ.സിയെക്കുറിച്ച് ഇനിയും അറിയാൻ ഏറെയുണ്ടല്ലോ എന്നു തോന്നും. കാലത്തിൽ മുദ്രിതമായ സമരസഖാവിന്റെ ജീവിതം മകൾ തന്നെ കണ്ടെത്തുന്നു എന്ന സവിശേഷതയും ഈ പുസ്തകത്തിനുണ്ട്. രാഷ്ട്രീയ ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു ചരിത്രരേഖ കൂടിയാണ് ഇത്.