
സമൂഹത്തിന്റെയും വികസനത്തിന്റെയും എല്ലാ തലങ്ങളിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുമെന്ന് രാജ്യം ഒരിക്കൽക്കൂടി പ്രതിജ്ഞ ചെയ്യുന്ന ദിവസമാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനു വേണ്ടിക്കൂടിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് ഡിസംബർ മൂന്ന് എല്ലാ രാജ്യങ്ങളും ഭിന്നശേഷി ദിനമായി ആചരിക്കുന്നത്.
ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് നാല്പത്തിയഞ്ചു വർഷങ്ങൾക്കിപ്പുറമാണ് രാജ്യത്താദ്യമായി ഭിന്നശേഷിക്കാരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി ഒരു നിയമ നിർമ്മാണം നടന്നത്- ദ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റ്- 1995. ഈ നിയമം പ്രാബല്യത്തിൽ വന്നത് 1996 ഫെബ്രുവരി ഏഴിനായിരുന്നു. പക്ഷേ, 2013ൽ സുപ്രീംകോടതിയിലെ നാഷണൽ ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് കേസിലെ വിധിന്യായം വരെ അത്തരമൊരു നിയമത്തിന്റെ സാന്നിദ്ധ്യം പോലും ആരും അറിഞ്ഞിരുന്നില്ല! എന്നാൽ ഈ കേസിൽ, അന്നത്തെ ഭിന്നശേഷി നിയമത്തിലെ ഉദ്യോഗ സംവരണം സംബന്ധിച്ച ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടും അത് കാര്യമായ ഒരു ചലനവും ഈ രംഗത്ത് സൃഷ്ടിച്ചില്ല!
ഭിന്നശേഷി
നിയമം
ഇതിനിടെ 1995ലെ ഭിന്നശേഷി അവകാശ നിയമം തന്നെ റദ്ദാവുകയും ഇപ്പോഴത്തെ, റൈറ്റ്സ് ഒഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റ്- 2016 എന്നൊരു പുതിയ നിയമത്തിന് നാന്ദി കുറിക്കുകയും ചെയ്തു. 95ലെ നിയമത്തിന്റെ പരിരക്ഷ ഏഴ് ഭിന്നശേഷി വിഭാഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ നിയമ പ്രകാരം 21 വിഭാഗം ഭിന്നശേഷിക്കാരാണ് നിയമ പരിരക്ഷയ്ക്ക് അർഹരായിട്ടുള്ളത്.
2016ലെ ഭിന്നശേഷി അവകാശ നിയമം ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം ഒരു അവകാശാധിഷ്ഠിത നിയമമാണെന്ന് മനസ്സിലാക്കാനാവും. ഇത്തരത്തിൽ, നിയമത്തിന്റെ പിൻബലമുള്ള ഭിന്നശേഷി വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴാണ് അവ സംരക്ഷിച്ചു കിട്ടുന്നതിനായി അവർ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിനെ സമീപിക്കേണ്ടത്. സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ ഇടപെടൽ കാരണം സംസ്ഥാനത്തെ ഭിന്നശേഷി മേഖല കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്.
ഭിന്നശേഷി
സൗഹൃദം
നിലവിലുള്ള എല്ലാ സർക്കാർ ബഹുനില മന്ദിരങ്ങളും സമയബന്ധിതമായി ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് നടന്നു വരികയാണ്. പുതുതായി നിർമ്മിക്കുന്ന എല്ലാ സർക്കാർ ബഹുനില കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമായി മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ കർശനമായി നടപ്പാക്കി വരുന്നു. പൊതുജനങ്ങൾക്ക് പ്രാപ്യതയുള്ള എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി അത്തരം എല്ലാ സ്ഥാപനങ്ങളിലും ഭിന്നശേഷി ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംസ്ഥാനത്ത് സജ്ജമാക്കി വരികയാണ്.
സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻകാല പ്രാബല്യത്തോടെ നിയമന കാര്യങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കി വരികയാണ്. ഈ മേഖലയിൽ ഇത്തരമൊരു ജോലി സംവരണം നടപ്പാക്കുക വഴി വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ഭിന്നശേഷിക്കാർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ തെളിഞ്ഞു വരുന്നുണ്ട്. സർക്കാർ വകുപ്പുകളിൽ നാല് ശതമാനം ഭിന്നശേഷി ജോലി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിക്കൊണ്ട് ഇതിനകം സർക്കാർ ഉത്തരവായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും ഭിന്നശേഷി സംവരണം ഒരു കർശന നിയമ വ്യവസ്ഥയാണ്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും സേവനം ലഭിക്കുന്ന കാര്യത്തിൽ ഭിന്നശേഷിക്കാർക്ക് പൊതുവായുള്ള ക്യൂവിൽ കാത്തുനിൽക്കേണ്ടതില്ലെന്നും ഇപ്പോൾ സർക്കാർ നിർദ്ദേശമുണ്ട്.
വിദ്യാഭ്യാസ
അവകാശം
വിവിധ കോഴ്സുകളുടെ പൊതു പരീക്ഷകളിൽ ഭിന്നശേഷി അവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലുള്ള പരീക്ഷാ ആനുകൂല്യങ്ങളായ അധിക സമയം, സ്ക്രൈബിന്റെ സഹായം എന്നിവയ്ക്കു പുറമേ, ഗ്രേസ് മാർക്ക്, പരീക്ഷാ കേന്ദ്രങ്ങളും പരിസരവും ഭിന്നശേഷി സൗഹൃദമാക്കൽ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഒരുക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, വിവിധ യൂണിവേഴ്സിറ്റി അധികൃതർ എന്നിവർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന കുട്ടികളുടെ കാര്യത്തിൽ ബോർഡർ ലൈൻ ഇന്റലിജൻസ് വിഭാഗത്തിനും പരീക്ഷാ ആനുകൂല്യങ്ങൾ നൽകണമെന്ന നിർദ്ദേശം ഇപ്പോൾ സംസ്ഥാനത്ത് നിലവിലുണ്ട്.
പാർപ്പിട
അവകാശം
കേരളത്തിലെ ലൈഫ് - ഭവന നിർമ്മാണ പദ്ധതി ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പാർപ്പിട പദ്ധതികളിലും ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം സംവരണം സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ പ്രത്യേക ശുപാർശയനുസരിച്ച് നടപ്പാക്കി സർക്കാർ ഉത്തരവായിട്ടുണ്ട്. സർക്കാർ സർവീസിലുള്ളവർ അപകടങ്ങൾ മൂലമോ അസുഖങ്ങൾ മൂലമോ ശയ്യാവലംബികളായി മാറുകയാണെങ്കിൽ അവർക്ക് വിരമിക്കൽ തീയതി വരെയോ, ജീവിതാവസാനം വരെയോ (ഇവയിൽ ഏതാണ് ആദ്യമെന്നുവച്ചാൽ അതുവരെ) സർവീസിൽ തുടരാനും, പൂർണ്ണമായ ശമ്പളവും, പ്രൊമോഷൻ, ഇൻക്രിമെന്റ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനുമുള്ള സർക്കാർ ഉത്തരവും നിലവിലുണ്ട്.
ഈ വസ്തുതകളെല്ലാം പരിഗണിക്കുമ്പോൾ കേരളം, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ ഭിന്നശേഷി സൗഹൃദമായിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാകും. ഭിന്നശേഷി അവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്കോ, ഭിന്നശേഷി അവകാശ ലംഘനം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന ഭിന്നശേഷി വ്യക്തികൾക്കോ അവരുടെ രക്ഷകർത്താകൾക്കോ ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിൽ നേരിട്ടോ ഓൺലൈൻ ആയോ തപാൽ സംവിധാനത്തിലോ പരാതികൾ സമർപ്പിക്കാൻ കഴിയും. കമ്മിഷണറേറ്റിൽ ഇത്തരം കേസുകൾ പരിഗണിക്കുന്നതും, പരിഹാരങ്ങൾ സാദ്ധ്യക്കുന്നതും ഓൺലൈൻ രീതിയിലായതിനാൽ വിദേശത്തു നിന്നു പോലും ഇത്തരം ഓൺലൈൻ മീറ്റിംഗിൽ പരാതികൾ വസ്തുനിഷ്ഠമായി ബോദ്ധ്യപ്പെടുത്തി പരിഹാരം തേടാനാവുന്ന ഒരു സംവിധാനമായി മാറിയിട്ടുണ്ട്.
നിയമ പരിരക്ഷയുള്ള
ഭിന്നശേഷി വിഭാഗങ്ങൾ
1. ചലനവൈകല്യം
2. മസ്കുലാർ ഡിസ്ട്രോഫി
3. മൾട്ടിപ്പിൾ സ്ക്ലീറോസീസ്
4. ഹ്രസ്വകായത്വം
5. അന്ധത
6. ഗുരുതരമായ കാഴ്ചക്കുറവ്
7. പഠനവൈകല്യം
8. സംസാര, ഭാഷാ വൈകല്യം
9. ബുദ്ധിപരമായ വെല്ലുവിളി
10. മാനസിക രോഗം
11. ഓട്ടിസം
12. കേൾവി ഇല്ലായ്മ
13. കുഷ്ഠ രോഗ വിമുക്തം
14. ഹീമോഫീലിയ
15. താലസീമിയ
16. അരിവാൾ രോഗം
17. സെറിബ്രൽ പാൾസി
18. ഹാർഡ് ഒഫ് ഹിയറിംഗ്
19. ബഹു വൈകല്യങ്ങൾ
20. ആസിഡ് ആക്രമണത്തിനു വിധേയമായവർ
21. പാർക്കിൻസൺസ് രോഗം