k

ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം

സമൂ​ഹ​ത്തിന്റെയും വിക​സ​ന​ത്തിന്റെയും എല്ലാ തല​ങ്ങ​ളിലും ഭിന്ന​ശേ​ഷി​ക്കാ​രുടെ അവ​കാ​ശ​ങ്ങളും ക്ഷേമവും ഉറപ്പാക്കുമെന്ന് രാജ്യം ഒരിക്കൽക്കൂടി പ്രതിജ്ഞ ചെയ്യുന്ന ദിവസമാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനം. രാഷ്ട്രീയ, സാമൂ​ഹിക, സാമ്പ​ത്തിക, സാംസ്‌കാ​രിക ജീവി​ത​ത്തിന്റെ എല്ലാ മേഖ​ല​ക​ളിലും ഭിന്ന​ശേഷിക്കാരുടെ ജീവി​താ​വ​സ്ഥ​യെ​ക്കു​റിച്ച് അവ​ബോധം വളർത്തു​ന്ന​തിനു വേണ്ടിക്കൂടിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് ഡിസംബർ മൂന്ന് എല്ലാ രാജ്യങ്ങളും ഭിന്നശേഷി ദിനമായി ആചരിക്കുന്നത്.

ഇന്ത്യൻ ഭര​ണ​ഘ​ടന നില​വിൽവന്ന് നാല്പത്തിയഞ്ചു വർഷങ്ങൾക്കിപ്പുറമാണ് രാജ്യത്താദ്യമായി ഭിന്ന​ശേ​ഷി​ക്കാ​രുടെ ക്ഷേമവും ഉന്ന​മ​നവും ലക്ഷ്യമാക്കി ഒരു നിയമ നിർമ്മാണം നട​ന്ന​ത്- ദ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റ്- 1995. ഈ നിയമം പ്രാബല്യത്തിൽ വന്നത് 1996 ഫെബ്രു​വരി ഏഴിനായിരുന്നു. പക്ഷേ, 2013ൽ സുപ്രീംകോടതിയിലെ നാഷ​ണൽ ഫെഡ​റേ​ഷൻ ഒഫ് ദി ബ്ലൈൻഡ് കേസിലെ വിധിന്യായം വരെ അത്ത​ര​മൊരു നിയ​മ​ത്തിന്റെ സാന്നി​ദ്ധ്യം പോലും ആരും അറി​ഞ്ഞി​രു​ന്നില്ല! എന്നാൽ ഈ കേസിൽ, അന്നത്തെ ഭിന്ന​ശേഷി നിയ​മ​ത്തിലെ ഉദ്യോഗ സംവരണം സംബ​ന്ധിച്ച ആനു​കൂ​ല്യങ്ങൾ സമ​യ​ബ​ന്ധി​ത​മായി നൽകണമെന്ന് സുപ്രീംകോടതി വിധി പുറ​പ്പെ​ടു​വി​ച്ചിട്ടും അത് കാര്യമായ ഒരു ചലനവും ഈ രംഗത്ത് സൃഷ്ടി​ച്ചില്ല!

ഭിന്നശേഷി

നിയമം

ഇതി​നി​ടെ 1995ലെ ഭിന്നശേഷി അവ​കാശ നിയമം തന്നെ റദ്ദാ​വു​കയും ഇപ്പോ​ഴത്തെ, റൈറ്റ്സ് ഒഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റ്- 2016 എന്നൊരു പുതിയ നിയ​മ​ത്തിന് നാന്ദി കുറിക്കുകയും ചെയ്തു. 95ലെ നിയ​മ​ത്തിന്റെ പരി​രക്ഷ ഏഴ് ഭിന്ന​ശേഷി വിഭാ​ഗ​ങ്ങൾക്കായി പരി​മി​ത​പ്പെ​ടു​ത്തി​യി​രുന്നുവെങ്കിൽ ഇപ്പോ​ഴത്തെ നിയമ പ്രകാരം 21 വിഭാഗം ഭിന്ന​ശേ​ഷി​ക്കാ​രാണ് നിയമ പരിരക്ഷയ്ക്ക് അർഹ​രാ​യി​ട്ടു​ള്ള​ത്.


2016ലെ ഭിന്ന​ശേഷി അവ​കാശ നിയമം ഭിന്ന​ശേ​ഷി​ക്കാരെ സംബ​ന്ധി​ച്ചി​ട​ത്തോളം ഒരു അവ​കാശാധി​ഷ്ഠിത നിയ​മ​മാ​ണെന്ന് മനസ്സി​ലാ​ക്കാനാവും. ഇത്തരത്തിൽ, നിയ​മ​ത്തിന്റെ പിൻബ​ല​മുള്ള ഭിന്ന​ശേഷി വ്യ​ക്തി​ക​ളുടെ അ​വ​കാ​ശ​ങ്ങൾ ലംഘി​ക്ക​പ്പെ​ടു​മ്പോ​ഴാണ് അവ സംരക്ഷിച്ചു കിട്ടു​ന്ന​തി​നായി അവർ സംസ്ഥാന ഭിന്ന​ശേഷി കമ്മീ​ഷ​ണ​റേ​റ്റിനെ സമീ​പി​ക്കേ​ണ്ട​ത്. സംസ്ഥാന ഭിന്ന​ശേഷി കമ്മിഷ​ണ​റേ​റ്റിന്റെ ഇട​പെ​ടൽ കാരണം സംസ്ഥാ​നത്തെ ഭിന്ന​ശേഷി മേഖല കൈവ​രിച്ച നേട്ട​ങ്ങൾ നിരവധിയാണ്.

ഭിന്നശേഷി

സൗഹൃദം

നില​വി​ലുള്ള എല്ലാ സർക്കാർ ബഹുനില മന്ദിര​ങ്ങളും സമയബന്ധിതമായി ഭിന്നശേഷി സൗഹൃ​ദ​മാ​ക്കു​ന്ന​തി​നുള്ള നട​പ​ടി​കൾ സംസ്ഥാ​നത്ത് നടന്നു വരി​ക​യാ​ണ്. പുതു​തായി നിർമ്മി​ക്കുന്ന എല്ലാ സർക്കാർ ബഹുനില കെട്ടി​ട​ങ്ങളും ഭിന്ന​ശേഷി സൗഹൃ​ദ​മായി മാത്രമേ നിർമ്മി​ക്കാൻ പാടുള്ളൂ എന്ന വ്യ​വസ്ഥ കർശ​ന​മായി നട​പ്പാക്കി വരു​ന്നു. പൊതുജന​ങ്ങൾക്ക് പ്രാപ്യത​യുള്ള എല്ലാ കെട്ടി​ട​ങ്ങളും ഭിന്ന​ശേഷി സൗഹൃ​ദ​മാ​യി​രി​ക്കണമെന്നാണ് പുതിയ വ്യവസ്ഥ. കല്യാണ മണ്ഡ​പ​ങ്ങൾ, കൺവെൻഷൻ സെന്റ​റു​കൾ, ആശു​പ​ത്രി​കൾ, ബസ് സ്റ്റേഷ​നു​ക​ൾ, റെയിൽവേ സ്റ്റേഷ​നു​കൾ തുടങ്ങി അത്തരം എല്ലാ സ്ഥാപ​ന​ങ്ങ​ളിലും ഭിന്ന​ശേഷി ശുചി​മുറി ഉൾപ്പെ​ടെ​യുള്ള സൗകര്യങ്ങൾ സംസ്ഥാ​നത്ത് സജ്ജമാക്കി വരിക​യാ​ണ്.


സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപ​ന​ങ്ങ​ളിൽ മുൻകാല പ്രാബ​ല്യ​ത്തോടെ നിയ​മന കാര്യ​ങ്ങ​ളിൽ ഭിന്ന​ശേഷി സംവ​രണം നട​പ്പാക്കി വരി​ക​യാ​ണ്. ഈ മേഖ​ല​യിൽ ഇത്ത​ര​മൊരു ജോലി സംവ​രണം നട​പ്പാ​ക്കുക വഴി വിവിധ വിഭാ​ഗ​ങ്ങ​ളിൽപ്പെ​ടുന്ന ഭിന്ന​ശേ​ഷി​ക്കാർക്ക് കൂടു​തൽ തൊഴിൽ സാദ്ധ്യ​ത​കൾ തെളിഞ്ഞു വരു​ന്നു​ണ്ട്. സർക്കാർ വകു​പ്പു​ക​ളിൽ നാല് ശതമാനം ഭിന്ന​ശേഷി ജോലി സംവ​രണം മുൻകാല പ്രാബ​ല്യ​ത്തോടെ നട​പ്പാ​ക്കി​ക്കൊണ്ട് ഇതി​നകം സർക്കാർ ഉത്ത​ര​വാ​യി​ട്ടു​ണ്ട്. പൊതുമേഖലാ സ്ഥാപ​ന​ങ്ങ​ളിലും ഭിന്ന​ശേഷി സംവ​രണം ഒരു കർശ​ന​ നിയ​മ ​വ്യവ​സ്ഥ​യാ​ണ്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, സ്വ​കാ​ര്യ ആശു​പ​ത്രി​കൾ ഉൾപ്പെ​ടെ​യുള്ള എല്ലാ ചികിത്സാ കേന്ദ്ര​ങ്ങ​ളിലും സേവനം ലഭി​ക്കുന്ന കാര്യ​ത്തിൽ ഭിന്ന​ശേ​ഷി​ക്കാർക്ക് പൊതു​വാ​യുള്ള ക്യൂവിൽ കാത്തുനിൽക്കേണ്ടതില്ലെന്നും ഇപ്പോൾ സർക്കാർ നിർദ്ദേ​ശ​മു​ണ്ട്.

വിദ്യാഭ്യാസ

അവകാശം


വിവിധ കോഴ്‌സു​ക​ളുടെ പൊതു പരീ​ക്ഷ​ക​ളിൽ ഭിന്ന​ശേഷി അവ​കാശ നിയ​മ​ത്തിൽ വ്യ​വസ്ഥ ചെയ്തി​രി​ക്കു​ന്നതു പോലുള്ള പരീക്ഷാ ആനു​കൂ​ല്യ​ങ്ങളായ അധിക സമ​യം, സ്‌ക്രൈബിന്റെ സഹാ​യം എന്നി​വയ്ക്കു പുറമേ, ഗ്രേസ് മാർക്ക്, പരീക്ഷാ കേന്ദ്ര​ങ്ങളും പരിസ​രവും ഭിന്ന​ശേഷി സൗഹൃ​ദ​മാക്കൽ തുട​ങ്ങിയ എല്ലാ സംവി​ധാ​ന​ങ്ങളും ഒരു​ക്ക​ണ​മെന്ന് പൊതു വിദ്യാഭ്യാസ വകു​പ്പ്, ഉന്നത വിദ്യാഭ്യാസ വകു​പ്പ്, സാങ്കേ​തിക വിദ്യാഭ്യാസ വകുപ്പ്, വിവിധ യൂണി​വേ​ഴ്‌സി​റ്റി​ അധി​കൃ​തർ എന്നി​വർക്ക് പ്രത്യേക നിർദ്ദേശം നൽകി​യി​ട്ടുണ്ട്. പത്താം ക്ലാസ്സ് പരീക്ഷ എഴു​തുന്ന കുട്ടി​ക​ളുടെ കാര്യത്തിൽ ബോർഡർ ലൈൻ ഇന്റലിജൻസ് വിഭാ​ഗ​ത്തിനും പരീക്ഷാ ആനു​കൂ​ല്യ​ങ്ങൾ നൽക​ണ​മെന്ന നിർദ്ദേശം ഇപ്പോൾ സംസ്ഥാ​നത്ത് നില​വി​ലു​ണ്ട്.

പാർപ്പിട

അവകാശം


കേരളത്തിലെ ലൈഫ് - ഭവന നിർമ്മാണ പദ്ധ​തി​ ഉൾപ്പെ​ടെ​യുള്ള എല്ലാ സർക്കാർ പാർപ്പിട പദ്ധ​തി​ക​ളിലും ഭിന്ന​ശേഷി വിഭാ​ഗ​ങ്ങൾക്ക് അഞ്ചു ശതമാനം സംവ​രണം സംസ്ഥാന ഭിന്ന​ശേഷി കമ്മി​ഷ​ണ​റേ​റ്റിന്റെ പ്രത്യേക ശുപാർശയനുസരിച്ച് നട​പ്പാക്കി സർക്കാർ ഉത്ത​ര​വാ​യി​ട്ടു​ണ്ട്. സർക്കാർ സർവീസിലുള്ളവർ അപ​ക​ട​ങ്ങൾ മൂലമോ അസു​ഖ​ങ്ങൾ മൂലമോ ശയ്യാ​വ​ലം​ബി​ക​ളായി മാറു​ക​യാ​ണെ​ങ്കിൽ അവർക്ക് വിര​മി​ക്കൽ തീയതി വരെ​യോ, ജീവിതാ​വ​സാനം വരെയോ (ഇവ​യിൽ ഏതാണ് ആദ്യമെന്നു​വ​ച്ചാൽ അതു​വരെ)​ സർവീ​സിൽ തുട​രാനും,​ പൂർണ്ണ​മായ ശമ്പ​ളവും, പ്രൊമോ​ഷൻ, ഇൻക്രി​മെന്റ് തുട​ങ്ങിയ എല്ലാ ആനു​കൂ​ല്യങ്ങളും ലഭി​ക്കു​ന്ന​തി​നുമുള്ള സർക്കാർ ഉത്ത​രവും നിലവിലുണ്ട്.


ഈ വസ്തുതകളെല്ലാം പരിഗണിക്കുമ്പോൾ കേരളം,​ രാജ്യത്തെ മറ്റു സംസ്ഥാ​ന​ങ്ങ​ളേ​ക്കാൾ ഭിന്ന​ശേഷി സൗഹൃ​ദ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്നുവെന്ന് വ്യക്തമാകും. ഭിന്നശേഷി അവ​കാശ ലംഘ​ന​ങ്ങൾ ശ്രദ്ധ​യിൽപ്പെ​ടുന്നവർക്കോ,​ ഭിന്ന​ശേഷി അവ​കാശ ലംഘനം മൂലം ബുദ്ധി​മു​ട്ടു​കൾ നേരിടുന്ന ഭിന്ന​ശേഷി വ്യക്തി​കൾക്കോ അവ​രുടെ രക്ഷ​കർത്താ​കൾക്കോ ബന്ധ​പ്പെട്ട രേഖ​ക​ളുടെ പകർപ്പു​കൾ സഹിതം സംസ്ഥാന ഭിന്ന​ശേഷി കമ്മിഷ​ണ​റേ​റ്റിൽ നേരിട്ടോ ഓൺലൈൻ ആയോ തപാൽ സംവി​ധാ​ന​ത്തി​ലോ പരാ​തി​കൾ സമർപ്പി​ക്കാൻ കഴിയും. കമ്മി​ഷ​ണ​റേ​റ്റിൽ ഇത്തരം കേസു​കൾ പരി​ഗ​ണി​ക്കു​ന്ന​തും, പരി​ഹാ​ര​ങ്ങൾ സാദ്ധ്യ​ക്കു​ന്നതും ഓൺലൈൻ രീതി​യി​ലാ​യ​തി​നാൽ വിദേ​ശത്തു നിന്നു​ പോലും ഇത്തരം ഓൺലൈൻ മീറ്റിം​ഗിൽ പരാ​തി​കൾ വസ്തുനിഷ്ഠ​മായി ബോദ്ധ്യപ്പെ​ടുത്തി പരി​ഹാ​രം തേടാനാവുന്ന ഒരു സംവിധാനമായി മാറി​യിട്ടുണ്ട്.

നിയമ പരിരക്ഷയുള്ള

ഭിന്നശേഷി വിഭാഗങ്ങൾ

1. ചലനവൈ​ക​ല്യം

2. മസ്‌കു​ലാർ ഡിസ്‌ട്രോഫി

3. മൾട്ടി​പ്പിൾ സ്‌ക്ലീറോ​സീസ്

4. ഹ്രസ്വകാ​യ​ത്വം

5. അന്ധത

6. ഗുരു​ത​ര​മായ കാഴ്ച​ക്കു​റവ്

7. പഠനവൈക​ല്യം

8. സംസാര,​ ഭാഷാ വൈക​ല്യം

9. ബുദ്ധി​പ​ര​മായ വെല്ലു​വിളി

10. മാന​സിക രോഗം

11. ഓട്ടിസം

12. കേൾവി ഇല്ലായ്മ

13. കുഷ്ഠ രോഗ വിമുക്തം

14. ഹീമോ​ഫീ​ലിയ

15. താല​സീ​മിയ

16. അരി​വാൾ രോഗം

17. സെറി​ബ്രൽ പാൾസി

18. ഹാർഡ് ഒഫ് ഹിയ​റിംഗ്

19. ബഹു വൈക​ല്യങ്ങൾ

20. ആസിഡ് ആക്ര​മ​ണ​ത്തിനു വിധേ​യ​മാ​യ​വർ

21. പാർക്കിൻസൺസ് രോഗം