
സംസ്ഥാനത്തിന്റെ ധനസ്ഥിതി സജീവ ചർച്ചയായിരിക്കെ, ചെലവു ചുരുക്കി വരുമാനം വർധിപ്പിക്കണമെന്ന് വാദിക്കുന്നവർ അതിന് വ്യക്തമായ നടപടിക്രമങ്ങൾ കൂടി നിർദ്ദേശിക്കേണ്ടതുണ്ട്. ഓരോ വകുപ്പിലും ചെയ്യാവുന്ന കാര്യങ്ങൾക്ക് മുൻഗണനാ ക്രമമാണ് ആദ്യം വേണ്ടത്. സർക്കാർ വകുപ്പുകളിൽ പർച്ചെയ്സിന് വ്യക്തമായ നിയന്ത്രണം വേണം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അനാവശ്യ യാത്രകൾ ഒഴിവാക്കണം. സർവീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥർ തുടർ തൊഴിൽ, സേവനമായി ചെയ്യണം. അതിന് ശമ്പളം പ്രതീക്ഷിക്കരുത്. ലഭിക്കേണ്ട നികുതി സമയബന്ധിതമായി, കുടിശ്ശികയില്ലാതെ പിരിച്ചെടുക്കണം.
സർക്കാർ ജീവനക്കാരുടെ പ്രവർത്തനക്ഷമത വിലയിരുത്തി, ഓരോ വകുപ്പിലും ഓരോ ജോലിക്കും ആവശ്യമായ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കണം. ഓരോ വർഷവും ഉദ്ദേശം 86 ലക്ഷം കോടി രൂപയുടെ ഭക്ഷ്യോത്പന്നങ്ങളാണ് നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വാങ്ങി ഉപയോഗിക്കുന്നത്. ഇത് ക്രമേണ കുറച്ചുകൊണ്ടുവരാൻ പദ്ധതി ആവിഷ്‌കരിക്കണം. സ്ഥിതിവിവര കണക്കുകൾ വിലയിരുത്തി വേണം പദ്ധതികൾ രൂപീകരിക്കാൻ. കാർഷിക, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിൽ വരുമാനം വർദ്ധിപ്പിക്കാൻ ഉതകുന്ന സംരംഭകത്വ പ്രോജക്ടുകൾക്ക് പ്രാധാന്യം നൽകണം. സൂക്ഷ്മ അടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ ഉല്പാദന മേഖലയിലെ വരവും ചെലവും വിലയിരുത്തണം. അഗ്രി ബിസിനസ്സിന് കൂടുതൽ ഊന്നൽ നൽകണം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ നിന്ന് പ്രതിവർഷം അരലക്ഷത്തോളം വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലെത്തുന്നുണ്ട്. 40,000-ത്തിലധികം വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് മറ്റു സംസ്ഥാനങ്ങളിലെത്തുന്നു. ഇതിന്റെ അനന്തര ഫലമെന്നോണം കേരളത്തിലെ കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. വലിയ തുക ഫീസ് നൽകിയാണ് കുട്ടികൾ വിദേശത്തും അയൽ സംസ്ഥാനങ്ങളിലും പോയി പഠിക്കുന്നത്. അതുകൊണ്ട്, രക്ഷിതാവിന്റെ വരുമാനം വിലയിരുത്തി, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ ഫീ സ്ലാബുകൾ നിശ്ചയിച്ച് ഫീസ് വർധിപ്പിക്കണം.
കൂടുതൽ സ്വകാര്യ, കല്പിത സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കാം. കേരളത്തിൽ നിന്ന് നീറ്റ് പരീക്ഷയെഴുതി മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. അയൽ സംസ്ഥാനങ്ങളിലെ കല്പിത സർവകലാശാലകളിലും സ്വകാര്യ മെഡിക്കൽ കോളേജിലും ഉയർന്ന ഫീസ് നൽകിയാണ് ഇവർ യു.ജി, പി.ജി പ്രവേശനം നേടുന്നത്. പുതുച്ചേരിയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ആറ് മെഡിക്കൽ കോളേജുകളുണ്ട്. ഇവിടെ പഠിക്കുന്ന പകുതിയിലധികം വിദ്യാർത്ഥികളും കേരളത്തിൽ നിന്നാണ്!
നഴ്‌സിംഗ്, ഡിസൈൻ, വെറ്ററിനറി സയൻസ്, അഗ്രികൾച്ചർ കോഴ്‌സുകൾക്ക് അയൽ സംസ്ഥാനങ്ങളിലും വിദേശത്തും ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. ഈ പഠന സാഹചര്യങ്ങൾ കേരളത്തിലും ലഭ്യമാക്കണം. പ്രതിവർഷം 40,000 കോടി രൂപയാണ് ഇതുവഴി പുറത്തേക്ക് ഒഴുകുന്നത്. സർവകലാശാലകൾ കൂടുതൽ ഗ്രാന്റ് പ്രൊജക്ടുകൾ നടപ്പിലാക്കണം. ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കണം. ഹെൽത്ത് ടൂറിസം ഹബ്ബായി കേരളത്തെ മാറ്റണം.
മൂന്നു കോടിയോളം പേർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കേരളത്തിൽ ഫോൺ ബില്ലിന്റെ അഞ്ചു ശതമാനം സ്റ്റേറ്റ് സെസ്സ് ഏർപ്പെടുത്തി ക്ഷേമ പെൻഷന് ഉപയോഗിക്കണം. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിപ്പിനായി തൊഴിലാളികളെ ഏല്പിക്കണം. സാദ്ധ്യമല്ലാത്ത ഘട്ടത്തിൽ സ്വകാര്യവത്കരണത്തെക്കുറിച്ച് ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവന മേഖലയ്ക്ക് ഇണങ്ങിയ പുത്തൻ കോഴ്‌സുകൾ ഓഫർ ചെയ്യണം. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകണം.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളത്തിനു സംഭാവന നൽകാനായി ക്രൗഡ് ഫണ്ട് രൂപീകരിക്കണം. സേവനം, കൺസൾട്ടൻസി എന്നിവയ്ക്കുള്ള നിരക്ക് വർദ്ധിപ്പിക്കണം. ആരോഗ്യ മേഖലയിലെ സേവനങ്ങൾക്കും സ്‌ളാബ് അടിസ്ഥാനത്തിൽ ഫീസ് നിർണയിക്കണം. പ്രതിവർഷം 20,000 കോടി രൂപയിലൂടെ അധിക വിഭവസമാഹരണത്തിനുള്ള സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് ഊർജ്ജിതപ്പെടുത്തി ലക്ഷ്യബോധമില്ലാത്ത പ്രൊജക്ടുകൾ ഒഴിവാക്കണം. കേന്ദ്ര സർക്കാരിൽ നിന്നും വിദേശ ഏജൻസികളിൽ നിന്നും ഫണ്ട് ലഭ്യമാക്കാൻ വകുപ്പ് തലത്തിൽ പ്രത്യേക പ്രൊജക്ട് മാനേജ്മെന്റ് ടീമിന് രൂപം നൽകണം. സ്വയം പര്യാപ്തതയ്ക്ക് ഊന്നൽ നൽകിയുള്ള ഉത്പാദന മേഖല, ആഗോള വികസനം ലക്ഷ്യമിട്ടുള്ള സേവന മേഖല, സംരംഭകത്വം ലക്ഷ്യമിട്ടുള്ള വ്യവസായ മേഖല എന്നിവയാണ് കേരളത്തിന് ആവശ്യം.
(ബംഗളൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസ് & ടെക്നോളജി പ്രൊഫസറും ലോക ബാങ്ക് കൺസൾട്ടന്റുമാണ് ലേഖകൻ)