k

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി നാട്ടിൽ ക്രമസമാധനം ഉറപ്പുവരുത്താൻ സേവനം അനുഷ്ഠിക്കുന്ന നിയമപാലകരായ പൊലീസ് സേനാംഗങ്ങളുടെ അലക്കിതേച്ചുമിനുക്കിയ യുണിഫോം നോക്കി പൊലീസിനെ വിലയിരുത്തരുത്. ആ കാക്കിക്കുള്ളിൽ കനലെരിയുന്ന ഒരു മനസുണ്ട്. ജനങ്ങളെപ്പോലെതന്നെ അവരും ആഗ്രഹിക്കുന്നത് അല്പം മനഃസമാധാനത്തോടെ ജോലിചെയ്യാനാണ്. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് കൊറോണിയൽ ഭരണ സംവിധാനത്തിൽ നിന്നും ജനാധിപത്യത്തിലേക്കു വഴിമാറിയെങ്കിലും അന്നത്തെ അസംഘടിതരായ കേരളപൊലീസ് സേനക്കുമാത്രം ഈ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ 1979വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ അച്ചടക്കത്തിന്റെ കർശനമായ നിയന്ത്രണ വലയത്തിനുള്ളിൽ കൂട്ടിലടച്ച കിളികളെപ്പോലെ മേലുദ്യോഗസ്ഥരുടെ ആജ്ഞാനുവർത്തികളായി നിശബ്ദം കഴിയേണ്ടിവന്നു. അതിനുശേഷം 1979ൽ സംഘടനാസ്വാതന്ത്ര്യം ലഭിച്ചെങ്കിലും അന്നത്തെ അധികാര മോഹികളായ ചില ഉന്നത ഉദ്യോഗസ്ഥരുടെ അടിച്ചമർത്തൽ സമീപനത്തിൽ മാറ്റമുണ്ടായില്ല. ഇന്നൊരു പരിധിവരെയെങ്കിലും അതിൽ നിന്നെല്ലാം വളരെയേറെ പുരോഗതി കൈവരിച്ചെങ്കിലും വിശ്രമമില്ലാത്ത ജോലിഭാരം ശാരീരികമായും മാനസികമായും ഇപ്പോഴും പൊലീസുകാരെ തളർത്തുകയാണ്. ഒരുപക്ഷെ പൊലീസ് സേനയിൽ ചിലരുടെയെങ്കിലും മനുഷ്യത്വം മരവിച്ചിട്ടുണ്ടെങ്കിൽ ഒരു പരിധിവരെ അതിനുള്ള കാരണവും വിശ്രമമില്ലാത്ത ഈ ജോലിഭാരം തന്നെയാണ്.

സംസ്ഥാനത്ത് ആകെയുള്ള 484 പൊലീസ് സ്റ്റേഷനിൽ ഓരോ പൊലീസ് സ്റ്റേഷനിലും മുപ്പതോ നാല്പതോ പൊലീസുകാരാണ് ശരാശരി ഉണ്ടാവുക. ഇവരിൽ സ്റ്റേഷൻ റൈട്ടർ, ജി.ഡി. ചാർജ്, സ്റ്റേഷൻ സെക്യൂരിറ്റി ഡ്യൂട്ടി, ട്രാഫിക് ഡ്യൂട്ടി, സമൻസ്, വാറണ്ട് നടപ്പാക്കൽ, കേസ് അന്വേഷണം, വാഹനപരിശോധന, അതിനുപുറമെ വി.ഐ.പികൾക്കു അകമ്പടി സേവിക്കലും അവധിയിൽ പോകുന്നവരും കഴിഞ്ഞാൽ ക്രമസമാധാനപാലനത്തിനായി ഡ്യൂട്ടിക്കു ശേഷിക്കുന്നത് രണ്ടോ നാലോപേർ. അതുകൊണ്ടുതന്നെ ഒരു ഡ്യൂട്ടി കഴിഞ്ഞുവീടുകളിൽ പോകാൻ തയ്യാറെടുക്കുമ്പോൾ മറ്റൊരു ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതരാകുന്നു. ആംഡ്പൊലീസ് വിഭാഗത്തിന്റെ കാര്യവും വ്യത്യസ്തമല്ല. വി.ഐ.പികളുടെ വീടുകളിൽ കാവൽനിൽക്കാനും ഭരണസിരാകേന്ദ്രം ഉൾപ്പെടെയുള്ള സുപ്രധാന സർക്കാർ സ്ഥാപനങ്ങൾക്കു സുരക്ഷ നൽകാനും സമരങ്ങളെ നിയന്ത്രിക്കാൻ സെക്രട്ടറിയേറ്റടക്കമുള്ള സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ വൈകിട്ട് വരെ തോക്കും ലാത്തിയുമായി നിൽക്കാൻ നിയോഗിക്കപ്പെടുന്നവർ പത്തും പന്ത്രണ്ടും മണിക്കൂർ ഒരേനിലയിൽ ജോലി ചെയ്യേണ്ടിവരുന്നു. ഈ വിട്ടുമാറാത്ത ദുരിതങ്ങൾക്കു നടുവിൽ ഇവരുടെ കാക്കിക്കുള്ളിലെ കനലെരിയുന്ന മനസിനെ മേലധികാരികൾ പോലും തിരിച്ചറിയുന്നില്ല.

കേരള സർവീസ് റൂൾസ് അനുസരിച്ച് പൊലീസ് സേനയും സാധാരണ സർക്കാർ ജീവനക്കാർ എന്ന നിർവചനത്തിൽ വരുന്നവരാണെങ്കിലും പൊലീസിന്റെ സേവന വ്യവസ്ഥ തികച്ചും പൊലീസ് ആക്ടിനു മാത്രമുള്ളതാണ്. ഇതനുസരിച്ചു സസ്പെൻഷനിലോ അവധിയിലോ അല്ലാതെയുള്ള ഏതവസരത്തിലും പൊലീസുകാർ ഡ്യൂട്ടിയിലായിരിക്കുമെന്ന് പ്രത്യേകം അനുശാസിക്കുന്നു. മറ്റുള്ള ജീവനക്കാരെപ്പോലെ എട്ടു മണിക്കൂർ ജോലി കഴിഞ്ഞയുടനെ മുന്നിലുള്ള ഫയലുകളെല്ലാം അടുക്കിവച്ച് കൃത്യസമയം ധൃതിപിടിച്ചു മടങ്ങി പോകാൻ കഴിയുന്ന ജോലിയല്ല പൊലീസിന്റേത്. തുല്യജോലിക്കു തുല്യവേതനമെന്ന തൊഴിൽനയം നിലനിൽക്കുന്ന കേരളത്തിൽ പത്തും പതിനെട്ടും മണിക്കൂറുകൾ തുടർച്ചയായി യാതൊരു വിശ്രമവുമില്ലാതെ ജോലിചെയ്യേണ്ടി വരുന്ന പൊലീസുകാർക്കുമാത്രം ഇതൊന്നും ബാധകവുമല്ല.

സർക്കാർ കലണ്ടറിൽ ചുവപ്പു നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവധിദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പൂർണമായും അടഞ്ഞു കിടക്കുമ്പോൾ ഈ അവധിദിവസങ്ങളെല്ലാം കുടുംബത്തോടൊപ്പം ആഘോഷിക്കാതെ രാവുംപകലും ഒരു പോലെ പെട്രോൾ ഡ്യൂട്ടിയും മറ്റും ചെയ്തു ഉറക്കമുളച്ചുപണിയെടുക്കുകയാണ് പൊലീസുകാർ. ഈ ദുരിതങ്ങളെല്ലാം കൂടുതലായി അനുഭവിക്കേണ്ടിവരുന്നത് ഭൂരിപക്ഷവും താഴേതട്ടിലുള്ള സിവിൽ പൊലീസ് ഓഫീസർ മുതൽ സി.ഐ വരെയുള്ളവരാണ്. അതിനു മുകളിലുള്ളവർക്ക് സാധാരണഗതിയിൽ ഓഫീസിലോ വീടുകളിലോ ഇരുന്നു നിർദ്ദേശങ്ങൾ നൽകിയാൽമതിയാകും.

വിരമിച്ചാലും മനസമാധാനമില്ല

ഈ പൊലീസുകാർ വിരമിച്ചു കഴിഞ്ഞാൽ അതുവരെ പൊലീസ് ആക്ടിനു വിധേയമായി ചെയ്ത സമയപരിധിയില്ലാത്ത സൈനിക സമാനമായ സേവനം പാടേ മറന്നുകൊണ്ട് അവരെ സാധാരണ സർവീസ് പെൻഷൻകാരായി തരം താഴ്ത്തപ്പെടുകയാണ് സർക്കാർ ചെയ്യുന്നത്. കാക്കിവേഷം തിരിച്ചു നൽകി പടിയിറങ്ങുന്ന പൊലീസുകാരൻ പിന്നീടുള്ള വിശ്രമ ജീവിതത്തിലേക്ക് വീടുകളിലെത്തുന്നത് ഒരു പിടി രോഗങ്ങളുമായിട്ട്. അമിതമായ ജോലിഭാരം അടിച്ചേൽപ്പിക്കപ്പെട്ടതിന്റെ തിക്തഫലമായി ലഭിച്ച ഈ രോഗങ്ങളും വിരമിച്ച ഈ വയോധികരുടെ സ്വകാര്യ ദുഃഖമായി മാറുകയാണ്. കേന്ദ്ര പൊലീസ് സേനയിൽ നിന്നും വിരമിക്കുന്നവരെ സൈനിക സമാനമായ രീതിയിൽ വിമുക്ത പൊലീസ് സേനാംഗങ്ങളായി സർക്കാർ അംഗീകരിക്കുമ്പോഴാണ് സംസ്ഥാന പൊലീസ് സേനാംഗങ്ങൾ ഇത്തരത്തിൽ തരംതാഴ്ത്തപ്പെടുന്നത്. സർക്കാർ ജീവനക്കാരിൽ നിന്നും തികച്ചും വ്യത്യസ്ഥമായി അച്ചടക്കമുള്ള ഒരു സേനാവിഭാഗമെന്ന നിലയിൽ സേവനം അനുഷ്ഠിച്ചവരെ ഇത്തരത്തിൽ സാധാരണ സർവീസ് പെൻഷൻകാരായി മാറ്റപ്പെടുന്നത് സേനാവിഭാഗമെന്നനിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങളെ തടയാൻ വേണ്ടി മാത്രമാണ്.

സംസ്ഥാനത്തെ വിവിധ ആംഡ് പൊലീസ് ക്യാമ്പുകളെല്ലാം തന്നെ തികച്ചും സൈനിക സമാനമായ രീതിയിലാന്ന് പ്രവർത്തിക്കുന്നത്. പൊലീസ് പരിശീലനം പൂർത്തിയാക്കുന്ന പൊലീസുകാർ ഇതേ പൊലീസ് ക്യാമ്പുകളിൽ എട്ടും, പത്തും വർഷങ്ങൾ തുടർച്ചയായി സേവനം അനുഷ്ഠിച്ച ശേഷമാണ് ലോക്കൽ സ്റ്റേഷനിലും മറ്റുള്ള സ്പെഷ്യൽ യൂണിറ്റുകളിലേക്കും മാറുന്നത്. അങ്ങനെയുള്ള സേനയിൽ നിന്നും വിരമിക്കുന്നവരെയാണ് യാതൊരു മാനദണ്ഡവും നോക്കാതെ സാധാരണ പെൻഷൻകാരായി കാണുന്നത്.

ഒരു പഠന സമിതി അനിവാര്യം

പൊലീസ് സേനയുടെയും വിരമിച്ച സേനാംഗങ്ങളുടെയും ഇപ്പോഴത്തെ ജീവിത പ്രശ്നങ്ങൾ പഠിച്ചു ശുപാർശ സമർപ്പിക്കാൻ ഏതെങ്കിലും വിരമിച്ച ഒരു ഡി.ജി.പിയുടെ നേതൃത്വത്തിൽ സർവ്വീസിലുള്ളവരുടെയും വിരമിച്ചവരുടെയും സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ദ്ധസമിതിക്കു രൂപം നൽകുക. ഈ രീതിയിൽ നടപ്പാക്കാൻ സർക്കാർ തയാറായാൽ ദേശീയ തലത്തിൽ കേരള പൊലീസ് സേനയെ മറികടക്കാൻ മറ്റൊരു സംസ്ഥാന പൊലീസിനും കഴിയില്ലെന്നുമാത്രമല്ല ജനങ്ങൾക്ക് മനഃസമാധാനത്തോടെ അന്തിയുറങ്ങാനും കഴിയുമെന്നുറപ്പാണ്.