
എല്ലാ യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ആദ്യത്തെയും അവസാനത്തെയും ഇരകൾ അമ്മമാരും കുഞ്ഞുങ്ങളുമാകുന്നു. അവിടെ അതിരുകൾ അപ്രസക്തമാണ്, കാലം നിശ്ചലമാണ്. രൂപവും ഭാവവും മാത്രം മാറുന്നു. എല്ലാം കൈയടക്കാനുള്ള വന്യമായ വാസനയിൽ മനുഷ്യകുലം ഒന്നാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജർമനിയിൽ ജീവിച്ചിരുന്ന (1867- 1945) വിശ്രുത ചിത്രകാരിയാണ് കാത്തെ കോൾവിജ്ജ്. ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ ഇരുണ്ട കാലം. രണ്ടു മക്കളുടെ അമ്മ. ഹൃദയാർദ്രതയുള്ള കലാകാരി. അരുമ മകൻ പീറ്ററിനെയും കൊച്ചുമകനെയും യുദ്ധങ്ങളിൽ നഷ്ടമായി. ആ രൂക്ഷ കാലത്തിന്റെ ലാവ അവരെ പൊള്ളിച്ചു. മനുഷ്യരുടെ ദുരന്തഗാഥകൾ അവർ രചിച്ചു. ദുരന്തങ്ങൾക്ക് കാരണക്കാർ ആരൊക്കെയെന്ന് അവരുടെ ഒരോചിത്രവും വിളിച്ചുചോദിച്ചു. ഒരമ്മയുടെ മിടിക്കുന്ന ഹൃദയം ഇത്ര ഉച്ചസ്ഥായിയിൽ പ്രത്യക്ഷമായ കാലം ചിത്രകലാ ചരിത്രത്തിൽ വിരളം. ആ കലാസൃഷ്ടികൾ ലോകത്തെ എല്ലാ മ്യൂസിയങ്ങളിലും പ്രദർശിപ്പിക്കുന്നു. ഇനിയെങ്കിലും ഈ വിനാശ യുദ്ധം അവസാനിപ്പിക്കൂ എന്ന് അവ ഉറക്കെ പറയുന്നു. ഒരു കരിക്കഷണം മതിയായിരുന്നു കാത്തെ കൊൾവിജ്ജിന് യുദ്ധത്തിന്റെ ദുരിതമുഖങ്ങൾ വരയ്ക്കാൻ.
ജർമനി നരാധമനായ ഹിറ്റ്ലറുടെ നേതൃത്വത്തിൽ രണ്ടാം ലോക മഹായുദ്ധത്തിന് ഒരുങ്ങുകയാണ്. ജനങ്ങൾ യുദ്ധത്തിനു തയ്യാറാകണം. യുവാക്കളെ നിർബന്ധിച്ച് മിലിട്ടറിയിൽ ചേർത്തു. ആസന്നമായ നാശത്തിന്റെ ദുർമുഖം. കറുത്ത വരകൾ അവർ ആഞ്ഞാഞ്ഞു വീശി. നാസികൾക്കെതിരെയുള്ള ആ വര അധികാരികളെ ചൊടിപ്പിച്ചു. പൊതു ഇടങ്ങളിൽ നിന്ന് അവരുടെ സൃഷ്ടികൾ എടുത്തുമാറ്റി. ജീർണകല എന്ന് ചാപ്പ കുത്തി.
ബെർലിനിലെ അപ്പാർട്മെന്റിൽ ഗസ്റ്റപ്പോ വന്നു. കൊൾവിജ്ജിനെയും ഭർത്താവിനെയും ചോദ്യം ചെയ്തു. ശിക്ഷ ഏറ്റുവാങ്ങാൻ താക്കിതു നൽകി. കോൾവിജ്ജിന്റെ മനസ്സിൽ കറുപ്പ് പടർന്നു. എല്ലുരുക്കുന്ന ശിക്ഷകളുടെ ഭീകരത അറിയാം. അങ്ങനെ വന്നാൽ ജീവനൊടുക്കാൻ രണ്ടു പേരും ഉറപ്പിച്ചു. അതു വേണ്ടിവന്നില്ല. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടു. കാത്തെ കൊൾവിജ്ജും ഭർത്താവ് ഡോ. കാൾ കോൾവിജ്ജും അപ്പാർട്ട്മെന്റ് വിട്ടു. അവിടം ബോംബിട്ടു തകർക്കപ്പെട്ടു. യുദ്ധത്തിന്റെ കൊടിയ നാളുകളെ അവർ താണ്ടിയില്ല. 1945 ൽ യുദ്ധാവസാനത്തിന് രണ്ടു മാസം മുൻപ് അവർ മരണത്തിനു കീഴടങ്ങി.
വർത്തമാന കാലത്തെ കൊടിയ യുദ്ധത്തിന്റെ ഹൃദയഭേദകമായ ദുരന്തക്കാഴ്ചകൾ കാത്തെ കോൾവിജ്ജ് എന്ന ചിത്രകാരിയിലേക്ക് നമ്മെ എത്തിക്കും. ബെർലിനിലെ തണുത്ത സ്റ്റുഡിയോയിൽ ചൂടുപിടിച്ചു വരയ്ക്കുന്ന ആ കലാകാരിയെ നമ്മൾ വീണ്ടും കാണും. ആ ശരീരത്തിലെ അവസാന കനലും എരിയുകയാണ്. മരണം ഗ്രസിക്കുന്ന ജീവിതത്തെ അവർ ആഴത്തിൽ കോറിയിടുകയാണ്. ഒരമ്മയുടെ അന്ത്യ പ്രതിരോധം പലകക്കഷണങ്ങളിൽ ചാലുകീറി വരകളായി. എച്ചിംഗും ലിത്തോഗ്രാഫും വുഡ്കട്ടും. ഓരോ വരയും പീഡിതരുടെയും ദുഃഖിതരുടെയും കനൽ വഴികളായി.
കാൾ സ്മിത്തിന്റെയും കാതറിന സ്മിത്തിന്റെയും അഞ്ചാമത്തെ മകളായി 1867 ജൂലായ് എട്ടിന് ജനനം. കുഞ്ഞു മകളുടെ കലാവാസന അച്ഛൻ കണ്ടറിഞ്ഞു. പെൺകുട്ടികൾക്ക് കലാഭ്യസനം നിഷിദ്ധമായിരുന്നു അന്ന്. അച്ഛൻ അവളെ മാക്സ് ക്ലീൻഗർ എന്ന കലാദ്ധ്യാപകന്റെ വിദ്യാർത്ഥിയാക്കി. ക്ലിൻഗർ പ്രിന്റ് നിർമ്മിതിയിൽ പ്രവീണനായിരുന്നു. ഗുരുവിന്റെ കലയുടെ ആഴം ശിഷ്യയെ ഉന്നതയായ കലാകാരിയാക്കി. കൂട്ടുകാരനായ ഡോ. കാൾ കോൾവിജ്ജിനെ വിവാഹം കഴിച്ച് അവർ കാത്തെ കോൾവിജ്ജ് ആയി. ബെർലിനിലെ അപ്പാർട്ട്മെന്റിന്റെ ഒരു ഭാഗം സ്റ്റുഡിയോ ആക്കി. ഭർത്താവിന്റെ ക്ലിനിക്കിൽ എത്തുന്ന അമ്മമാരുടെയും കുട്ടികളുടെയും ദൈന്യാവസ്ഥ മനസ്സുരുക്കി. പെൻസിലും ക്രയോണും കരിയുംകൊണ്ട് കാത്തെ മനുഷ്യരെ വരച്ചുകൊണ്ടേയിരുന്നു.
ജർമ്മനിയിലെ പോരാട്ട ചരിത്രം പഠിച്ചു. ചൂഷണത്തിലും അടിമത്തത്തിലും ഞെരിഞ്ഞമർന്ന വംശാവലിയുടെ പോരാട്ട ചരിത്രം പ്രക്ഷുബ്ദ്ധമായി കാത്തെ വരച്ചു. ഒരു ചിത്രത്തിന്റെ അനേകം കോപ്പികൾ പ്രിന്റ് ചെയ്യാവുന്ന എച്ചിംഗ് സങ്കേതമാണ് അവർ സ്വീകരിച്ചത്. സിങ്ക് പ്ലേറ്റിൽ കോറിയിടുന്ന രേഖകളെ ആസിഡിൽ ദ്രവിപ്പിച്ചു മുദ്രയാക്കുന്ന കലാവിദ്യ. മൂലസൃഷ്ടിയുടെ നിരവധി പതിപ്പുകൾ പേപ്പറിൽ പ്രിന്റ് ചെയ്യാം. അതുതന്നെയാണ് അതിന്റെ ജനകീയവും രാഷ്ട്രീയവുമായ ശക്തിയും.
കോൾവിജ് അത് തിരിച്ചറിഞ്ഞു. പൂർവ്വസൂരികളായ ആൽബർട്ട് ഡ്യൂറർ, റെംബ്രാൻഡ്, ഗോയ എന്നീ മഹാരഥന്മാർ സഞ്ചരിച്ച വഴിയാണ്. അരിവാളും കൂന്താലിയും മറ്റു പണിയായുധങ്ങളും ഉയർത്തി, കൊടിയ തണുപ്പിൽ ചൂഷക പ്രഭുക്കളുടെ മണിഹർമ്യങ്ങളിലേക്ക് സഹികെട്ട നിസ്വജനത ഇരമ്പിയേറുന്നത് നമ്മൾ കാണുന്നു. കറുത്ത അന്ന എന്ന കർഷക മാതാവ് രണ്ടു കൈയും ഉയർത്തി ആ ജാഥയെ പ്രചോദിപ്പിക്കുകയാണ്. മർദ്ദകരാൽ വളയപ്പെടുമെന്ന് അവർക്കറിയാം. പൊരുതി മരിക്കുക എന്ന ഒറ്റ വഴി. ആ പോരാട്ട രംഗങ്ങൾ കോൾവിജ് വരച്ചിട്ടു. ബന്ദികളാക്കി വേലിക്കകത്തേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോഴും ഒരു ആൾസംഘാതമായി നിലയുറപ്പിച്ച മനുഷ്യരെ ഇളകാത്ത മനസോടെ നമുക്കു കാണാനാവില്ല!
പിന്നീട് ചരിത്രം ഞെട്ടലോടെ മാത്രം കാണുന്ന മനുഷ്യ പീഡനത്തിന്റെ നരക ബീഭത്സത യൂറോപ്പിൽ നടമാടി.
അതിനു മുന്നിൽ മനുഷ്യത്വത്തിന്റെ ചോദ്യങ്ങളുമായി കോൾ വിജ്ജിന്റെ ഒരോ ചിത്രവും. മകൻ പീറ്റർ സ്വയം യുദ്ധപോരാളിയായി. മകനെ അടക്കിയ സെമിത്തേരിയിൽ നിന്ന് തിരിച്ചുവരുന്ന ആ അമ്മയുടെ ഹൃദയഭാരത്തിന് പിന്നീട് മുക്തിയുണ്ടായില്ല. എല്ലാ അമ്മമാരുടെയും ഉരുകുന്ന മനസ്സ് അവർ കണ്ടു. മൈക്കലാഞ്ജലോയുടെ 'പിയാത്ത' അവർക്കു കൂടുതൽ മനസ്സിലായി. അതിന്റെ ദൈവികതയുടെ വിണ്ണിൽ നിന്ന് മനുഷ്യാവസ്ഥയെ അവർ പുനർനിർമ്മിച്ചു.
ഒന്നാം മഹായുദ്ധത്തിലെ പരാജയം ജർമനിയെ തുലച്ചു. പട്ടിണിയും പരിവട്ടവുമായി ജനങ്ങൾ. അമ്മമാരും കുട്ടികളും ആദ്യത്തെ ഇരകളായി. കോൾവിജ്ജിന്റെ എഴുത്തുളി ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും ചാലുതീർത്തു. കറുപ്പിലും വെളുപ്പിലും വുഡ്കട്ടുകൾ പേപ്പറിൽ പ്രിന്റ് ചെയ്ത് അവർ തൂക്കിയിട്ടുകൊണ്ടിരുന്നു. അവർ ഒരു രാഷ്ട്രീയ ജീവിയാണ്. ജർമൻ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. അതിന്റെ ആദികാല യുവ നേതാക്കളായ ലീബ്ക്കനെറ്റിനെയും, റോസാ ലക്സംബർഗിനെയും ഫ്രെഡെറിച് എബെറ്റിന്റെ ഭരണകൂടം വേട്ടയാടിപ്പിടിച്ച് ഇരുട്ടിന്റെ മറവിൽ കൊന്ന് തെരുവിലെറിഞ്ഞു. അത് ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ രക്തസാക്ഷിത്വത്തിന്റെ ഉണങ്ങാത്ത ഏടാണ്. മരണശയ്യയിൽ കിടക്കുന്ന ലീബ്ക്കനെറ്റിന്റെ രംഗം കോൾവിജ്ജ് വരച്ച് വച്ചു. അന്ത്യാർപ്പണത്തിനായി നിരന്ന തൊഴിലാളികളുടെ ദുഃഖ മുഖങ്ങൾ ഇരുട്ടിൽ തെളിയുന്നു.
യൂറോപ്പിന്റെ, പ്രത്യേകിച്ച് ജർമനിയുടെ ഏറ്റവും സങ്കീർണമായ കാലം. വംശവെറിയുടെ വിത്തുകൾ വളർന്നു. മാനവരാശി കൊടിയ നാശത്തിലേക്ക് നീങ്ങുകയാണ്. ബെർലിനിലെ ചെറിയ സ്റ്റുഡിയോയിൽ, മരണവേട്ടയുടെ രംഗങ്ങൾ കാത്തെ വരച്ചു. ശ്വാസമടക്കിയുള്ള ജീവിതത്തിന്റെ ആത്മപ്രരോദനങ്ങൾ. പ്രോസിക്യൂഷന്റെയും ജയിൽ ശിക്ഷയുടെയും നിഴൽ. തൊഴിലിൽ നിന്ന് പുറത്താക്കപ്പെട്ടു. അവരുടെ കല ജർമനിയുടെ അഭിമാനത്തെ താഴ്ത്തികെട്ടുന്നത്രെ. ഇതേ കാരണത്താൽ ജന്മനാട്ടിലെ അന്നത്തെ രാജാപ്പാർട്ട് സ്വർണമെഡൽ തട്ടിത്തെറിപ്പിച്ചു.
കാത്തെ കോൾവിജ്ജിന്റെ അവസാനകാലം വാടകക്കെട്ടിടത്തിലെ സ്റ്റുഡിയോയുടെ ഏകാന്തതയിലായിരുന്നു. മൂത്ത മകൻ പീറ്ററും അതെ പേരുള്ള കൊച്ചു മകനും ഭർത്താവ് കാളും പോയതോടെ ഏകയായി. സഖ്യ കക്ഷികൾ ജർമനിയുടെ ഇരുണ്ട കാലം അവസാനിപ്പിച്ച് പതാക ഉയർത്തുന്നതു കാണാൻ അവർ നിന്നില്ല .
1945ഏപ്രിൽ 22 ന് 77ാം വയസിൽ ആ അമ്മ മരിച്ചു .ആയിരക്കണക്കിന് ഡ്രോയിംഗുകളും മുന്നൂറോളം ഒറിജിനൽ പ്രിന്റും നാൽപതു ശില്പങ്ങളും അനവധി പോസ്റ്ററുകളും ആധുനിക കലാലോകത്തിനു നല്കിയാണ് കാത്തെ പോയത്. പാവപ്പെട്ടവരുടെയും ചൂഷിതരുടെയും ദുരന്തമുഖം മറയ്ക്കപ്പെടാതെ എന്നും കാവൽ മാതാവായി നിലകൊള്ളുന്ന ആ അമ്മയ്ക്ക് ഈ യുദ്ധകാലത്ത് പ്രണാമം.
(98110 69958, tkharindran@gmail.com)