p

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫാബ് ലാബിൽ, ഫാബ് അക്കാഡമി കോഴ്സിന് അപേക്ഷിക്കാം. 2024 ബാച്ചിലേക്കാണ് പ്രവേശനം.

ഡിജിറ്റൽ ഫാബ്രിക്കേഷൻ, പ്രോട്ടോ ടൈപിംഗ് വിഷയങ്ങളിൽ വ്യക്തമായ അറിവ് ലഭിക്കുംവിധമാണ് കോഴ്സ്. ഇതിനു പുറമേ വിവിധ സാങ്കേതിക എൻജിനിയറിംഗ് മേഖലകളിലെ നൈപുണ്യം വികസിപ്പിക്കാനും അതുവഴി മികച്ച പ്രൊഫഷണൽ ആകാനുമുള്ള അവസരം ലഭിക്കും.

അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും എൻജിനിയറിംഗിലും ഗണിത ശാസ്ത്രത്തിലും അടിസ്ഥാന അറിവും ഡിജിറ്റൽ ഡിസൈൻ, പ്രോഡക്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, പ്രോട്ടോടൈപിംഗ് മുതലായ വിഷയങ്ങളിൽ അഭിരുചിയും ഉള്ളവർക്ക് അപേക്ഷിക്കാം.

ആകെ 10 സീറ്റുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വനിതാ ഉദ്യോഗാർത്ഥികൾക്ക് 95 ശതമാനം സ്‌കോളർഷിപ്പ് ലഭിക്കും. മറ്റുള്ളവർക്ക് കോഴ്‌സ് ഫീസിന്റെ 80 ശതമാനം വരെയും സ്‌കോളർഷിപ് ലഭിക്കും. മസ്സാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ സഹകരണത്തോടെ നടത്തുന്ന കോഴ്സിന് 5000 യു.എസ് ഡോളറാണ് ഫീ.

അപേക്ഷകരിൽ നിന്നും അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. 6 മാസമാണ് കോഴ്സ് കാലവധി. പൂ‌ണമായും ഓഫ് ലൈനായാണ് കോഴ്സുകൾ നടക്കുക.
എൻജിനിയർമാർ, ആർക്കിടെക്ടുമാർ, ഡിസൈനർമാർ തുടങ്ങി ഡിജിറ്റൽ ഫാബ്രിക്കേഷനിലും പ്രോട്ടോടൈപ്പിംഗിലും താത്പര്യമുള്ള എല്ലാ ഉദ്യോഗാർഥികൾക്കും കോഴ്‌സിന് അപേക്ഷിക്കാം.

ഫാബ് അക്കാഡമി ഡിപ്ലോമ കോഴ്‌സ് എന്നതിലുപരി ഫിനിഷിംഗ് സ്‌കൂൾ മാതൃകയിൽ വിഭാവനം ചെയ്തിരിക്കുന്ന പാഠ്യപദ്ധതിയാണ്. ഫാബ് അക്കാഡമിയുടെ ക്ലാസുകൾ പാഠപുസ്തകത്തിലെ അറിവിനെ പ്രയോഗിക തലത്തിൽ പ്രാവർത്തികമാക്കാൻ ഉതകുന്ന തരത്തിലാണ്. സാധാരണ കോഴ്‌സുകളിൽ നിന്നു വ്യത്യസ്തമായി വിദ്യാർത്ഥികൾക്ക് സ്വയം പ്രോജക്ടുകൾ തിരഞ്ഞെടുക്കാനും അവ വികസിപ്പിക്കാനുമുള്ള അവസരമാണ് ഫാബ് അക്കാഡമി പ്രോഗ്രാം നൽകുന്നത്.

ഓൺലൈൻ ആയി അപേക്ഷിക്കാൻ https://fabacademy.fablabkerala.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497336617.