
''പലരും പറയുന്നതു കേട്ടാൽ പതറിപ്പോകു മെന്ന് പഴമക്കാർ പറയുന്നതു കേട്ടിട്ടില്ലേ?എന്താണ് അതിന്റെ അർത്ഥമെന്ന് ചിന്തിച്ചിട്ടുണ്ടോ?""- സദസ്സിന്റെ മുൻനിരയിൽ, പ്രഭാഷകന്റെ ഓരോ വാക്കും ശ്രദ്ധയോടെ ശ്രവിക്കുകയായിരുന്ന യുവതികളെ വാത്സല്യപൂർവം നോക്കിക്കൊണ്ടാണ് അദ്ദേഹം അതു ചോദിച്ചത്.
''എല്ലാവരും പറയുന്നതു കേട്ടാൽ എങ്ങോട്ടാണ് നമുക്ക് പോകാൻ കഴിയുക? മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതെ സ്തംഭിച്ചു പോകില്ലേ? അതിന്റെ ആവശ്യമില്ല"" - ഇത്രയും വ്യക്തമായി പറഞ്ഞശേഷം പ്രഭാഷകൻ സദസ്യരെ ഒന്നു കണ്ണോടിച്ചു. മിക്കവരും ചെറുപ്പക്കാർ! പതിവിനു വിപരീതമായി എല്ലാവരും ശ്രദ്ധയോടെ, തന്നെ ശ്രവിക്കുന്ന കാഴ്ചയിൽ നിന്ന് ആവേശമുൾക്കൊണ്ട പോലെ അദ്ദേഹം തുടർന്നു:
''ഏതു കാര്യത്തിലും പലവിധത്തിലുള്ള അഭിപ്രായങ്ങൾ വരുന്നത് സ്വാഭാവികം. അഭിനന്ദനങ്ങളേക്കാൾ വിമർശനങ്ങളായിരിക്കാം കൂടുതലെന്നും തോന്നിയേക്കാം. എന്നാൽ, ഒന്നും ശ്രദ്ധിക്കില്ല എന്ന നിലപാടിന്റെ ആവശ്യമില്ല. അഭിപ്രായങ്ങൾ വന്നോട്ടെ എന്ന തുറന്ന സമീപനമാണ് നല്ലത്. കഴമ്പുണ്ടെന്നു കാണുന്ന അഭിപ്രായങ്ങളെപ്പറ്റി, അവ വിമർശനമോ കുറ്റപ്പെടുത്തലോ കളിയാക്കലോ എന്തുതന്നെയായാലും ശ്രദ്ധയോടെ മനസ്സിലാക്കാൻ ശ്രമിക്കുക. അതിൽ ക്രിയാത്മകമായി മുന്നോട്ടു പോകാനുള്ള നുറുങ്ങുവെളിച്ചമെങ്കിലും ഉണ്ടോ എന്ന് വിലയിരുത്തുക.
നമ്മെ തളർത്താനുള്ള കുബുദ്ധിയിൽ നിന്നുള്ള അഭിപ്രായപ്രകടനമാണെന്ന് ബോദ്ധ്യപ്പെട്ടാൽ അവജ്ഞയോടെ അതിനെ തള്ളാനും മടിക്കരുത്! ഏത് അഭിപ്രായവും സ്വീകരിച്ചാലുള്ള വരുംവരായ്കകളെപ്പറ്റി യുക്തിപൂർവം ചിന്തിക്കുക. എന്നിട്ട് തീരുമാനിക്കുക. പ്രധാന കാര്യങ്ങൾ വസ്തുനിഷ്ഠമായി ചിന്തിച്ചു തന്നെവേണം തീരുമാനമെടുക്കേണ്ടത്. ജീവിതം നമുക്കുള്ളതാണ്. അതിനാൽ വികാരംകൊണ്ട് ഒന്നും തീരുമാനിക്കരുത്! ഓർക്കുക, അവസാന തീരുമാനം നമ്മുടേതായിരിക്കണം.
വിജയമായിരിക്കും എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. തീർച്ചയായും വഴിയിൽ വിലയിരുത്തൽ വേണം. തെറ്റിപ്പോയി എന്നു മനസ്സിലായാൽ യാതൊരു ദുരഭിമാനവും തോന്നാതെ സ്വയം തിരുത്തി മുന്നോട്ടുപോവുക. സംതൃപ്തിയുള്ള ഒരു വിജയം നമ്മെ കാത്തുനിൽപ്പുണ്ടാകും, അതിനു കൈകൊടുത്ത് മുന്നേറുക....""
ഇത്രയും പറഞ്ഞതിനു ശേഷം അദ്ദേഹം ശ്രോതാക്കളെ ആകമാനം നോക്കി. ഒരു മുഖത്തും ഉറക്കച്ചടവു കണ്ടില്ല, എല്ലാവരും പുതിയൊരു ഊർജപ്രസരണത്തിന്റെ ഉണർവിലായിരുന്നു. ''സ്വയം മറന്നുള്ള സന്തോഷത്തിലായിരിക്കുമ്പോൾ ഒരു കാര്യവും കണ്ണടച്ചു സമ്മതിക്കരുത്. ദശരഥ മഹാരാജാവിന്റെ ദുരന്തജീവിതാന്ത്യം മാത്രം ഓർത്താൽമതി. കടുത്ത വിഷാദത്തിൽ ഒരുകാര്യവും തീരുമാനിക്കരുത്. ഇടപ്പള്ളി രാഘവൻപിള്ള എന്ന മഹാപ്രതിഭ പാതിവഴിയിൽ ജീവിതം അവസാനിപ്പിച്ചു പോയതിനാൽ എത്ര മനോഹര കാവ്യങ്ങളാണ് നമുക്കു നഷ്ടമായത്! ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ച പലരും വിഷാദത്തിലെടുത്ത തീരുമാനം വൈകിപ്പിച്ചിരുന്നെങ്കിൽ ഇന്നും നമുക്കൊപ്പം കാണുമായിരുന്നു!
സമാധാനം നൽകുന്ന സഹധർമ്മിണിയായിരുന്നു സാന്തിപ്പി എങ്കിൽ ലോകത്തെ വേദാന്തം പഠിപ്പിച്ച മഹാനായ സോക്രട്ടീസ് ഇത്ര നിസ്സംഗതയോടെ, വിഷം കുടിച്ചു മരിക്കുക എന്ന ശിക്ഷ സ്വീകരിക്കാൻ തയ്യാറാകുമായിരുന്നോ?ദേഷ്യത്തിലിരുന്നപ്പോൾ പ്രതികരിക്കാതിരുന്നെങ്കിൽ നമ്മുടെ കുടുംബ കോടതികളിലെ തിരക്ക് പകുതിക്കും താഴെയാകുമായിരുന്നു! മറിച്ചുള്ള തീരുമാനങ്ങൾ എന്നും തീരാദുഃഖങ്ങൾക്ക് ഇടയായേക്കാം."" ഇത്രയും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചു.