
അവൾ ഇപ്പോൾ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരിക്കും , അല്ലെങ്കിൽ ബസ് കാത്തു നിൽക്കുകയായിരിക്കും. ബസിൽ കൂട്ടുകാരിയെ നോക്കി ഇങ്ങനെ ചിരിക്കുകയായിരിക്കും...- ഒരു യുവാവ് ഓഫീസിൽ പോകുന്ന വഴി, കാമുകിയെ ഓർത്ത് ഇങ്ങനെയെല്ലാം ചിന്തിക്കുകയാണ്. അവൾ ഇങ്ങനെയായിരിക്കും പുസ്തകം പിടിച്ചിരിക്കുന്നതെന്നു ചിന്തിച്ച്, അറിയാതെ തന്റെ ബ്രീഫ്കേസ് എടുത്ത് പുസ്തകം പോലെ െെകയിൽ പിടിച്ച്, അവൾ നടക്കുന്നതുപോലെ നടക്കാൻ തുടങ്ങി. അപ്പോൾ പിന്നിൽ പൊട്ടിച്ചിരി! തിരിഞ്ഞുനോക്കിയപ്പോൾ കൂട്ടുകാർ. പെട്ടെന്ന് അവന് സ്ഥലകാലബോധം വന്നു. കാമുകിയെപ്പറ്റി ചിന്തിച്ച്, സ്വയം കാമുകിയായി തന്നെത്തന്നെ മറന്നു. ഇതാണ് മനസ്സിന്റെ സങ്കല്പശക്തി.
ചിലർ ശത്രുവിനോടുള്ള ദേഷ്യം നിയന്ത്രിക്കാനാവാതെ മേശമേൽ അടിക്കും. എന്നിട്ട് അട്ടഹസിക്കും അവനെ കാണട്ടെ, കൊല്ലും ഞാൻ! ശത്രുവിനെ മനസ്സിൽ കണ്ടാണ് മേശയിൽ അടിക്കുന്നത്. ഭാവനയുടെ ഈ ശക്തിയെ നമുക്ക് ആദ്ധ്യാത്മിക പുരോഗതിക്കായി പ്രയോജനപ്പെടുത്താം. അതാണ് മാനസപൂജ. മനസ്സിനെ നമ്മുടെ ഇഷ്ടദൈവത്തിൽത്തന്നെ നിർത്താനുള്ള ശക്തവും പ്രായോഗികവും ചെലവ് ഒട്ടുമില്ലാത്തതുമായ മാർഗ്ഗം.
ബാഹ്യപൂജയെക്കാൾ മാനസപൂജയിൽ എളുപ്പം ഏകാഗ്രത കിട്ടും. മാനസപൂജ ചെയ്യുമ്പോൾ ആദ്യം ഇഷ്ടദേവത സിംഹാസനത്തിൽ ഇരിക്കുന്നതായി സങ്കല്പിക്കണം. ഒരു അമ്മ കുഞ്ഞിനെ കുളിപ്പിച്ച്, മുടി ചീകി, തല തുവർത്തി, വസ്ത്രങ്ങളണിയിച്ച്, കണ്ണെഴുതി, പൊട്ടുതൊട്ട് ഒരുക്കുന്നതുപോലെ വേണം ഹൃദയത്തിൽ ഇഷ്ടദേവതയെ സകല ഉപചാരങ്ങളോടെയും പൂജിക്കാൻ.
ക്ഷേത്രത്തിൽ പൂജാരി വിഗ്രഹത്തെ അഭിഷേകം ചെയ്യുന്നതുപോലെ, ഇഷ്ടമൂർത്തിയെ വെള്ളമൊഴിച്ച് അഭിഷേകം ചെയ്യണം, പരിശുദ്ധ വസ്തുക്കളായ പാൽ, തൈര്, വെണ്ണ, നെയ്യ്, പനിനീര് എന്നിവകൊണ്ട് അഭിഷേകം ചെയ്യുന്നതായി ഭാവന ചെയ്യണം. അഭിഷേകം ചെയ്യുമ്പോൾ ഇഷ്ടദേവതയുടെ ഓരോ അവയവത്തിലും തട്ടിത്തട്ടി വെള്ളം താഴേക്കു വീഴുന്നതായി കാണണം. അപ്പോഴെല്ലാം നാമം ജപിച്ച് ആ രൂപം ഭാവന ചെയ്യണം. അഭിഷേകം കഴിഞ്ഞ് ഇഷ്ടദേവതയുടെ ശരീരം തുണികൊണ്ടു തുടച്ച് പട്ടു വസ്ത്രം അണിയിക്കണം. തിരുനെറ്റിയിൽ പൊട്ടു തൊടുവിക്കണം. കഴുത്തിലും കൈയിലും ആഭരണങ്ങൾ അണിയിക്കണം. പാദസരം ചാർത്തണം. മാലചാർത്തി ആ സൗന്ദര്യം നോക്കിക്കണ്ട് ആസ്വദിക്കണം.
അനന്തരം, നമ്മുടെ മനസ്സാകുന്ന പുഷ്പത്തിന്റെ ദളങ്ങൾ ഓരോന്നായി അടർത്തിയെടുത്ത് അവിടുത്തെ പാദങ്ങളിൽ അർപ്പിക്കണം. അല്ലെങ്കിൽ നമ്മുടെ വാസനകളെ ഹോമാഗ്നിയിൽ ഹോമിക്കുന്നതായി സങ്കല്പിക്കണം. തുടർന്ന് അവിടുത്തേക്ക് പ്രേമമാകുന്ന പായസം നിവേദിക്കണം. മനസ്സുകൊണ്ട് ആരതിയുഴിയണം. ആ സമയം അഗ്നിയുടെ വെളിച്ചത്തിൽ ഇഷ്ടമൂർത്തിയുടെ ഓരോ അവയവവും വെട്ടിത്തിളങ്ങുന്നതു കാണണം. അവസാനം എഴുന്നേറ്റ് അവിടുത്തെ പ്രദക്ഷിണം ചെയ്യണം. ഈ സമയമെല്ലാം ഈശ്വരനാമം ജപിക്കണം. പിന്നീട് കണ്ണടച്ചിരുന്ന് ഇഷ്ടദേവതയുടെ തേജോപൂർണ്ണമായ രൂപം ധ്യാനിക്കണം.
ചഞ്ചലത എന്നത് മനസ്സിന്റെ സ്വഭാവമാണ്. അങ്ങനെയുള്ള മനസ്സിനെ ബലമായി അടക്കിനിർത്താൻ ശ്രമിക്കുന്നതിനു പകരം അതിന് ശരിയായ വഴി കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. മാനസപൂജയിലൂടെ മനസ്സ് അതിവേഗം ഏകാഗ്രമാകും. ഒപ്പം മനസ്സിൽ സന്തോഷം നിറയുകയും ചെയ്യും.