
കോളേജിൽ പഠിക്കുമ്പോൾ മുതൽ ശ്രുതി ശരണ്യം സിനിമ മാത്രമാണ് സ്വപ്നം കണ്ടത്.സിനിമ എന്ന സ്വപ്നലോകത്ത് തന്നെ എത്തിച്ചേർന്ന ശ്രുതി ആദ്യമായി സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ " 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നതാണ് പുതിയ വിശേഷം.മാസ് കമ്മ്യൂണിക്കേഷൻ പഠിച്ച ശ്രുതി കുറച്ചു നാൾ ചാനലുകളിൽ ജോലി ചെയ്തു.പിന്നീട് കോർപറേറ്റ് ഫിലിമുകളും പരസ്യ ചിത്രങ്ങളും നിർമ്മിക്കുന്ന പ്രൊഡക്ഷൻ ഹൗസിൽ അസിസ്റ്റന്റായി പ്രവർത്തിച്ചു. നിരവധി കോർപറേറ്റ് ഫിലിമുകൾ, ഡോക്യുമെന്ററികൾ . ശ്രുതി സംവിധാനം ചെയ്ത 'ചാരുലത" , 'ചിരുത", 'ബാലെ" തുടങ്ങിയ മ്യൂസിക് വീഡിയോകൾ മികച്ച സ്വീകാര്യതയാണ് നേടിയത്.അവിടെ നിന്ന് ആദ്യ സിനിമയിലേക്ക്. ''സിനിമ എന്ന മാദ്ധ്യമം ഉപയോഗപ്പെടുത്തി ചെയ്യുന്ന ഏത് ജോലിയും സിനിമ എന്നതാണ് എന്റെ കാഴ്ചപ്പാട്. അതിന്റെ ദൈർഘ്യം ഒരു പ്രശ്നമല്ല. അങ്ങനെ നോക്കുമ്പോൾ ഇതെന്റെ ആദ്യ സിനിമയല്ല. നിരന്തരം ചെറിയ ചിത്രങ്ങൾ ചെയ്യുന്ന ഒരാളാണ് ഞാൻ."" ശ്രുതി മനസ് തുറന്നു.
ആദ്യ സിനിമ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുമ്പോൾ എന്താണ് മനസ്സിൽ?
സന്തോഷം, ആഹ്ലാദം, ആനന്ദം, ആമോദം. വാക്കുകൾ കൊണ്ട് ആ വികാരം പ്രകടിപ്പിക്കാൻ കഴിയില്ല. കാരണം ഇത് വളരെ കുറച്ചുപേർക്ക് മാത്രം കിട്ടിയ അവസരമാണ്. ആദ്യ സിനിമ തന്നെ ഇത്രയും വലിയ രീതിയിൽ അംഗീകരിക്കപ്പെടുക, പൊതുജനങ്ങൾക്ക് മുമ്പിൽ ഐ.എഫ്.എഫ്.കെ പോലെ വേദിയിൽ പ്രദർശിപ്പിക്കപ്പെടുക എന്നുള്ളത് വലിയൊരു അവസരം തന്നെയാണ്.
ക്യാമറയുടെ മുന്നിലും പിന്നിലും കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമ്പോൾ എന്ത് പ്രത്യേകതയാണ് അനുഭവപ്പെടുന്നത്?
സ്ത്രീ ശാക്തീകരണം മുൻനിർത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമയാണിത്. കേരളത്തിന്റെ അഭിമാനം എന്ന് പറയാവുന്ന പദ്ധതി . എന്റെ സിനിമ പ്രതിപാദിക്കുന്ന വിഷയമാണ് അങ്ങനെയൊരു സിനിമ നിർമിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. സ്ത്രീകളുടെ ശരീര രാഷ്ട്രീയം പറയുന്ന സിനിമയായത് കൊണ്ടാണ്. എന്നെ സംബന്ധിച്ച് അത്തരം ഒരു അവസരം ലഭിക്കുമ്പോൾ എന്നെപോലെ സിനിമാ മേഖലയിൽ വരാൻ താത്പര്യമുള്ള ഒരുപാട് സ്ത്രീകൾക്ക് അവസരം നൽകുക എന്നുള്ളതാണ് ഞാൻ ചെയ്യേണ്ട കർത്തവ്യം. അത് ഞാൻ ചെയ്തുവെന്നേയുള്ളു. എനിക്ക് അത്തരമൊരു അവസരം കിട്ടിയപ്പോൾ ഉപയോഗപ്പെടുത്തി. ഈ സിനിമയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ള മിടുക്കികളായ ഒരുപാട് സ്ത്രീകളെ ലഭിച്ചു. അതുകൊണ്ടാണ് ഈ സിനിമയുണ്ടായത്.
സംവിധായികയായി മാറുന്നതിന് വെല്ലുവിളികൾ ഉണ്ടാകുന്നുണ്ടോ?
സംവിധായികയാവണമെന്ന ആഗ്രഹവുമായി ഒരുപാട് വർഷങ്ങളായി മലയാള സിനിമാ മേഖലയിലെ പലരെയും സമീപിക്കുന്നുണ്ടായിരുന്നു. വാണിജ്യ സിനിമകൾ തന്നെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ആദ്യ സിനിമ ചെയ്യാനായി സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതി വേണ്ടിവന്നു. പുതുമുഖ സംവിധായികയ്ക്ക് സിനിമയിൽ കയറിപ്പറ്റുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണ് എന്നുള്ളതിന്റെ വലിയൊരു തെളിവാണത്. അതിപ്പോൾ സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ. പക്ഷേ സ്ത്രീകൾക്ക് തന്റെ സിനിമാമോഹം നടത്തിയെടുക്കാനുള്ള വെല്ലുവിളികൾ കൂടുതലായിരിക്കും.
ബി 32 മുതൽ 44 വരെ സ്ത്രീപക്ഷ സിനിമയാണെന്ന് കരുതുന്നുണ്ടോ?
ഒരു മനുഷ്യപക്ഷ സിനിമയായാണ് ഞാൻ എന്റെ സിനിമയെ കാണുന്നത്. അതിനെ സ്ത്രീപക്ഷം എന്ന് പറഞ്ഞ് വിഭജിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. അനാർക്കലി അവതരിപ്പിച്ച സിയ എന്ന കഥാപാത്രം ട്രാൻസ്മാൻ ആണ്. സ്ത്രീയുടെ ശരീരമെന്ന രീതിയിൽ സമൂഹം കാണുന്ന ഒരു ശരീരഘടനയിൽ ജീവിക്കേണ്ടി വരുന്നപുരുഷന്റെ കഥയാണ് സിനിമ പറയുന്നത്. സ്ത്രീപക്ഷ സിനിമ എന്ന ഒരു പദത്തിലേക്ക് മാത്രം അതിനെ ഒതുക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അടുത്ത സിനിമയെക്കുറിച്ചുള്ള ആലോചന നടക്കുന്നു. തിരക്കഥ എഴുതുകയാണ്.