pic

 കോടികൾ പ്രഖ്യാപിച്ച് സമ്പന്ന രാജ്യങ്ങൾ

ദുബായ് : ആഗോള താപനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളാൽ ബുദ്ധിമുട്ടുന്ന ദരിദ്ര,​ വികസ്വര രാജ്യങ്ങളെ സഹായിക്കാനുള്ള കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടിന് ( ലോസ് ആൻഡ് ഡാമേജ് ഫണ്ട് )​ ഔദ്യോഗികമായി തുടക്കം.

ഇന്നലെ യു.എ.ഇയിലെ ദുബായ് എക്സ്പോ സിറ്റിയിൽ ആരംഭിച്ച ഐക്യരാഷ്‌ട്ര സഭയുടെ ( യു.എൻ ) ' കോപ് 28' കാലാവസ്ഥാ ഉച്ചകോടിയിലാണ് നിർണായക പ്രഖ്യാപനം.

വർഷങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ വർഷം ഈജിപ്റ്റിലെ ഷാം എൽ ഷെയ്ഖിൽ നടന്ന 'കോപ് 27" ഉച്ചകോടിയിലാണ് ഈ ഫണ്ട് സ്വരൂപിക്കാൻ സമ്പന്ന രാജ്യങ്ങൾ തീരുമാനിച്ചത്. ഇത് സംബന്ധിച്ച കരാറിൽ ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ഒപ്പിട്ടിരുന്നു.

കാലാവസ്ഥാ പ്രതിസന്ധികൾ നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് 2020ഓടെ ഓരോ വർഷവും ആകെ 10,000 കോടി ഡോളർ നൽകാമെന്ന് 2009ൽ കോപ്പൻഹേഗൻ ഉച്ചകോടിയിൽ സമ്പന്നരാജ്യങ്ങൾ ഉറപ്പ് നൽകിയിരുന്നു. ഇത് പ്രാവർത്തികമാകാത്തത് പ്രതിഷേധത്തിനിടയാക്കി.

ആദ്യമായാണ് ഒരു യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ ഒരു പ്രഖ്യാപനം നടപ്പാക്കുന്നത്. പ്രഖ്യാപനം ചരിത്രം സൃഷ്ടിച്ചതായി അദ്ധ്യക്ഷത വഹിക്കുന്ന യു.എ.ഇയുടെ കോപ് 28 പ്രസിഡന്റ് സുൽത്താൻ അൽ ജാബർ പ്രഖ്യാപിച്ചു. രാജ്യം ഫണ്ടിലേക്ക് 10 കോടി ഡോളർ സംഭാവന ചെയ്യും. ജർമ്മനിയും 10 കോടി ഡോളർ വാഗ്ദാനം ചെയ്തു. യു.കെ 7.6 കോടി ഡോളർ,​ യു.എസ് 1.75 കോടി ഡോളർ എന്നിങ്ങനെ സംഭാവന പ്രഖ്യാപിച്ചു. തുക ലോകബാങ്കിൽ താത്കാലികമായി സൂക്ഷിക്കും.

അതേസമയം,​ കാലാവസ്ഥാ ദുരന്തങ്ങൾക്ക് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനുള്ള നടപടികൾ കഴിഞ്ഞ വർഷവും രൂപീകരിക്കാനായിരുന്നില്ല. ഡിസംബർ 12 വരെ നീളുന്ന ഇത്തവണത്തെ ഉച്ചകോടിയിൽ ഇതിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.

കാലവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ കാർബൺ ബഹിർഗ്ഗമനം കുറയ്ക്കാനും വനങ്ങൾ സംരക്ഷിക്കാനുമുള്ള മറ്റ് നടപടികളും 140ലേറെ രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകും.

1995 മുതൽ എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന നടത്തുന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ക്ലൈമറ്റ് കോൺഫറൻസ് ഒഫ് ദ പാർട്ടീസ് അഥവാ കോപ്. ഇതിന്റെ 28-ാം പതിപ്പാണ് ഇത്തവണ.

 മോദി ഇന്ന് ഉച്ചകോടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചകോടിയിൽ പങ്കെടുക്കും. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആശങ്കകളും ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയിൽ നടത്തിയ കാലാവസ്ഥാ പദ്ധതികളും അദ്ദേഹം ഉച്ചകോടിയിൽ മുന്നോട്ടുവയ്ക്കും.

ചുട്ടുപൊള്ളി 2023

ദുബായ്: മനുഷ്യചരിത്രത്തിലെ ഏ​റ്റവും ചൂടേറിയ വർഷമായിരിക്കും 2023 എന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്. ഇന്നലെ കോപ് 28 ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ തകർച്ചയിലൂടെയാണ് ജീവിക്കുന്നതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പ്രതിബന്ധത നിറവേറ്റണമെന്ന് അഭ്യർത്ഥിച്ചു.

സമുദ്രനിരപ്പും സമുദ്രോപരിതല താപനിലയും റെക്കാഡ് ഉയരത്തിലെത്തിയെന്നും അന്റാർട്ടിക്കയിലെ കടലിലെ ഐസ് നില കുത്തനെ താഴ്ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023, ആഗോള താപനില റെക്കാഡ് തകർത്തെന്ന് കരുതുന്നതായി ലോക കാലാവസ്ഥാ സംഘടനയും പ്രതികരിച്ചു. എൽ നിനോ പ്രതിഭാസം മൂലം 2024ഉം ചുട്ടുപ്പൊള്ളുമെന്നാണ് ആശങ്ക.