
തിരുവനന്തപുരം: അറബിക്കടലിനെ സാക്ഷിയാക്കി അനഘയുടെ കഴുത്തിൽ റിയാസ് മിന്നുചാർത്തി. പ്രകൃതിയുടെ അനുഗ്രഹമെന്നോണം കടലിൽനിന്ന് വീശിയ കുളിർക്കാറ്റ് ഈ വേളയിൽ വിവാഹവേദിയെ തഴുകി കടന്നുപോയി. ഇതോടെ സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ശംഖുംമുഖം ബീച്ചിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽ പൊലിമയാർന്ന തുടക്കമായി.
ഇന്നലെ വൈകിട്ട് ആറോടെ വെഡ്ഡിംഗ് കേന്ദ്രത്തിൽ ഒരുക്കിയ വിവാഹവേദിയിലെത്തിയ വധൂവരൻമാർ ആദ്യം താലി ചാർത്തി. തുടർന്ന് പരസ്പരം ഹാരം അണിയിച്ചു. കടലിന്റെ പശ്ചാലത്തിൽ പച്ചപ്പരവതാനി വിരിച്ച തട്ടുതട്ടായുള്ള വിവാഹവേദി പ്രകൃതിരമണീയമായ കാഴ്ച സമ്മാനിച്ചു. സ്വർണവർണങ്ങളിലുള്ള എൽ.ഇ.ഡി ബൾബുകളാൽ മിന്നിത്തിളങ്ങുകയായിരുന്നു വേദിയും പരിസരവും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം. അതിഥികൾക്കായി വൈവിദ്ധ്യമാർന്ന വിഭവങ്ങളും ഒരുക്കിയിരുന്നു.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽവച്ച് ആദ്യമായി വിവാഹിതരാകാൻ സാധിച്ചതിന്റെ സന്തോഷം വധൂവരൻമാരായ കൊല്ലം നിലമേൽ സ്വദേശി റിയാസ് ഇബ്രാഹിമും ഉള്ളൂർ സ്വദേശി അനഘ എസ്.ഷാനുവും പങ്കുവച്ചു. ''വിവാഹിതരാകാൻ ഇതുപോലൊരു അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇത്രയും മികച്ച സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബീച്ചും അസ്തമയ സൂര്യനുമൊക്കെ ചേർന്ന് വളരെ മനോഹരമായിരുന്നു. കേരളത്തിലെ മറ്റു ജില്ലകളിലും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രങ്ങൾ ഉണ്ടാകട്ടെയെന്ന് റിയാസ് പറഞ്ഞു.
ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ ടൂറിസം വികസന കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് മേൽനോട്ടം വഹിക്കുന്നത്. മേയിൽ അടുത്ത വിവാഹം നടക്കുമെന്നും അതിനായി ബുക്കിംഗ് ലഭിച്ചുവെന്നും സൊസൈറ്റി ഡയറക്ടർ യു.എൻ.ഷമീർ പറഞ്ഞു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 75,000 രൂപയും നികുതിയുമാണ് ഇവിടെ വിവാഹം നടത്താനുള്ള നിരക്ക്. 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.