
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ തെളിഞ്ഞത് പരമ്പരാഗത നിലവിളക്കിനു പകരം വെള്ളമൊഴിച്ചാൽ കത്തുന്ന എൽ.ഇ.ഡി നിലവിളക്ക്. പുതുപരീക്ഷണങ്ങളിലൂടെ കുട്ടികൾ ശാസ്ത്ര കൗതുകം നിറയ്ക്കുന്ന മേളയുടെ ഉദ്ഘാടനം അങ്ങനെ പുതുമയാർന്നതായി. നിലവിളക്കിന്റെ തട്ടിൽ ഉറപ്പിച്ച പ്ളാസ്റ്റിക് ചെരാതിൽ ഉദ്ഘാടകനായ സ്പീക്കർ എ.എൻ. ഷംസീറാണ് വെള്ളമൊഴിച്ച് ബൾബ് പ്രകാശിപ്പിച്ചത്. അതോടെ സദസ്സിൽ നിറഞ്ഞ കൈയടി.
കോവളം വാഴമുട്ടം ഗവ.ഹൈസ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ വെങ്ങാനൂർ ഹാവില വീട്ടിൽ കെ.വി.ഷാജിയാണ് ഇതിന്റെ സൂത്രധാരൻ. തന്റെ സ്കൂളിലെ ശാസ്ത്രപോഷിണി ലാബ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുമ്പോൾ കൊളുത്താനായാണ് ഈ നിലവിളക്ക് തയ്യാറാക്കിയത്. ഉദ്ഘാടനം നീണ്ടുപോയതോടെ ശാസ്ത്രമേളയുടെ സംഘാടകർ സമീപിക്കുകയായിരുന്നു.
2021ൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ഷാജിക്ക് ലഭിച്ചിരുന്നു. ദേശീയ അവാർഡീ ടീച്ചേഴ്സ് കൂട്ടായ്മയുടെ ഗുരുശ്രേഷ്ഠ അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: ബി.കെ.ബീന (കണ്ടല ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക). ആലപ്പുഴ മെഡി.കോളേജിൽ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ബി.എസ്.അക്ഷയ്, വെങ്ങാനൂർ വി.പി.എസ് മലങ്കര എച്ച്.എസ്.എസിലെ പത്താംക്ളാസ് വിദ്യാർത്ഥി ബി.എസ്.അജയ് എന്നിവർ മക്കൾ.
പ്രവർത്തനം ബാറ്ററിയിൽ
നിലവിളക്കിൽ തിരികളിടുന്ന തട്ടിൽ ഘടിപ്പിച്ച പ്ലാസ്റ്റിക് ചെരാതുകളിൽ രണ്ട് ചെറിയ ബാറ്ററികൾ ഘടിപ്പിച്ച് അവയെ നേർത്തകമ്പികൊണ്ട് (സർക്യൂട്ട് വയർ) ബന്ധിപ്പിച്ചു. ഇതിൽ നിന്ന് ബൾബുകളിലേക്ക് കണക്ഷൻ നൽകി. സർക്യൂട്ട് വയറിൽ വെള്ളം ഒഴിക്കുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ബൾബ് കത്തുകയും ചെയ്യും. വെള്ളത്തിൽ സോഡിയം, മഗ്നീഷ്യം, കാത്സ്യം എന്നിവയുടെ ലവണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ വെള്ളം വൈദ്യുത ചാലകമായി പ്രവർത്തിച്ചാണ് ബൾബുകൾ പ്രകാശിക്കുന്നത്.