
കൊല്ലം: ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തും വയറ്റിൽ കുത്തേറ്റും മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന വൃദ്ധൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇസ്രയേൽ സ്വദേശിയായ രാധ എന്ന് വിളിക്കുന്ന സത്വയാണ് (36) മരിച്ചത്. ഇവരുമായി ബന്ധുവീട്ടിൽ താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെ (75) പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മൂന്നോടെ കൊല്ലം പുന്തലത്താഴം ഡീസന്റ് ജംഗ്ഷന് സമീപം കോടാലിമുക്കിൽ കൃഷ്ണചന്ദ്രന്റെ ജ്യേഷ്ഠന്റെ മകൻ രവിചന്ദ്രൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കൃഷ്ണചന്ദ്രൻ വർഷങ്ങളായി ഉത്തരാഖണ്ഡിൽ യോഗ പരിശീലകനായിരുന്നു. അവിടെ പരിശീലനത്തിന് എത്തിയതായിരുന്നു യുവതി.
അങ്ങനെയാണ് പരിചയം തുടങ്ങിയത്. പിന്നീട് ഇരുവരും വിവാഹിതരായെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരും ഒരുവർഷം മുമ്പ് കൃഷ്ണചന്ദ്രൻ കോടിലിമുക്കിലുള്ള രവിചന്ദ്രന്റെ വാടക വീട്ടിൽ എത്തുകയായിരുന്നു. ആയുർവേദ ചികിത്സയ്ക്കെന്ന പേരിലാണ് എത്തിയത്. ഇന്നലെ രാവിലെ രവിചന്ദ്രൻ ജോലിക്ക് പോയി. ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയ ഭാര്യ ബിന്ദു വൈകിട്ട് മൂന്നരയോടെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ വാതിലുകൾ അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. ബിന്ദു ജനാലയിൽ മുട്ടിയതോടെ കൃഷ്ണചന്ദ്രനെത്തി പിൻവാതിൽ തുറന്നു. സത്വ ഹാളിൽ കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതു കണ്ട് ബിന്ദു നിലവിളിച്ചതോടെ കൃഷ്ണചന്ദ്രൻ പെട്ടെന്ന് വാതിലടച്ചു. അയൽവാസികളെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോൾ കൃഷ്ണചന്ദ്രൻ സ്വയം വയറ്റിൽ കുത്തിയ നിലയിലായിരുന്നു. സത്വയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇസ്രയേലിലെ സത്വയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മൊഴി രോഗം മാറാത്തതിന്റെ മനോവിഷമത്തിൽ രാധ സ്വയം മരിക്കാൻ ശ്രമിച്ചു. കഴുത്തറുത്തു, മരിക്കാൻ കഴിയാതെ വന്നതോടെ തന്നോട് കൊല്ലാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് കുത്തിയത്. പിന്നീട് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചെന്നുമാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം.