k

മേജർ സന്ദീപ് ഉണ്ണിക്കൃഷണൻ, 2008 നവംബർ 28. ആ പേരും തീയതിയും മലയാളികളാരും മറന്നുകാണില്ല. അന്നാണ് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മുംബയ് താജ് മഹൽ ഹോട്ടലിൽ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയ്ക്കിടെ വീരമൃത്യു വരിച്ചത്. രാജ്യം വിതുമ്പിയ ആ വേർപാടിന് 15 വർഷം തികയുന്നു. 51 എൻ.എസ്.ജി വിംഗിന്റെ നായകനായിരുന്നു അന്ന് മേജർ സന്ദീപ്. ബീഹാർ റെജിമെന്റിൽ നിന്ന് എൻ.എസ്.ജിയിലേക്ക് ഡെപ്യൂട്ടേഷനിൽ ജോലിക്കെത്തിയ ഒരു 31കാരൻ. ആർജവമുള്ള ചെറുപ്പക്കാരനായിരുന്നു സന്ദീപ്. താജ് ഹോട്ടലിനകത്ത് ഏറ്റുമുട്ടലിൽ പരിക്കേറ്റ് വീണ ഒരു കമാൻഡോയെ പുറത്തേക്ക് മാറ്റിയശേഷം വീണ്ടും അക്രമണത്തിന് അകത്തേക്കെത്തിയ സന്ദീപ് പുറത്ത് വെടിയേറ്റ് വീഴുകയായിരുന്നു.

26 നവംബർ 2008. അതൊരു ബുധനാഴ്ചയായിരുന്നു. മുംബയ് അതിന്റെ പതിവ് തിരക്കുകളിലൂടെ ദിവസാന്ത്യത്തിലേക്ക് കടന്നിരുന്നു. സാധാരണ ദിവസമായി അവസാനിക്കേണ്ട ആ ദിവസം അങ്ങനെ അവസാനിച്ചില്ല. ലോക ഭീകരാക്രമണ ചരിത്രത്തിലെ ഒരു സവിശേഷ ദിനമായി നവംബർ 26 മാറുകയായിരുന്നു.
വർഷങ്ങൾ നീണ്ട തയ്യാറെടുപ്പിനും പരിശീലനങ്ങൾക്കുമൊടുവിലായിരുന്നു നവംബർ 26ന് രാത്രി 8.15ന് പാക്കിസ്ഥാനിൽ നിന്നുള്ള പത്ത് ഭീകരരുടെ സംഘം ഒരു മത്സ്യബന്ധന ബോട്ടിൽ മുംബയ് തീരത്ത് വന്നു കയറിയത്.
നാലുദിവസം മുൻപ് നവംബർ 22നാണ് അജ്മൽ കസബ് ഉൾപ്പെടെയുള്ള ഭീകരരുടെ സംഘം കറാച്ചിയിൽ നിന്ന് പുറപ്പെട്ടത്. പുറം കടലിൽ 25 നോട്ടിക്കൽ മൈൽ അകലെ കാത്തു നിന്നിരുന്ന അൽ ഹുസൈനി കപ്പലിൽ അവരെത്തി. പിന്നീട് അതിലായി യാത്ര. നാല് മണക്കൂർ യാത്ര ചെയ്ത് കപ്പൽ ഗുജറാത്ത് തീരത്തെത്തിച്ചു. പോർബന്ദറിൽ വച്ച് എം.വി കബേർ എന്ന മത്സ്യ ബന്ധന ബോട്ടും സംഘം പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന നാല് പേരെ കൊന്ന് കടലിലും തള്ളി.
ബോട്ടിന്റെ ക്യാപ്ടൻ അമർ സിംഗ് സോളങ്കിയുമായി ഭീകരർ മുംബയ് തീരത്തേക്ക് തിരിച്ചു. ബോട്ട് മുംബയ് തീരം തൊട്ടപ്പോൾ ക്യാപ്ടൻ അമർ സിംഗ് സോളങ്കിയെയും കഴുത്തറത്ത് കൊന്നു. കയ്യിൽ കരുതിയിരുന്ന ഒരു സാറ്റ് ലൈറ്റ് ഫോൺ ഉപയോഗിച്ച് ഭീകരകർ വിവരങ്ങൾ പാക്കിസ്ഥാനിലെ ബുദ്ധികേന്ദ്രത്തിൽ അറിയിച്ചു കൊണ്ടിരുന്നു.
ഗ്രനേഡുകൾ,തോക്കുകൾ,ജി.പി.എസ്,ഭക്ഷണ സാധനങ്ങൾ തുടങ്ങി മൂന്നോ നാലോ ദിവസം തുടർച്ചയായി പോരാടാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയായിരുന്നു പത്തംഗ സംഘം ആ രാത്രി അവിടെ വന്നത്.

10ഓളം സ്‌ഫോടനങ്ങളാണ് അജ്മൽ കസബ് ഉൾപ്പെടെയുള്ള ആ സംഘം അന്ന് മുംബയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയത്. മുംബയ് കോളബായിലുള്ള ആഡംബര റെസ്റ്റോറന്റുകളിൽ ഒന്നായ ലിയോപോൾഡ് കഫെ, ടാറ്റയുടെ താജ് മഹൽ ഹോട്ടൽ, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ വിക്ടോറിയ ടെർമിനസ് എന്ന ഇന്നത്തെ ഛത്രപതി ശിവജി ടെർമിനസ്, കാമ ഹോസ്പിറ്റൽ, നരിമാൻ പോയിന്റിലെ ഒബ്രോയ് ട്രൈഡേന്റ്, മുംബയ് ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ് മെട്രോ ആഡ്ലാബ്സ് തീയേറ്റർ, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് തുടങ്ങിയ സ്ഥലങ്ങളെല്ലാം അക്രമിക്കപ്പെട്ടു.
26ന് തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകൾ നീണ്ടു. അനൗദ്യോഗിക കണക്കുകനുസരിച്ച് 22 വിദേശികൾ ഉൾപ്പടെ 195 പേർ കൊല്ലപ്പെട്ടു. 327 ഓളം പേർക്ക് ഗുരുതരമായ പരിക്കേറ്റു.
പൊലീസ് ഹെഡ് ക്വാർട്ടേർസിലെ വെടിവെപ്പിൽ മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ ചീഫ് ഓഫീസറടക്കം മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
പൊലീസിന്റെ നിഗമനം അനുസരിച്ച് 50 മുതൽ 60 വരെ തീവ്രവാദികൾ മുംബയ് ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചു.
മുംബയ് ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ,​ അഡിഷണൽ കമ്മിഷണർ ഒഫ് പോലീസ് അശോക് കാംട്ടെ, മുംബയ് പൊലീസിലെ എൻകൌണ്ടർ സ്‌പെഷ്യലിസ്റ്റ് വിജയ് സലസ്‌കാർ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശാങ്ക് ഷിണ്ടെ എൻ.എസ്.ജി കമാൻഡോ ഹവിൽദാർ ഗജേന്ദർ സിംഗ് ചത്രപതി ശിവാജി ടെർമിനസിലെ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ ആ ആക്രമണത്തിൽ വീരമൃത്യു വരിച്ചു.
അക്കൂട്ടത്തിൽ മലയാളികൾ ഇന്നും മറന്നിട്ടില്ലാത്ത പേരാണ് നാഷണൽ സെക്യൂരിറ്റി ഗാർഡിൽ കമാൻഡോയായിരുന്ന കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ.
അന്ന് രാത്രി പത്തിന് ശേഷമാണ് മുംബയിൽ എത്താൻ സന്ദീപിനും സംഘത്തിനും സന്ദേശം കിട്ടുന്നത്. അവിടം മുതൽ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയ്ക്ക് തുടക്കമായി. താജ് മഹൽ ഹോട്ടലിൽ ആറു നിലകളിൽ 565 മുറികളിലായി കുടുങ്ങിക്കിടന്നിരുന്ന 14 പേരെ പുറത്തെത്തിക്കാൻ അന്ന് സന്ദീപിന് കഴിഞ്ഞു. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ താജ് ഹോട്ടലിൽ 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും സന്ദീപിന്റെ സംഘാംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങി. 28ന് തനിച്ച് മുകളിലേക്കു കയറിയപ്പോഴാണ് 31 വയസുക്കാരനായ സന്ദീപിന് നേർക്ക് തീവ്രവാദികളിലൊരാൾ നിറയൊഴിച്ചത്.

1977 മാർച്ച് 15ന് കോഴിക്കോട് ചെറുവണ്ണൂരിലാണ് സന്ദീപിന്റെ ജനനം. പക്ഷേ ചെറുപ്രായത്തിൽ തന്നെ അച്ഛൻ ഉണ്ണിക്കൃഷ്ണനൊപ്പം സന്ദീപിന് ബംഗളൂരിലേക്ക് കുടിയേറേണ്ടി വന്നു. ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായിരുന്നു ഉണ്ണിക്കൃഷ്ണൻ. 1995ൽ ബംഗളൂരു ഉൽസൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളിൽ നിന്ന് ശാസ്ത്രത്തിൽ ബിരദം നേടിയ ശേഷമാണ് സന്ദീപ് പൂനെയിലെ നാഷണൽ ഡിഫെൻസ് അക്കാദമിയിൽ ചേരുന്നത്. എൻ.ഡി.എയിലെ പഠനത്തിന് ശേഷം 1999ൽ കമ്മിഷൻഡ് ഓഫീസറായി ബീഹാർ റെജിമെന്റിൽ ചേർന്നു. കരസേനയിലെ സൈനിക ജീവിതത്തിനിടയിൽ ജമ്മു കാശ്മീർ,രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലും ദേശവിരുദ്ധ പ്രവർത്തനം നേരിടാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു.

സന്ദീപിന്റെ ചെറുപ്പം മുതലുള്ള സ്വപ്നമായിരുന്നു സൈനിക സേവനം. 2007 ജനുവരി മുതൽ നാഷണൽ സെക്യൂരിറ്റി ഗാർഡിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. എൻ.എസ്.ജിയുടെ 51 സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
എൻ.എസ്.ജിലെത്തി ഒന്നരവർഷം പൂർത്തിയാക്കിയപ്പോഴേക്കും ഓപ്പറേഷൻ ബ്ലാക്ക് ടൊർണ്ണാഡോയ്ക്ക് തുടക്കമായി. ഇപ്പോഴും ഓരോവർഷവും സന്ദീപിന്റെ മാതാപിതാക്കൾ സെവൻ ബീഹാർ റെജിമെന്റിലേക്ക് യാത്രപോകും.
നാല് ദിവസം നീണ്ടുനിൽക്കുന്ന റെജിമെന്റ് ദിനാഘോഷങ്ങൾക്ക് വേണ്ടി. സന്ദീപിന്റെ മാതാപിതാക്കൾ എത്തിയാലേ റെജിമെന്റിലെ സൈനികർ ആഘോഷങ്ങൾ ആരംഭിക്കുകയുള്ളൂ. കൂടാതെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് എന്ന പേരിൽ സന്ദീപിന്റെ മാതാപിതാക്കൾ ട്രസ്റ്റിനും തുടക്കമിട്ടു. ബംഗളൂരുവിലെ വീട് തന്നെയാണ് ട്രസ്റ്റിന്റെ ആസ്ഥാനം. ഒട്ടേറെ വിദ്യാർത്ഥികളുടെ പഠനച്ചെലവ് ട്രസ്റ്റ് വഹിക്കുന്നുണ്ട്.
ഇന്ന് ഭാരതം ഒട്ടാകെ സന്ദീപിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കമ്പോൾ കോഴിക്കോടും സന്ദീപിന്റെ ഓർമകളിൽ മുഴുകുകയാണ്. ബംഗളൂരുവിലെ വീട്ടിൽ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുകയാണ് അച്ഛൻ കെ.ഉണ്ണികൃഷ്ണനും അമ്മ ധനലക്ഷ്മിയും.