devadoothan

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതൻ. റിലീസായി 23 വർഷം പിന്നിട്ടിട്ടും ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഓരോ തവണ കാണുമ്പോഴും കാണികൾക്ക് ദേവദൂതൻ ഒരത്ഭുതമാണ്.

ഇങ്ങനേയും കാമുകനെ കാത്തിരിക്കാമെന്ന് പഠിപ്പിച്ച അലീനയും അവൾ കാത്തിരിക്കുന്ന ഒരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് പോയ അന്ധനായ കാമുകൻ നിഖിൽ മഹേശ്വറും. നിഖിൽ മഹേശ്വറിനെ കാത്തിരിക്കുന്ന അലീനയുടെ മനസിൽ 30 വർഷങ്ങൾക്ക് ശേഷം അയാൾ എങ്ങനെയായിരിക്കും എന്ന സങ്കൽപ്പമുണ്ട്. ഇപ്പോഴിതാ ആ സങ്കൽപ്പചിത്രം സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ഓച്ചിറ സ്വദേശിയും ക്യാരക്‌ടർ കൺസപ്‌ട് ആർട്ടിസ്റ്റുമായ സേതു ശിവാനന്ദൻ.

അലീനയുടെ സങ്കൽപ്പത്തിൽ നിന്ന് ഒരുതരി പോലും വ്യത്യാസമില്ലാതെയാണ് സേതു നിഖിൽ മഹേശ്വറിന്റെ രൂപം വരച്ചത്. മുഖത്തെ ചുളിവുകളും, തിളക്കമാർന്ന കണ്ണും, നര വീണ മുടിയുമെല്ലാം അതേപടി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ദേവദൂതൻ എന്നാണ് സേതു പറയുന്നത്. വർക്കിനിടെ അതിന്റെ മൂഡിലെത്താൻ അദ്ദേഹം പല തവണ ഈ ചിത്രം കണ്ടു. അപ്പോഴാണ് അലീനയുടെ ഡയലോഗുകൾ കേട്ടപ്പോൾ നിഖിലിന്റെ രൂപം വരച്ചെടുക്കാനുള്ള തോന്നലുണ്ടായതെന്നും സേതു കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

അടുത്ത കാലത്ത് ശ്രദ്ധയാകര്‍ഷിച്ച നിരവധി കഥാപാത്രങ്ങളുടെ ലുക്കിന് പിന്നില്‍ സേതു ശിവാനന്ദന്റെ നിര്‍ണായക പങ്കുണ്ട്. 'വൃഷഭ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ക്യാരക്ടര്‍ ലുക്ക് തയ്യാറാക്കിയതും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വൃഷഭയിലെ കൺസപ്‌ടും സ്പെഷ്യൽ എഫക്ട്സ് വർക്കും ലാലേട്ടൻ കാരണമാണ് കിട്ടിയതെന്നും സേതു പറഞ്ഞു. രക്ഷിത് ഷെട്ടിയുടെ 'സപ്ത സാഗരദാച്ചേ എല്ലോ' എന്ന ചിത്രത്തിൽ സ്പെഷ്യൽ എഫക്‌ട്സ് , ജി വി പ്രകാശിന്റെ കിംഗ്സ്റ്റൺ, കമല ഹാസൻ നായകനായ മണിരത്നം ചിത്രത്തിലും സൂര്യ നായകനാകുന്ന കങ്കുവയുടെ സ്പെഷ്യൽ എഫക്ട്സ് ടീമിലും സേതു വർക്ക് ചെയ്തിട്ടുണ്ട്.

ഹോളിവുഡിലും ബോളിവുഡിലും കോടികൾ മുടക്കി ചെയ്യേണ്ടി വരുന്ന പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായി ക്യാരക്‌ടർ കൺസപ്‌ട് ആർട്ടിനൊപ്പം പ്രോസ്‌തെറ്റിക്‌സ് മേക്കിംഗ് കൂടി നിർവഹിക്കുന്നതിനായി കേരളത്തിൽ ആദ്യത്തെ സ്‌റ്റുഡിയോയും സേതു ആരംഭിച്ചിരുന്നു. മുംബയിലും ബാംഗ്ളൂരിലുമായി കേന്ദ്രീകരിച്ചിരുന്ന പ്രോസ്‌തെറ്റിക്‌സ് ടെക്‌നിക് മലയാള സിനിമാലോകത്തിനും കൈപൊള്ളാതെ ലഭ്യമാക്കുക എന്നതാണ് 'സേതൂസ് കൺസപ്‌ട്സ്'ന്റെ ലക്ഷ്യം.

ദിവസങ്ങളുടെ അദ്ധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ പ്രോസ്‌തെറ്റിക്സ്‌ മേക്കപ്പ് പൂർത്തീകരിക്കാൻ കഴിയൂ. വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളാണ് ഇതിന് ഉപയോഗിക്കുന്നത്. കൃത്യമായ ആസൂത്രണവും ക്ഷമയും തന്നെയാണ് ഏറ്റവും വലിയ മുതൽ മുടക്ക്. സംവിധായകനോ തിരക്കഥാകൃത്തോ മനസിൽ കാണുന്നത് തന്റെ കരവിരുതിലൂടെ അവർക്ക് മുന്നിൽ സൃഷ്‌ടിച്ചെടുക്കുക എന്നതാണ് ഏതൊരു പ്രോസ്‌തെറ്റിക് ആർട്ടിസ്‌റ്റിന്റെയും മുന്നിലെ വെല്ലുവിളി. മലയാളത്തിന് പുറമെ തമിഴ്,​ തെലുങ്ക്,​ കന്നഡ തുടങ്ങിയ അന്യഭാഷകളിലെല്ലാം 'സേതൂസ് കൺസപ്‌ട്സ്' ഇതിനോടകം ഭാഗമായിക്കഴിഞ്ഞു.