rohit-kohli

ചെന്നൈ: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയോട് ഫൈനലില്‍ തോറ്റത് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയവര്‍ മത്സരത്തിലെ തോല്‍വി താങ്ങാനാകാതെ പൊട്ടിക്കരഞ്ഞുവെന്നാണ് അശ്വിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ എസ്. ബദരിനാഥിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. മുന്നില്‍വന്നുപ്പെട്ട എല്ലാ ടീമുകളേയും കശാപ്പ് ചെയ്തുള്ള മുന്നേറ്റം ഫൈനലിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു താരങ്ങള്‍ക്കും. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കളിക്കളത്തില്‍ സംഭവിച്ചത്. ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് ഓസീസ് ആറാമതും ലോകകപ്പ് ഉയര്‍ത്തിയത്. നവംബര്‍ 19ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

തോല്‍വിയുടെ ആഘാതം എല്ലാ താരങ്ങള്‍ക്കും അനുഭവപ്പെട്ടിരുന്നു. പലരും കണ്ണീരണിഞ്ഞു. കപ്പുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും രോഹിത് ശര്‍മ്മയുടെ ലോകകപ്പാണ് കടന്നു പോയത്. ടീമിലെ സഹതാരങ്ങളെ നല്ലതുപോലെ മനസ്സിലാക്കാന്‍ എപ്പോഴും ശ്രമിക്കുന്ന നായകനാണ് രോഹിത് ശര്‍മ്മ. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തുവെന്ന് അശ്വിൻ അഭിപ്രായപ്പെടുന്നു.

ഓസ്‌ട്രേലിയക്ക് എതിരെ ഒക്ടോബര്‍ എട്ടിന് നടന്ന ആദ്യ മത്സരത്തില്‍ മാത്രമാണ് അശ്വിന് അവസാന പതിനൊന്നില്‍ ഇടം കിട്ടിയത്. എന്നാല്‍ ഫൈനലിലുള്‍പ്പെടെ പിന്നീടുള്ള ഒരു മത്സരങ്ങളിലും ഇടം ലഭിക്കാത്തതില്‍ തനിക്ക് നിരാശയില്ലെന്നും അശ്വിന്‍ പറഞ്ഞു. ടീം നല്ല രീതിയില്‍ കളിച്ച് വിജയിക്കുമ്പോള്‍ ആ കോമ്പിനേഷന്‍ മാറ്റാന്‍ ആരും ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.