israel

ടെല്‍ അവീവ്: ഗാസയില്‍ ഒരാഴ്ചയായി തുടരുന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രയേല്‍ സേന. ബോംബാക്രമണം പുനരാരംഭിച്ചതായി സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്നും അത് തുടരാന്‍ തീരുമാനമാകാത്ത സാഹചര്യത്തിലുമാണ് ആക്രമണമെന്നും സൈന്യം സ്ഥിരീകരിച്ചു.വെടിനിര്‍ത്തല്‍ ലംഘിച്ചത് ഹമാസാണ്, ഇസ്രയേലിലേക്ക് അവര്‍ വെടിയുതിര്‍ത്തു. ഇതിന് മറുപടിയായിട്ടാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പ്രതികരിച്ചു.

ഹമാസ് തൊടുത്തുവിട്ട റോക്കറ്റ് ആക്രമണത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ വീണ്ടും ബോംബാക്രമണം ആരംഭിച്ചത്. ഗാസയ്ക്ക് മുകളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണ പരമ്പര നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയുടെ ദക്ഷിണ ഭാഗങ്ങളില്‍ നിരവധി ഡ്രോണ്‍ ആക്രമണങ്ങളും നടന്നുവെന്നും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും എഎഫ്പി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്യുന്നു.

Hamas violated the operational pause, and in addition, fired toward Israeli territory.

The IDF has resumed combat against the Hamas terrorist organization in Gaza. pic.twitter.com/gVRpctD79R

— Israel Defense Forces (@IDF) December 1, 2023

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ വീണ്ടും ആക്രമണമുണ്ടായതോടെ ഉടനടി ഒരു വെടിനിര്‍ത്തലിന് സാദ്ധ്യതയില്ലെന്നാണ് വിവരം. ഏഴ് ദിവസത്തെ വെടിനിര്‍ത്തലിനിടെ ബന്ധിക്കാളാക്കിയ നിരവധി ഇസ്രയേലി പൗരന്‍മാരെ ഹമാസ് വിട്ടയച്ചിരുന്നു. ഇസ്രേയേലില്‍ ബന്ധികളായ പാലസ്തീനികളെ അവരും കൈമാറിയിരുന്നു. അതോടൊപ്പം തന്നെ വെടിനിര്‍ത്തല്‍ സമയത്ത് ഗാസയിലും പരിസരപ്രദേശങ്ങളിലും ആക്രമണത്തിന് ഇരയായവര്‍ക്ക് സഹായമെത്തിക്കുന്ന പ്രക്രിയയും മുടക്കമില്ലാതെ നടന്നിരുന്നു. ഈ സാഹചര്യം ആക്രമണം പുനരാരംഭിച്ച സ്ഥിതിക്ക് ഇല്ലാതാകും.

പാലസ്തീന്‍ ഇസ്രയേലി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണം പുരാരംഭിക്കുകയാണെങ്കില്‍ അത് സാധാരണക്കാരെ ബാധിക്കരുതെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇസ്രയേല്‍ അറിയിച്ചു.240 പേരെ ഹമാസ് ബന്ദികളാക്കിയെന്നും ഇസ്രയേല്‍ വെളിപ്പെടുത്തിയിരുന്നു. വെടിനിര്‍ത്തല്‍ കാലത്ത് 240 ബന്ദികളെ വിട്ടയച്ചതായിട്ടാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേലില്‍ ജോലി ചെയ്യുന്ന 20ല്‍പ്പരം വിദേശികളേയും പാലസ്തീന്‍ വിട്ടയച്ചിരുന്നു.