high-court

കൊച്ചി: ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മാറ്റി സര്‍ക്കാര്‍. സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്സ് പരിപാടി സംഘടിപ്പിക്കാനായി വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിനുള്ളതാണെന്നും അത്തരത്തിലൊരു സ്ഥലം നവകേരള സദസ്സ് പോലൊരു പരിപാടി നടത്താന്‍ വിട്ടുകൊടുക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.

പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചപ്പോള്‍ ശബ്ദനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന മറുപടിയാണ് ഡയറക്ടര്‍ കീര്‍ത്തി ഐഎഫ്എസ് നല്‍കിയത്. മൃഗശാലയുടെ പാര്‍ക്കിംഗ് സ്ഥലത്താണ് പരിപാടി നടത്തുന്നതെന്ന് ഡയറക്ടര്‍ വ്യക്തമാക്കിയെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.

പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. മൃഗശാലയുടെ സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. അനുവാദം ലഭിക്കില്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് പരിപാടിയുടെ വേദി മാറ്റാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.