koon

ഏ​റ്റവും കുറഞ്ഞ ചെലവിൽ വലിയ തോതിൽ ലാഭം കൊയ്യാൻ പ​റ്റിയ ഒന്നാണ് കൂൺ കൃഷി. വെറും 80 രൂപ ചെലവഴിക്കാൻ നിങ്ങൾക്കുണ്ടെങ്കിൽ ആയിരം രൂപയുടെ ലാഭം കൊയ്യാൻ സാധിക്കുന്നതാണ്. മിക്ക കൃഷി ഭവനുകളിൽ നിന്നും മിതമായ നിരക്കിൽ കൂണിന്റെ വിത്തുകളും ലഭിക്കും. സാധാരണ 250 ഗ്രാം ഭാരം വരുന്ന കൂൺ വിത്തിന്റെ പാക്കറ്റിന് കൃഷി ഭവനിൽ വെറും 30 രൂപയാണ് വില. 20 ദിവസം കൊണ്ട് അതിശയിപ്പിക്കുന്ന തരത്തിൽ കൂൺകൃഷി ചെയ്ത് ലാഭം നേടാവുന്നതാണ്.

കൃഷി ചെയ്യേണ്ട രീതി

250 ഗ്രാം അടങ്ങിയ കൂൺ വിത്തുപയോഗിച്ച് രണ്ട് ബെഡുകൾ (കൂൺകൃഷി ചെയ്യാനുപയോഗിക്കുന്ന കവർ) നിറയ്ക്കാൻ സാധിക്കും. കൂൺ വിത്തുകൾക്ക് വളരുന്നതിന് ഒരു മാദ്ധ്യമം ആവശ്യമാണ്. സാധാരണ കൂൺ കൃഷി ചെയ്യുന്നതിനായി ഒട്ടുമിക്കവരും തിരഞ്ഞെടുക്കുന്നത് വയ്‌ക്കേലാണ്. വിപണിയിൽ വയ്ക്കോലിന് ഇരുപത് രൂപ മുതൽ മുപ്പത് രൂപയാണ് വില.

വയ്‌ക്കോലിനെ അണുനശീകരണം ചെയ്തതിന് ശേഷം മാത്രം കൃഷിക്കായി ഉപയോഗിക്കുക. ഇതിനായി ശുദ്ധ ജലത്തിൽ വയ്‌ക്കോലിനെ പൂർണമായും മുക്കി വയ്ക്കുക. കുറഞ്ഞത് പതിനഞ്ച് മണിക്കൂർ വരെയെങ്കിലും വയ്‌ക്കോൽ വെളളത്തിൽ പൂർണമായും മുങ്ങിയിരിക്കണം. ശേഷം വയ്‌ക്കോൽ ഉണങ്ങുന്നതിന് ആവശ്യമായ സമയം അനുവദിക്കുക. ഉണങ്ങിയ വയ്‌ക്കോലിനെ തിളയ്ക്കുന്ന വെളളത്തിൽ പുഴുങ്ങിയെടുക്കുക. 45 മിനിട്ട് വരെ വയ്‌ക്കോൽ ചൂടുവെളളത്തിൽ തിളപ്പിക്കണം.

mushroom

വയ്‌ക്കോലിൽ നിന്നും വെളളം പൂർണമായും നീക്കം ചെയ്യുന്നതിന് വീണ്ടും വൃത്തിയുളള സ്ഥലത്ത് വിരിച്ചിടുക.12 ഇഞ്ച് വീതിയും24 ഇഞ്ച് നീളവുമുളള പ്ലാസ്​റ്റിക് കവർ എടുക്കുക. ഇതിന്റെ അടിവശം ഒരുമിച്ച് ചേർത്ത് വച്ച് ഒരു റബ്ബർ ബാൻഡോ അല്ലെങ്കിൽ തുണിയോ ഉപയോഗിച്ച് കെട്ടുക. കവറിൽ ആദ്യം കുറച്ച് കൂൺ വിത്തുകൾ ഇടുക.ഇതിലേക്ക് ഒരു പിടി വയ്‌ക്കോൽ വൃത്താകൃതിയിൽ മാ​റ്റുക. രണ്ട് ഇഞ്ച് കനത്തിലാണ് വയ്‌ക്കോൽ കവറിൽ വയ്‌ക്കേണ്ടത്.

ശേഷം വയ്‌ക്കോലിന് മുകളിലായി വീണ്ടും കൂൺ വിത്തുകൾ വിതറുക. കവറിന്റെ വശങ്ങളിലേക്കാണ് കൂൺ വിത്തുകൾ ഇടേണ്ടത്. കവർ നിറയുന്നതുവരെ വയ്‌ക്കോൽ വച്ച് വിത്തിടാവുന്നതാണ്. ശേഷം കവർ നന്നായി റബ്ബർ ഉപയോഗിച്ച് കെട്ടുക . വീതിയുളള സൂചിയുപയോഗിച്ച് കവറിൽ ധാരാളം ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. ഇവ അധികം പ്രകാശം ലഭിക്കാത്ത മുറികളിലാണ് സൂക്ഷിക്കേണ്ടത്. 15 ദിവസങ്ങൾ വരെ ഈ മുറി തുറക്കാൻ പാടില്ല. ശേഷം ബെഡുകളെ ചെറിയ ഒരു കത്തിയുപയോഗിച്ച് വീണ്ടും ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. മൂന്ന് നേരം വെളളം സ്‌പ്രേ ചെയ്യാനും മറക്കരുത്. 20-ാം ദിവസം വിളവെടുക്കാം.