
ആലപ്പുഴ: വിവാദത്തെ തുടർന്ന് നീക്കം ചെയ്ത ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് അധികം താമസിയാതെ ബീച്ചിൽ തിരിച്ചെത്തും. ഇതോടെ, സഞ്ചാരികൾക്ക് കടലിലൂടെ നടന്നുപോകാൻ കഴിയുന്ന ജില്ലയിലെ ആദ്യ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജാകും. നിർമ്മാണ കമ്പനികളുടെ താത്‌പര്യ പത്ര ടെണ്ടൻ അടുത്തമാസം ആദ്യം ക്ഷണിക്കും. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആലപ്പുഴ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ (കാപ്സ്) സുരക്ഷാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടർ ക്ഷണിക്കുന്നത്.
സുരക്ഷയുമായി ബന്ധപ്പെട്ട് വിവാദമുയർന്നതോടെയാണ് എട്ടുമാസം മുമ്പ് ബീച്ചിൽ സ്ഥാപിച്ച
ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നീക്കിയത്. തുടർന്ന് ഡി.ടി.പി.സിയുടെ നിർദ്ദേശാനുസരണം കാപ്സ് നടത്തിയ പഠനത്തിൽ പച്ചക്കൊടി തെളിഞ്ഞതോടെ തടസം മാറി. പ്രദേശത്തെ തിരമാലയുടെ ശക്തിയും അടിയൊഴുക്കും നിരീക്ഷിച്ച ശേഷം സുരക്ഷാപ്രശ്നങ്ങളില്ലെന്ന് കാപ്സ് നൽകിയ പഠന റിപ്പോർട്ട്
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗീകരിച്ചു. തുടർന്ന് ടെണ്ടർ ക്ഷണിക്കാൻ ജില്ലാ കളക്ടറുടെ അനുമതിയും വാങ്ങി.
1.താത്പര്യപത്രത്തിന്റെ കരാർ ഉറപ്പിച്ച ശേഷമായിരിക്കും ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ രൂപകല്പന. ഒരേസമയം 50 പേർക്ക് കയറാൻ കഴിയുന്നത്ര ദൈർഘ്യമുണ്ടാവും
2.പാലത്തിന്റെ ഇരുവശങ്ങളിലും സുരക്ഷാവേലിയുണ്ടാകും. പ്രവേശനം ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരിക്കും. ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കും
3.അഞ്ചുവയസിന് താഴെയുള്ളവർ, ഗർഭിണികൾ, ഹൃദയസംബന്ധമായ അസുഖമുള്ളവർ,
മദ്യപർ എന്നിവർക്ക് പ്രവേശനമില്ല
ബീച്ചിന്റെ മുഖം മാറും
ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വരുന്നതിന്റെ ഭാഗമായി ബീച്ച് നവീകരിക്കും. പൈതൃകപദ്ധതിയിലെ കടൽപ്പാലം നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ നാവികസേന ഡികമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ വാങ്ങി ബീച്ചിൽ സ്ഥാപിച്ചത്. എന്നാൽ സഞ്ചാരികൾക്ക് കപ്പലിൽ പ്രവേശിക്കാൻ ഇനിയും സംവിധാനമായില്ല. ഇതിനും മാറ്റമുണ്ടാകും. ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ വരവോടെ ആലപ്പുഴ ബീച്ച് സഞ്ചാരികളുടെ ഇഷ്ടയിടമായി മാറും.
ബൈപ്പാസ് നവീകരണം കീറാമുട്ടി
ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിനെ കൂടാതെ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന കൂടുതൽ വൈവിദ്ധ്യമാർന്ന പദ്ധതികൾക്ക് മുസരീസ് പൈതൃക പദ്ധതി പ്രകാരം തുടക്കം കുറിച്ചെങ്കിലും ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട സമാന്തര ബൈപ്പാസ് നിർമ്മാണത്തിൽ തട്ടി കാര്യങ്ങൾ മന്ദഗതിയിലാണ്. ബീച്ചിന്റെ നവീകരണം, സാമാന്തര കടൽപ്പാലം, ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള നാവികസേനയുടെ കപ്പലിലേക്ക് പ്രവേശനം എന്നിവയ്ക്കെല്ലാം പദ്ധതിയുണ്ടെങ്കിലും സമാന്തര ബൈപ്പാസിന്റെ ഭാഗമായുള്ള ആകാശപാതയുടെ നിർമ്മാണം കഴിയാതെ ഒട്ടും മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ്.