agriculture

കൃഷി എന്നും നഷ്ടക്കച്ചവടമാണെന്നാണ് കർഷകരുടെ ഏറ്റവും വലിയ പരാതി. ഇതിൽ കുറച്ചൊക്കെ യാഥാർത്ഥ്യമുണ്ടെങ്കിലും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അത് മറികടക്കാനുള്ള രീതികൾ നടപ്പാക്കാത്തതാണ് പ്രധാന കാരണം. ഇതിനാെരു പരിഹാരമാണ് ഒരേ തടത്തിൽ ഒരേസമയം ഒന്നിലധികം പച്ചക്കറികൾ വിളയിക്കുക എന്നത്. അഞ്ചെണ്ണമാണ് ഒരുതടത്തിൽ ഒന്നിച്ച് കൃഷിചെയ്യുന്നതെങ്കിൽ അഞ്ചുസീസണിൽ നിന്ന് ലഭിക്കേണ്ട വരുമാനം ഒറ്റസീസണിൽ ലഭിക്കും. ബഹുവിള കൃഷിയായതിനാല്‍ ഒന്നിന് വില കുറഞ്ഞാലും മറ്റൊന്ന് അതു പരിഹരിക്കും. ഇതാണ് ഈ രീതി ലാഭകരമാകാൻ പ്രധാന കാരണം.

സാധാരണ കൃഷിക്ക് നിലമൊരുക്കുന്നതുപോലെവേണം ഇതിനും നിലമൊരുക്കാൻ. കൂടുതൽ സ്ഥലത്താണ് വിളവിറക്കുന്നതെങ്കിൽ യന്ത്രസഹായത്തോടെ നിലമൊരുക്കുന്നതാണ് നല്ലതും ചെലവ് കുറഞ്ഞതും. കളകളും കല്ലും കട്ടയുമൊക്കെ നീക്കംചെയ്യുന്നതാണ് അടുത്തപണി. ഇനിയാണ് ഏറ്റവും പ്രധാന ഘട്ടം. എവിടെയൊക്കെ ഏതൊക്കെ വിളകളാണ് നടുന്നതെന്ന് തീരുമാനിക്കുകയാണ് അത്. തുടർന്ന് ജൈവ വളങ്ങൾ ചേർന്ന് മണ്ണ് വീണ്ടും ഇളക്കിയശേഷം വിത്ത് നടാം. വള്ളിപ്പയറുപോലെ പടർന്ന് കയറുന്ന വിളകൾ കൃഷിയിടത്തിന്റെ അതിർത്തികളിൽ നടുന്നതാണ് നല്ലത്. ഇവയ്ക്ക് നൽകുന്ന വളം കൃഷിയിടത്തിന്റെ അതിരുകളിൽ നിൽക്കുന്ന തെങ്ങും കമുകുമൊക്കെ വലിച്ചെടുക്കുകയും അവയും നന്നായി വിളവ് തരുകയും ചെയ്യും. തെങ്ങിനും കവുങ്ങിനും വളം നൽകാനുളള ചെലവ് കുറയുകയും ചെയ്യും. പൊതുവെ ജൈവവളങ്ങളാണ് നന്നെങ്കിലും ആവശ്യമെങ്കിൽ രാസവളങ്ങളും ഉപയോഗിക്കാം. കീടനാശിനികളുടെ കാര്യവും അങ്ങനെതന്നെ.

ആടിന്റെയും കോഴിയുടെയും കാഷ്ടം, ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് അടിവളമായി ഉപയാേഗിക്കാൻ ഏറ്റവും ബെസ്റ്റ്. ആറുമാസം വരുന്ന രണ്ട് സീസണുകളിലാണ് കൃഷിയിറക്കുന്നതെങ്കിലും ഇവയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരുവർഷത്തേക്ക് പിന്നെ അടിവള പ്രയോഗം ആവശ്യമായി വരുന്നില്ല. നിശ്ചിത ഇടവേളകളിൽ വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ നൽകിയാൽ മതി. വിളകളുടെ അവശിഷ്ടങ്ങൾ വീണ് അഴുകിച്ചേരുന്നതും മണ്ണിന്റെ ഗുണം കൂട്ടും.