കൊട്ടാരക്കര : മോട്ടോർ വർക് ഷോപ്പിന്റെ മറവിൽ സ്പിരിറ്റ് കടത്തിയ കേസിലെ ഒന്നാം പ്രതി കരുനാഗപ്പള്ളി കുലശേഖരപുരം പുതിയകാവ് ശ്രീനിലയം വീട്ടിൽ വേലായുധന് മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര അബ്കാരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി
ജി.അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷി ആയിരുന്നു. മൂന്നും നാലും പ്രതികളെ വെറുതെ വിട്ടു. 2013 ആഗസ്റ്റ് 26 നായിരുന്നു സംഭവം നടന്നത്. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ബി.സുരേഷും പാർട്ടിയും കടപുഴ ഭാഗത്തു വാഹന പരിശോധന നടത്തിയാണ് മാരുതി കാറിൽ വേലായുധൻ കടത്തി കൊണ്ടുവന്ന മൂന്നു കന്നാസിലെ 105 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. വേലായുധനെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള പരിശോധനയിൽ വേലായുധന്റെ കരുനാഗപ്പള്ളി തഴവയിലെ വർക്ക് ഷോപ്പിൽ നിന്ന് 207 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 7000 ലിറ്റർ സ്പിരിറ്റും കണ്ടെടുത്തിരുന്നു. വർക് ഷോപ്പിൽ സ്പിരിറ്റ് സൂക്ഷിക്കുന്നതിന് കൂട്ടാളിയായ മാവേലിക്കര വള്ളിക്കുന്നം ചൂരക്കാലയിൽ വീട്ടിൽ രാജേഷ്, സ്പിരിറ്റ് എത്തിച്ചു നൽകിയ അടൂർ പെരിനാട് മുണ്ടപ്പള്ളി നെല്ലിമുകൾ ശങ്കര വിലാസം വീട്ടിൽ ശങ്കരൻ എന്ന അനിൽകുമാർ, അടൂർ കടമ്പനാട് പാറതുണ്ടിൽ വീട്ടിൽ ബിനു എന്നിവരെ രണ്ട് മുതൽ നാല് വരെ പ്രതികളാക്കി ചേർത്തിരുന്നു. രണ്ടാം പ്രതി മാപ്പു സാക്ഷിയായി. വിചാരണ വേളയിൽ ഇയാൾ കൂറ് മാറിയത് മൂന്നും നാലും പ്രതികളെ വെറുതെ വിടുന്നതിന് കാരണമായി. എക്സൈസ് സി.ഐ ബി സുരേഷ്, ഇൻസ്പെക്ടർ വിനോജ്, പ്രിവന്റീവ് ഓഫീസർ മനോജ്‌ലാൽ, ഷാഡോ ടീം അംഗങ്ങളായ അരുൺ, ആന്റണി ,അശ്വന്ത് സുന്ദരം, ശ്രീജയൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കൊട്ടാരക്കര അബ്കാരി കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.എസ്.സോനു ഹാജരായി.