
ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങിയ ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അങ്കിത് തിവാരിയാണ് അറസ്റ്റിലായത്. ഡിണ്ടിഗൽ- മധുര ഹൈവേയിൽ വച്ച്
മണൽ കോൺട്രാക്ടറിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (ഡി.വി.എസ്) അറസ്റ്ര് ചെയ്യുകയായിരുന്നു. കോൺട്രാക്ടറുൾപ്പെട്ട കേസ് തീർപ്പാക്കുന്നതിനാണ് പണം ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിൽ വച്ചാണ് അറസ്റ്റ് ചെയ്‌തതെന്നാണ് റിപ്പോർട്ട്. മുമ്പ് ഗുജറാത്തിലും മദ്ധ്യപ്രദേശിലും അങ്കിത് ജോലി ചെയ്തിട്ടുണ്ട്. തമിഴ്നാട് മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ ഇ.ഡി നടപടികൾ കടുപ്പിച്ചിരിക്കുന്ന സമയത്താണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ഇ.ഡി ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്ന തരത്തിൽ ഡി.എം.കെ പ്രചാരണം നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം രാജസ്ഥാനിലും രണ്ട് ഇ.ഡി ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്നു. ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാൻ 17 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം വാങ്ങുകയും ചെയ്തെന്നാണ് ആരോപണം.