
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലം കമ്മീഷണറുടെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവരാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവരാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. നഴ്സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.
കുട്ടിയുടെ പിതാവ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. കുട്ടിയുടെ പിതാവ് ഭാരവാഹിയായ സംഘടനയിൽപ്പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക വൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് പേരുടെ രേഖാ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
വ്യാജ പ്രചാരണമാണെന്ന് പിതാവ്
മകളെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്ന് പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കുട്ടിയുമായി ഓയൂരിലെ വീട്ടിലെത്തിയ ശേഷമാണ് പിതാവ് മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.