manipur

ഇംഫാൽ: മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉഖ്‌റുൾ ശാഖയിൽ നിന്ന് 18.85 കോടി രൂപ കൊള്ളയടിച്ചു. പത്തോളം വരുന്ന ആയുധധാരികളായ സംഘമാണ് കവർച്ച നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് 5.40നായിരുന്നു സംഭവം. പ്രവർത്തന സമയം കഴിഞ്ഞെങ്കിലും ഷട്ടറുകൾ താഴ്‌ത്തിയ ശേഷം ബ്രാഞ്ച് മാനേജരുൾപ്പെടെ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

മുഖംമൂടി ധരിച്ച അക്രമി സംഘം

സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ബാങ്കിലേക്ക് അതിക്രമിച്ച് കയറി. 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ജീവനക്കാരെ ബന്ധിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് തോക്ക് ചൂണ്ടി മാനേജരെ ഭീഷണിപ്പെടുത്തി ലോക്കർ തുറന്ന് കൊള്ളയടിക്കുകയായിരുന്നു.

സംഭവസമയം ഒരു സെക്യൂരിറ്റി മാത്രമാണുണ്ടായിരുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എട്ട് സെക്യൂരിറ്രി ജിവനക്കാർ ഉണ്ടെങ്കിലും സംഭവ സമയം എല്ലാവരും ഉണ്ടായിരുന്നില്ലെന്ന് മാനേജർ എം. കുമുനി അറിയിച്ചു.

ഉഖ്റുൾ എസ്.പി നിംഗ്‌ഷെം വഷുമിന്റെ നേതൃത്വത്തിലുള്ള പൊലീസ് ബാങ്കിലെത്തി പരിശോധന നടത്തി. ബാങ്കിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തുവരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

മണിപ്പൂർ കലാപം ആരംഭിച്ച ശേഷം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ബാങ്ക് കവർച്ചയാണിത്.

10 മിനിട്ടു കൊണ്ട്

ജീവനക്കാരെയുൾപ്പെടെ കീഴ്പ്പെടുത്തി ബാങ്ക് കൊള്ളയടിക്കാൻ അക്രമി സംഘത്തിന് വേണ്ടി വന്നത് 10 മിനിട്ടാണ്. എ.കെ റൈഫിളുകളുൾപ്പെടെയുള്ള ആയുധങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു, ഒലിവ് പച്ച, കാക്കി യൂണിഫോം, ട്രാക്ക് സ്യൂട്ടുകൾ എന്നിവ ധരിച്ചാണ് അക്രമികൾ എത്തിയത്.