
കൊച്ചി: അന്താരാഷ്ട്ര പ്രശസ്തവും ആധികാരികവുമായ ആർട്ട് റിവ്യൂ മാഗസിൻ തിരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ പവർ 100 പട്ടികയിൽ കൊച്ചി ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഇടംപിടിച്ചു. സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉൾപ്പെട്ട പട്ടികയിൽ മുപ്പത്തിയെട്ടാം സ്ഥാനമാണ് ബോസ് കൃഷ്ണമാചാരിക്ക്.
കൊച്ചി ബിനാലെയുടെ ചാലകശക്തിയായ ബോസ് കൃഷ്ണാമാചാരിയുടെ സമീപനങ്ങളിലെ പുരോഗമനപരമായ സവിശേഷത ആർട്ട് റിവ്യൂ പ്രത്യേകം പരാമർശിക്കുന്നു. കലയുടെ ജനാധിപത്യവത്കരണം അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. സംസ്ഥാന സർക്കാരിന്റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത പ്രദർശനങ്ങൾ ഇതിനു സാക്ഷ്യമാണ്.
തിരുവനന്തപുരം മാനവീയം വീഥിയിലെ ചുമർ ചിത്രങ്ങൾ, കേരള ട്രഡീഷണൽ ഹിസ്റ്റോറിക്കൽ ആൻഡ് കൊളോണിയൽ ആർക്കിടെക്ച്ചർ ഫോട്ടോഗ്രഫി പ്രദർശനം, കോളേജ് ഒഫ് ഫൈൻ ആർട്ട്‌സിലെ 'കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്' സമകാലീന കലാപ്രദർശനനം എന്നിവയും ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്തതാണ്. ഫൈൻ ആർട്ട്‌സ് കോളേജിൽ മികവുറ്റ ആർട്ട് ഗ്യാലറി ഒരുക്കിയിട്ടുണ്ട്.
ആർട്ടിസ്റ്റ്, ക്യൂറേറ്റർ, സീനോഗ്രഫർ എന്നീ നിലകളിൽ പ്രശസ്തനായ ബോസ് കൃഷ്ണമാചാരി മുംബയും കൊച്ചിയും ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഒട്ടേറെ കലാപ്രദർശനങ്ങൾ രാജ്യത്തിനകത്തും വിദേശത്തുമായി ഒരുക്കി. 2010ൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സഹസ്ഥാപകനായി. 2016ൽ ചൈനയിലെ യിൻചുവാൻ ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യൂറേറ്ററായി.
കേരള ലളിതകലാ അക്കാഡമി, ബ്രിട്ടീഷ് കൗൺസിൽ, ബോംബെ ആർട്ട് സൊസൈറ്റി, ചാൾസ് വാലസ് ട്രസ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇൻഫോർമേഷൻ സൊസൈറ്റി, ഫോബ്‌സ്, ഇന്ത്യ ടുഡേ, ട്രെൻഡ്‌സ്, എഫ്.എച്ച്.എം, ജിക്യൂ മെൻ ഒഫ് ദി ഇയർ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് ബോസ് കൃഷ്ണമാചാരി അർഹനായിട്ടുണ്ട്.
ലണ്ടൻ ആസ്ഥാനമായ ആർട് റിവ്യൂ മാസിക ഹോങ്കോംഗിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. 1949ൽ സ്ഥാപിതമായ മാസിക സമകാലീനകലാരംഗത്തെ ഏറ്റവും പ്രമുഖ ശബ്ദമായാണ് വിലയിരുത്തപ്പെടുന്നത്.