k

വൻ സന്നാഹങ്ങളോടെ ബെൻസ് ബസിലെത്തി,​ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി, വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ടൂറിസ്റ്റുകളെപ്പോലെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൈവീശി മടങ്ങുമ്പോൾ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയെത്തുന്ന സാധാരണക്കാർക്കു കിട്ടുന്നത് പരാതി നല്കിയതിന്റെ രസീത് മാത്രം. ഈ രസീതാണ് നവകേരളത്തിലേക്കുള്ള താക്കോൽ! ഇതു തലയിണയ്ക്കടിയിൽ വച്ച് ഉറങ്ങുന്നതിനിടയിൽ ഒരു സുന്ദരസ്വപ്നമായി നവകേരളം ഇറങ്ങിവരുമെന്നാണ് മുഖ്യമന്ത്രിയുടെ സംഘവും കരുതുന്നത്. ഇതെല്ലാം സ്വന്തം ആശയമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിനല്ലാതെ മറ്റാർക്കാണ് ഇത്തരം മണ്ടൻ ആശയം ആവിഷ്‌കരിക്കാനാകുക?

ജനങ്ങളെ നേരിട്ടു കാണാതെയും അവരെ കേൾക്കാതെയും കേരളവും ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾക്ക് എങ്ങനെയാണ് നവകേരള സദസ്സ് പരിഹാരം കാണുക?​ നവംബറിൽ മാത്രം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും മറ്റും മൂലം ഏഴു പേർ ആത്മഹത്യ ചെയ്ത നാടാണിത്. സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകളായിരുന്നു ഈ ഏഴു പേരും. തങ്ങൾ പരാജയപ്പെട്ടു എന്നാണ് ഇവർ ആത്മഹത്യാകുറിപ്പിൽ എഴുതിയത്. ജനങ്ങൾ പരാജയപ്പെടുമ്പോൾ അവരുടെ നിലവിളിയുടെയും കണ്ണീരിന്റെയും ഇടയിലൂടെയാണ് ഈ ബസ് പാഞ്ഞുപോകുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നുണ്ടോ?

കോടതിയുടെ

പ്രഹരം

സർവകലാശാലകളെ ഇത്രയും രാഷ്ട്രീയവത്കരിച്ച മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. എല്ലാ നിയമനങ്ങളും ഡി.വൈ.എഫ്.ഐ നേതാക്കൾക്കും അവരുടെ ഭാര്യമാർക്കും തീറെഴുതിക്കൊടുത്തില്ലേ? കണ്ണൂർ വി.സി കൂടി പുറത്തായതോടെ 9 സർവകലാശാലകളിൽ വി.സിമാരില്ലാത്ത അവസ്ഥയാണ്. 66 കോളജുകളിൽ പ്രിൻസിപ്പൽമാരില്ല. സംഘടനാ നേതാളാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഉന്നത സമിതികളിൽ പാർട്ടി ബന്ധുക്കളെ മാത്രം കുത്തിനിറയ്ക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ഉന്നത വിദ്യാഭ്യാസം തേടി കുട്ടികൾ കേരളത്തിൽ നിന്ന് പലായനം ചെയ്യുന്നു. യുവതലമുറയുടെ രോഷമാണ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യുവിന് അനുകൂലമായി പ്രതിഫലിക്കുന്നത്. പാർട്ടിക്ക് കൂലിവേല ചെയ്യുന്ന പോലീസ് ഉണരുന്നത് മുഖ്യമന്ത്രിക്കെതിരേ കൊടിവീശുമ്പോൾ മാത്രം!

ഭരണമെന്ന

തമാശ

ഒന്നരമാസം സെക്രട്ടേറിയറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊരുചുറ്റുന്നതു മൂലം സംസ്ഥാന ഭരണം സ്തംഭിച്ചിരിക്കുകയാണ്. നവകേരള സദസ്സുകൊണ്ട് ജനത്തിന് ഒരു പ്രയോജനവുമില്ല. സാധാരണ ഒരുമിച്ച് തമാശ പങ്കിടാനൊന്നും സമയം കിട്ടാത്തതുകൊണ്ട് ഈ യാത്രയിൽ അതിനു സമയം കിട്ടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതൊരു സർക്കാർ സ്‌പോൺസേ‌ർഡ് കേരള ടൂറാണെന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ സിംഹഭാഗവും യു.ഡി.എഫിനെയും മാദ്ധ്യമങ്ങളെയും വിമർശിക്കാനാണ് ചെലവിടുന്നത്. ഇതിന് വിമർശന സദസ്സ് എന്ന് പേരിടുന്നതാണ് നല്ലത്. ജനങ്ങളുടെ ചെലവിൽ സി.പി.എമ്മിന്റെ ഇലക്ഷൻ പ്രചാരണ സദസ്സാണിത്. കേരളീയത്തിന് ഖജനാവിൽ നിന്ന് 27 കോടി ചെലവാക്കിയതിനു പുറമെ നവകേരള സദസ്സിന്റെ മറവിൽ സർക്കാരും പാർട്ടിയും വ്യാപക പണപ്പിരിവാണ് നടത്തുന്നത്. മുതലാളിമാർ സ്പോൺസർ ചെയ്യുന്ന പരിപാടിയായി ജനസദസ്സ് മാറി.

കുറ്റവിചാരണ

സദസ്

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കു മുന്നിൽ വയ്ക്കുന്ന വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർച്ചിത്രം ജനസമക്ഷം അവതരിപ്പിക്കാനുമാണ് യു.ഡി.എഫ് 140 നിയോജക മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ്സുകൾ നടത്തുന്നത്.

പിണറായി വിജയൻ ഭരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ഇരകളാണ് ഞങ്ങളുടെ പൗരപ്രമുഖർ. നവകേരള സദസ്സും കുറ്റവിചാരണ സദസ്സും താരതമ്യം ചെയ്ത് ജനം തീരുമാനിക്കട്ടെ,​ ജനപക്ഷത്ത് ആരാണണെന്ന്.