കൊല്ലം: എഴുകോൺ കട്ടച്ചൽ നാൽക്കവല റോഡിൽ അപകങ്ങളുണ്ടാകുന്നത് തടയാൻ സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് വരിഞ്ഞവിള സെന്റ് മേരീസ് സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. 6 അടി മുതൽ 20 അടി വരെ ആഴമുള്ള അഗാധമായ കുഴികളും രണ്ട് കൊടും വളവുകളും ഉള്ള പുന്നക്കോട് വരിഞ്ഞവിള പള്ളിക്ക് എതിർവശമുള്ള റോഡിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം . ചാത്തന്നൂർ ദേശീയപാതയും കൊട്ടാരക്കര എം.സി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഈ ഭാഗത്ത് ഇപ്പോൾ അപകടങ്ങൾ പതിവാണ്. പത്തോളം സ്‌കൂൾ ബസുകളും ചാത്തന്നൂർ, കോട്ടയം ഫാസ്റ്റ് പാസഞ്ചറും പ്രൈവറ്റ് ബസുകളും നിരവധി ചരക്ക് വാഹനങ്ങളും മറ്റ് വാഹനങ്ങളും ഈ റോഡിൽകൂടി കടന്നു പോകുന്നുണ്ട്.
സ്‌കൂളിന് വേണ്ടി മാനേജർ ഫാ.കോശി ജോർജ് വരിഞ്ഞവിള, പ്രിൻസിപ്പൽ എൽ.ഉഷാകുമാരി ,അദ്ധ്യാപകരായ ശ്രീരാഗ് നമ്പൂതിരി, എൽ.രാജി, സുനന്ദഭായ്, സി.അംബിക എന്നിവരും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു. കളക്ടർ ബംഗ്ലാവിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികളിൽ നിന്ന് പരാതി സ്വീകരിച്ച് സൗഹൃദസംഭാഷണം നടത്തി. കുട്ടികളെ കളക്ടർ അഭിനന്ദിക്കുകയും ചെയ്തു.