
പാലാ : സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇടുക്കി ഇടവെട്ടി ഭാഗത്ത് നെല്ലിക്കൽ മാർട്ടിൻ (42), ഇടുക്കി കാരിക്കോട് കുമ്പകല്ല് കല്ലിങ്കൽ റഹീം (39), മൂവാറ്റുപുഴ കല്ലൂർക്കാട് നാഗപ്പുഴ ഭാഗത്ത് പുത്തൻപുരയ്ക്കൽ കിരൺ(25) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേർന്ന് കഴിഞ്ഞദിവസം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വച്ച് മറ്റൊരു ബസിലെ കണ്ടക്ടറായ യുവാവിനെ ആക്രമിക്കുകയായിരുന്നു. യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും തുടർന്ന് കമ്പിവടികൊണ്ട് അടിക്കുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മാർട്ടിന് തൊടുപുഴ, കിടങ്ങൂർ,അടിമാലി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.