
ദുബായ് : ആഗോള കാർബൺ ബഹിർഗമനം കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2028ലെ ഉച്ചകോടി ( കോപ് 33 ) ഇന്ത്യയിൽ നടത്താമെന്നും നിർദ്ദേശിച്ചു.
ഇന്നലെ ദുബായിൽ ഐക്യരാഷ്‌ട്ര സഭയുടെ ( യു.എൻ ) ' കോപ് 28' കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണത്തിനും വനവത്കരണത്തിനും മുൻഗണന നൽകി ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 'ഗ്രീൻ ക്രെഡിറ്റ്' സംരംഭവും മോദി പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നൽകുന്ന സംഭാവനകൾക്ക് ആനുപാതികമായി പ്രതിഫലം ഉറപ്പാക്കുന്ന നൂതന വിപണി അധിഷ്ഠിത പദ്ധതിയാണ് ഗ്രീൻ ക്രെഡിറ്റ്. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഇത് അവതരിപ്പിച്ചിരുന്നു. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, മൊസാംബീക്ക് പ്രസിഡന്റ് ഫിലിപ്പ് ജസീന്റോ ന്യൂസി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ എന്നിവരുമായി ചേർന്ന് ഗ്രീൻ ക്രെഡിറ്റ് സംരംഭത്തിന്റെ വെബ് പോർട്ടൽ മോദി പുറത്തിറക്കി.
ലോക ജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിലാണ്. എന്നാൽ ആഗോളതലത്തിൽ 4 ശതമാനം കാർബൺ മാത്രമാണ് ഇന്ത്യ പുറന്തള്ളുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുന്നു. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലനത്തിന്റെ മഹത്തായ മാതൃകയാണ് ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് സമ്പന്ന രാജ്യങ്ങൾ സാങ്കേതികവിദ്യ കൈമാറണം. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ മുൻഗണനകൾ ഉറപ്പാക്കണം. എല്ലാ രാജ്യങ്ങളും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
2021ലെ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ ' ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയൺമെന്റ് ( ലൈഫ് ) ' എന്ന ആഗോള സംരംഭത്തിന് മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇതിന്റെ പ്രചാരണം ആരംഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃത ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഭൂമിയിലെ താപ വർദ്ധന 1.5 ഡിഗ്രിയിൽ താഴെ നിലനിറുത്താൻ ശ്രമിക്കുന്ന ഏതാനും രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോപ് 28 പ്രസിഡന്റ് സുൽത്താൻ അൽ ജാബർ, യു.എൻ കാലാവസ്ഥാ വ്യതിയാന അദ്ധ്യക്ഷൻ സൈമൺ സ്റ്റെയ്ൽ എന്നിവർക്കൊപ്പം ഇന്നലെ ഉച്ചകോടിയുടെ ഉദ്ഘാടന പ്ലീനറിയെ അഭിസംബോധന ചെയ്ത ഏക രാഷ്ട്രത്തലവനാണ് മോദി.