
തൃശൂർ: സ്വർണാഭരണം നിർമ്മിക്കാനായി ഉരുക്കിയ 244 ഗ്രാം സ്വർണവുമായി കോഴിക്കോട്ടേക്ക് പോയിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഘത്തിലെ മൂന്നുപേർ സിറ്റി പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ 17ന് ആയിരുന്നു സംഭവം.
എറണാകുളം നോർത്ത് പറവൂർ ഓലിയത്ത് വീട്ടിൽ ബിനോയ് (52), നോർത്ത് പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹൻ (33), ചേറൂർ ചേർപ്പിൽ വീട്ടിൽ വിനീഷ്‌കുമാർ (45) എന്നിവരെയാണ് ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. മൂന്നുപേർകൂടി പിടിയിലാകാനുണ്ട്.
ആലുവ സ്വദേശിയായ വ്യാപാരി തൃശൂരിൽനിന്ന് സ്വർണാഭരണവുമായി വരുന്നുണ്ടെന്ന് പ്രതികൾ മനസിലാക്കി. തൃശൂർ ദിവാൻജിമൂലയിൽ കാത്തുനിന്ന ഇവർ പൊലീസുകാരാണെന്ന് പറഞ്ഞ് പിടികൂടി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി വരാപ്പുഴ ഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. എറണാകുളം, പറവൂർ, പാലാരിവട്ടം എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
പരാതിക്കാരന്റെ സുഹൃത്തും ബിസിനസിലെ പങ്കാളിയുമായിരുന്നു കേസിലെ ആറാംപ്രതി വിനീഷ്‌കുമാർ. തട്ടിക്കൊണ്ടുപോയി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പരാതിക്കാരൻ ഇക്കാര്യം ആദ്യം അറിയിച്ചത് വിനീഷ്‌കുമാറിനെയായിരുന്നു. പിറ്റേന്ന് വിനീഷ്‌കുമാറുമൊന്നിച്ചാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി കെ.എ. തോമസ്, ഈസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ എം.ആർ. അരുൺകുമാർ, സി.പി.ഒമാരായ എം.കെ. ജയകുമാർ, വി.എ. പ്രദീപ്, വൈശാഖ്‌രാജ്, വിനീഷ് ഭരതൻ, ഷാഡോ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, എ.എസ്.ഐ സുദേവ്, സീനിയർ സി.പി.ഒ പഴനിസ്വാമി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പൊലീസാണെന്ന് അറിയിക്കാൻ വയർലെസ് സെറ്റ്
കുറ്റകൃത്യം നടത്താൻ പദ്ധതിയിട്ടപ്പോൾ പ്രതികൾ ഓൺലൈൻ സൈറ്റിൽ ഓർഡർ ചെയ്ത് വയർലെസ് ഉപകരണങ്ങൾ വാങ്ങിയിരുന്നു. ഷാഡോ പൊലീസുദ്യോഗസ്ഥർ കൈവശം കരുതുന്ന വയർലെസാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായിരുന്നു ഇത്. ഏതെങ്കിലും കാരണവശാൽ തട്ടിക്കൊണ്ടുപോകപ്പെടുന്നയാൾ ബലപ്രയോഗം നടത്തിയാൽ ഉപയോഗിക്കാനായി കുരുമുളക് സ്‌പ്രേയും കരുതി. അറസ്റ്റിലായ പ്രതികൾ എല്ലാവരും നിരവധി കേസിലെ പ്രതികളാണ്.